രാജിയും കൂട്ടക്കരച്ചിലും...

Saturday Mar 13, 2021
മലമ്പുഴ മണ്ഡലത്തിലെ പുതുശേരിയിൽ കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുന്നു

സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ മണിക്കൂറുകൾമാത്രം ബാക്കിനിൽക്കെ, കോൺഗ്രസിൽ രാജിയും  പ്രതിഷേധ പ്രകടനങ്ങളും രാപകൽ സമരവും കെട്ടിപ്പിടിത്തവും പൊട്ടിക്കരച്ചിലുമൊക്കെ അരങ്ങുതകർക്കുകയാണ്‌.

എവിടെ തുടങ്ങണം, എങ്ങനെ പരിഹരിക്കണമെന്ന്‌ അറിയാതെ നേതൃത്വം അന്ധാളിച്ചുനിൽക്കുന്നു. ലീഗിലും ഇതാദ്യമായി പ്രതിഷേധം പാണക്കാട്ടെത്തി. ