ഡിസിസി ഓഫീസുകളിലേക്ക്‌ ഇന്ന്‌ ഐഎൻടിയുസി 
പ്രവർത്തകരുടെ മാർച്ച്‌

മൊട്ടയടി, കൂട്ടക്കരച്ചിൽ, രാജി...

Sunday Mar 14, 2021

സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ, ഒരാഴ്‌ചയായി നീറിനിന്ന യുഡിഎഫിലെ പ്രതിഷേധം കൂട്ടയടിക്ക്‌ വഴിമാറി. മൊട്ടയടി, കൂട്ടക്കരച്ചിൽ, തുടരുന്ന രാജി... കോൺഗ്രസിലെയും യുഡിഎഫിലെയും അത്യഗാധമായ പ്രതിസന്ധി അടുത്ത കാലത്തൊന്നും പരിഹരിക്കപ്പെടില്ലെന്ന്‌ ഉറപ്പായി.

കൊട്ടാരക്കരയിൽ 
ചന്ദ്രശേഖരൻ 
വിമതനാകും
സീറ്റ്‌ നിഷേധിച്ചതിൽ പ്രതിഷേധിച്ച്‌ കൊട്ടാരക്കരയിൽ വിമതനായി മത്സരിക്കുമെന്ന്‌ ഐഎൻടിയുസി സംസ്ഥാനപ്രസിഡന്റ്‌  ആർ ചന്ദ്രശേഖരൻ  പ്രഖ്യാപിച്ചു.  കൊല്ലത്ത്‌ എല്ലാ മണ്ഡലത്തിലും വലിയ പ്രതിഷേധം നടക്കുകയാണ്‌. പരവൂരിൽ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസ്‌ പൂട്ടി.  മുനിസിപ്പൽ ചെയർപേഴ്‌സൻ ശ്രീജ ഉൾപ്പെടെ പ്രതിഷേധത്തിന്‌ നേതൃത്വം നൽകി. കുണ്ടറയിൽ പരിഗണിക്കുന്ന വിഷ്‌ണുനാഥിനെതിരെയും കടുത്ത പ്രതിഷേധം നിലവിലുണ്ട്‌.   

പാർടി‌ ചതിച്ചു:‌ 
മോഹൻരാജ്‌
സീറ്റ്‌ നിഷേധിച്ചതിൽ പ്രതിഷേധിച്ച്‌ പത്തനംതിട്ട ഡിസിസി മുൻ പ്രസിഡന്റ്‌ പി മോഹൻരാജ്‌ പാർടിയിൽനിന്ന്‌ രാജിവച്ചു. ആറന്മുളയിൽ സീറ്റ്‌ തരാമെന്ന്‌ പറഞ്ഞ്‌ ചതിച്ചു.  നേതാക്കൾ ഡൽഹിക്ക്‌ യാത്ര തിരിച്ചപ്പോഴും ആറന്മുള സീറ്റ്‌ ഉറപ്പ്‌ നൽകിയിരുന്നതാണ്‌. എന്നാൽ, "ഇത്‌ ചതിയായിപ്പോയി'–- മോഹൻരാജ്‌ പ്രതികരിച്ചു. മറ്റുകാര്യങ്ങൾ പിന്നീട്‌ തീരുമാനിക്കും.

കളമശേരിയിൽ 
മത്സരിക്കാൻ 
അഹമ്മദ്‌ കബീർ
കളമശേരി മണ്ഡലത്തിൽ ലീഗ്‌ സ്ഥാനാർഥി അബ്‌ദുൾ ഗഫൂറിന്‌ വിജയസാധ്യത ഇല്ലെന്ന്‌  ടി എ അഹമ്മദ് കബീർ എംഎൽഎ.  മങ്കടയിൽ സീറ്റ്‌ നിഷേധിച്ച സ്ഥിതിക്ക്‌ തന്റെ നാടായ കളമശേരിയിൽ മൽസരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ 
കൂട്ടരാജി
ഇരിക്കൂറിൽ   സജീവ്‌ ജോസഫിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച്‌  കെപിസിസി ജനറൽ സെക്രട്ടറിയും നാല്‌  കെപിസിസി സെക്രട്ടറിമാരും  യുഡിഎഫ്‌ ജില്ലാ ചെയർമാനും രാജിവച്ചു. ശ്രീകണ്‌ഠപുരത്ത്‌ വാർത്താസമ്മേളനത്തിലാണ്‌ രാജി പ്രഖ്യാപിച്ചത്‌.

ഇരിക്കൂർ കോൺഗ്രസ്‌ സ്ഥാനാർഥിപ്പട്ടികയിൽ  അവസാന നിമിഷംവരെയുണ്ടായിരുന്ന കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്‌റ്റ്യൻ, സെക്രട്ടറിമാരായ ചന്ദ്രൻ തില്ലങ്കേരി, ഡോ. കെ വി ഫിലോമിന, എം പി മുരളി, വി എൻ ജയരാജ്‌, യുഡിഎഫ്‌ ജില്ലാ ചെയർമാൻ പി ടി മാത്യൂ, കെപിസിസി അംഗങ്ങളായ തോമസ്‌ വക്കത്താനം, എൻ പി ശ്രീധരൻ, ചാക്കോ പാലക്കലോടി, ഡിസിസി വൈസ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ ബ്ലാത്തൂർ എന്നിവരാണ്‌ രാജി പ്രഖ്യാപിച്ചത്‌. 21 ഡിസിസി ജനറൽ സെക്രട്ടറിമാർ, ജില്ലയിലെ ഏഴ്‌ ബ്ലോക്ക്‌  പ്രസിഡന്റുമാർ, ഇരിക്കൂർ  നിയോജക മണ്ഡലത്തിലെ എട്ട്‌ മണ്ഡലം പ്രസിഡന്റുമാർ എ ഗ്രൂപ്പുകാരായ മഹിളാ  കോൺഗ്രസ്‌, കർഷകകോൺഗ്രസ്‌, യൂത്ത്‌  കോൺഗ്രസ്‌, കെഎസ്‌യു ഭാരവാഹികൾ എന്നിവരും  രാജിവച്ചു. 

ചൊവ്വാഴ്‌ച ഇരിക്കുർ, ബുധനാഴ്‌ച പേരാവൂർ, വ്യാഴാഴച്‌ കണ്ണൂർ എന്നീ മണ്ഡലങ്ങളിലെ ബൂത്ത്‌ പ്രസിഡന്റുമാരുടെയും  പ്രവർത്തകരുടെയും യോഗം ചേരും. ഇതിനുശേഷം ഈ മണ്ഡലങ്ങളിൽ വിമതരായി മത്സരിക്കുന്ന കാര്യം തീരുമാനിക്കും.അതിനിടെ നിയോജക മണ്ഡലം ഓഫീസിന്‌ മുന്നിലെ രാപ്പകൽ സമര കേന്ദ്രത്തിലെത്തിയ സജീവ്‌ ജോസഫ്‌ അനുകൂലികളായ രണ്ട്‌ പേരെ എ ഗ്രൂപ്പുകാർ ക്രൂരമായി മർദിച്ചു.

കോൺഗ്രസിൽനിന്ന് രാജി പ്രഖ്യാപിച്ച്‌ എ ഗ്രൂപ്പുകാർ ശ്രീകണ്‌ഠപുരത്ത്‌ നടത്തിയ വാർത്താസമ്മേളനം

കോൺഗ്രസിൽനിന്ന് രാജി പ്രഖ്യാപിച്ച്‌ എ ഗ്രൂപ്പുകാർ ശ്രീകണ്‌ഠപുരത്ത്‌ നടത്തിയ വാർത്താസമ്മേളനം

 

ബാബുവിന്‌ സീറ്റ്‌ 
കൊടുത്തത്‌ കാശിറക്കാൻ
അഴിമതിക്കേസിൽ പ്രതിയായ കെ ബാബുവിന്‌ സ്ഥാനാർഥിത്വം നൽകിയത്‌ മുൻ എക്‌സൈസ്‌ മന്ത്രി എന്ന നിലയിൽ എ ഗ്രൂപ്പ്‌ സ്ഥാനാർഥികൾക്ക്‌  ഫണ്ട്‌ പിരിക്കാനും ഒരു നേതാവിനെ പരിശുദ്ധനാക്കാനും  വേണ്ടിയാണെന്ന്‌ കെപിസിസി അംഗം  എ ബി സാബു.

