നാളികേര കർഷകർക്ക്‌ 
കൈത്താങ്ങേകി 
കോഡൂർ സർവീസ്‌ 
സഹകരണ ബാങ്ക്‌

കേരളമറിഞ്ഞ 
കേരാമൃത്‌

Sunday Mar 14, 2021
ആർ അജയ്‌ഘോഷ്‌


മലപ്പുറം
മാസത്തിലൊരിക്കൽ നാളികേരം ഓട്ടോയിൽ കയറ്റി ചെമ്മങ്കടവിലെ കോക്കനട്ട്‌ കോംപ്ലക്‌സിലേക്ക്‌. പൊതുവിപണിയേക്കാൾ ഒന്നോ രണ്ടോ രൂപ അധികവിലയ്‌ക്ക്‌ തേങ്ങ വിറ്റ്‌ പണമോ വെളിച്ചെണ്ണയോ ആയി മടക്കം. ഒന്നര പതിറ്റാണ്ടിലേറെയായി കോഡൂരുകാരുടെ ജീവിതത്തിന്റെ ഭാഗമാണീ യാത്ര. കേരകർഷകർക്ക്‌ കൈത്താങ്ങേകി നാടിനെ മുന്നോട്ട്‌ നടത്തുകയാണ്‌ കോഡൂർ സർവീസ്‌ സഹകരണ ബാങ്ക്. കേരളമറിയുന്ന ‘കേരാമൃത്‌’ വെളിച്ചെണ്ണയിലൂടെ വിജയവഴിയിലാണീ സഹകരണസ്ഥാപനം. പ്രദേശത്തെ 15 സ്‌ത്രീകളുൾപ്പെടെ 19 പേർക്ക്‌ തൊഴിലുംനൽകി.

കേരകർഷകർ കൂടുതലുള്ള ഗ്രാമത്തിൽ അവർക്ക്‌ സഹായമാവുകയെന്ന ലക്ഷ്യത്തോടെ 2002ലാണ്‌ 45 സെന്റിൽ കോക്കനട്ട്‌ കോംപ്ലക്സ്‌ തുടങ്ങുന്നത്‌. പച്ചത്തേങ്ങ ശേഖരിച്ച്‌ കൊപ്രയാക്കി കേരഫെഡിനും മറ്റ്‌ ഏജൻസികൾക്കും നൽകിയാണ്‌ തുടക്കം. കൃഷിവകുപ്പിന്റെ നോഡൽ ഏജൻസിയായും പ്രവർത്തിച്ചു. വെള്ളിച്ചെണ്ണ ഉൽപ്പാദനം 2005ലാണ്‌ ആരംഭിച്ചത്‌.
80,000 തേങ്ങ കൊപ്രയാക്കാനും 25,000 ലിറ്റർ വെളിച്ചെണ്ണ ഉൽപ്പാദിപ്പിക്കാനും പ്ലാന്റിന്‌ ശേഷിയുണ്ട്‌.

കൺസ്യൂമർഫെഡിനുൾപ്പെടെ വെളിച്ചെണ്ണ എത്തിക്കുന്നു. ത്രിവേണി ബ്രാൻഡിന്റെ പാക്കിങ്ങും ഇവിടെനിന്നാണ്‌. സർക്കാരിന്റെ കിറ്റിലും ‘കേരാമൃത്‌’ ഇടംനേടി. ഉൽപ്പന്നത്തിന്റെ മികച്ച ഗുണനിലവാരത്താൽ മലപ്പുറം, തൃശൂർ, എറണാകുളം, കോഴിക്കോട്‌ ജില്ലക്കാരുടെ പ്രീതിയും പിടിച്ചുപറ്റി.

ആഴ്‌ചയിൽ 10 ടൺ നാളികേരം വൃത്തിയാക്കി കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലേക്കും കൊടുക്കുന്നു‌. 2019–- 20  സാമ്പത്തിക വർഷം 13 കോടിയായിരുന്നു വിറ്റുവരവ്‌. ഈ സാമ്പത്തിക വർഷം ഇതുവരെ 15 കോടി വിറ്റുവരവുണ്ട്‌. വിർജിൻ കോക്കനട്ട്‌ ഓയിൽ, കോക്കനട്ട്‌ പൗഡർ, പിണ്ണാക്കിൽനിന്ന്‌ ബിസ്‌കറ്റ്‌, ചക്ക പ്രോസസിങ് യൂണിറ്റ്‌ എന്നിവയ്‌ക്കുള്ള പദ്ധതി സർക്കാരിന്റെയും നബാർഡിന്റെയും പരിഗണനയ്‌ക്ക്‌ സമർപ്പിച്ചിട്ടുണ്ടെന്ന്‌ ബാങ്ക്‌ പ്രസിഡന്റ്‌ വി പി അനിൽ പറഞ്ഞു.