കൊച്ചേട്ടന്‌ ചെയ്യാതെ പോയ വോട്ട്‌

Sunday Mar 14, 2021

‌അൽഭുതപ്പെടേണ്ട, നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ കന്നി വോട്ടാണ്‌, 81–-ാം വയസ്സിൽ. സ്വദേശം ആലപ്പുഴയിലെ ഹരിപ്പാടാണെങ്കിലും ഇരുപത്തിയാറാം വയസ്സു മുതൽ ചെന്നൈയിലായിരുന്നു താമസം. തിരുവനന്തപുരത്തേക്ക്‌ വന്നിട്ട്‌‌ കുറച്ചുവർഷമേ ആയുള്ളു.

തമിഴ്‌നാട്‌ നിയമസഭയിലേക്കാണ്‌ ആദ്യമായി വോട്ട്‌ ചെയ്യുന്നത്‌. എംജിആറിന്റെ പാർടിയും കോൺഗ്രസും ഒരുമിച്ചായിരുന്നു മത്സരം. അന്ന്‌ കോൺഗ്രസിന്റെ സ്ഥാനാർഥിക്ക്‌ വോട്ടുചേയ്യേണ്ടിവന്നു. പിന്നീടൊരിക്കലും കോൺഗ്രസിന്‌ ചെയ്തിട്ടില്ല.

1982ൽ ജ്യേഷ്‌ഠൻ പി ജി തമ്പി ഹരിപ്പാട്ട്‌‌ രമേശ്‌‌ ചെന്നിത്തലയ്‌ക്കെതിരെ സിപിഐ എമ്മിന്റെ സ്ഥാനാർഥിയായി. അന്നുപോലും വോട്ട്‌ ചെയ്യാൻ കഴിഞ്ഞില്ല. വോട്ടുണ്ടാകുമെന്ന‌ ധാരണയിലായിരുന്നു എല്ലാവരും. അതിനാൽ കൊച്ചേട്ടനോ (പി ജി തമ്പി ) പാർടിയോ പേര്‌ ചേർത്തില്ല. അന്ന്‌ ആദ്യമായി സിനിമാ പോസ്റ്റർ സ്‌റ്റൈലിൽ തെരഞ്ഞെടുപ്പ്‌ പോസ്‌റ്റർ ഇറക്കി. ചേട്ടന്റെ മുഖവും അരിവാൾ ചുറ്റിക നക്ഷത്രവുമുള്ള പോസ്‌റ്റർ ചെന്നൈയിൽ നിന്ന്‌ ഞാനാണ്‌ ഡിസൈൻ ചെയ്ത്‌ കൊണ്ടുവന്നത്‌. സിനിമാ നിർമാതാവിന്റെ കള്ളപ്പണം ഹരിപ്പാട്‌ ഒഴുക്കുന്നു എന്നൊക്കെ പ്രചാരണമുണ്ടായി. അന്ന്‌ കൊച്ചേട്ടൻ പരാജയപ്പെട്ടു.

2015- ലെ തദ്ദേശ തെരഞ്ഞെടുപ്പിലാണ്‌ കേരളത്തിൽ ആദ്യ വോട്ട്‌ ചെയ്‌തത്‌. കഴിഞ്ഞ ലോക്‌സഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ട്‌ ചെയ്തു. കാട്ടാക്കട മണ്ഡലത്തിലാണ്‌ വോട്ട്‌. എന്നും ഇടതുപക്ഷത്തിനൊപ്പമാണ്‌. പിണറായി വിജയൻ സ്വന്തം അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്ന തളരാത്ത മുഖ്യമന്ത്രിയാണ്‌. ഏത്‌ ഭരണാധികാരിയും അങ്ങനെയായിരിക്കണം. അതിനാൽത്തന്നെ തുടർഭരണമുണ്ടാകും.
തയ്യാറാക്കിയത്‌: 
നിമിഷ ജോസഫ്‌