സീറ്റ്‌ നൽകിയില്ലെങ്കിൽ ബിജെപിയിൽ ചേരാൻ കെ ബാബു ധാരണയുണ്ടാക്കിയിരുന്നതായും ഐ ഗ്രൂപ്പ്‌ നേതാക്കളായ എ ബി സാബുവും മുൻ ഡെപ്യൂട്ടി മേയർ കെ ആർ പ്രേമകുമാറും  വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൃപ്പൂണിത്തുറയിൽ യുഡിഎഫ്‌ മൂന്നാം സ്ഥാനത്താകും.  കോൺഗ്രസ്‌ സ്‌ക്രീനിങ്‌ കമ്മിറ്റിക്കു മുന്നിൽ ഹാജരാക്കാൻ വിജിലൻസ്‌ കേസിൽ കുറ്റവിമുക്തനായി എന്ന വ്യാജരേഖ ബാബു തയ്യാറാക്കിയെന്നും  സാബു പറഞ്ഞു.

ഗുരുവായൂരിലും 
രാജി
ഗുരുവായൂർ മണ്ഡലത്തിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഉൾപ്പെടെ നിരവധി പേർ രാജിവച്ചു. കോൺഗ്രസ് ഐ ഒരുമനയൂർ മുൻ മണ്ഡലം പ്രസിഡന്റ്‌ അറയ്ക്കൽ സലീം,  വൈസ് പ്രസിഡന്റ്‌ പി പി മൊയ്‌നുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് രാജി.

ഒല്ലൂരിൽ ഐ ഗ്രൂപ്പ്‌ നേതാവ്‌ ജോസ്‌ വള്ളൂരിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച്‌ ഒരു വിഭാഗം പ്രവർത്തകർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉപരോധിച്ചു.

വട്ടിയൂർക്കാവിൽ 
വൻ പ്രതിഷേധം

വട്ടിയൂർക്കാവിൽ പരിഗണിച്ച കെ പി അനിൽകുമാറിനെതിരെ വൻ എതിർപ്പ്‌ ഉയർന്ന സാഹചര്യത്തിൽ വട്ടിയൂർക്കാവ്‌ ഒഴിവാക്കിയാണ്‌ കോൺഗ്രസ്‌ പട്ടിക പ്രഖ്യാപിച്ചത്‌. കഴക്കൂട്ടം, വർക്കല, വാമനപുരം, കാട്ടാക്കട മണ്ഡലങ്ങളിലും പ്രതിഷേധം തുടരുന്നു. കഴക്കൂട്ടത്ത്‌ വർക്കല കഹാറിന്‌ സീറ്റ്‌ നൽകാത്തതിനെതിരെ 13 മണ്ഡലം പ്രസിഡന്റുമാർ രാജിഭീഷണി മുഴക്കി.

വാമനപുരം മണ്ഡലത്തിൽ രമണി പി നായരെ ഒഴിവാക്കിയതിനെതിരെ മഹിളാ കോൺഗ്രസ്‌  പ്രതിഷേധിച്ചു‌.  നേമത്തെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച്‌ മുപ്പതോളം കുടുംബങ്ങൾ കോൺഗ്രസ്‌ വിടുന്നതായി അറിയിച്ചു.

ആലപ്പുഴയിൽ 
പ്രതിഷേധ പോസ്‌റ്റർ
ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിൽ കോൺഗ്രസ്‌ സ്ഥാനാർഥികൾക്കെതിരെ വൻ പോസ്‌റ്റർ പ്രതിഷേധം.  ഡിസിസി ഓഫീസിനു പരിസരത്തുവരെ ഈ പോസ്‌റ്ററുകൾ നീണ്ടു.

പ്രചാരണത്തിനില്ല:
 റോയി ‌
പീരുമേട്‌ സീറ്റ്‌ നിഷേധിച്ചതിൽ പ്രതിഷേധവുമായി കെപിസിസി ജനറൽ സെക്രട്ടറി റോയി കെ പൗലോസ്‌. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഇറങ്ങില്ലെന്ന്‌‌ അദ്ദേഹം സൂചന നൽകി. അനർഹരായ പലർക്കും സീറ്റ്‌ നൽകിയപ്പോൾ വർഷങ്ങളോളം പാർടിക്ക്‌ വേണ്ടി കഷ്ടപ്പെട്ട തന്നെ തഴഞ്ഞു.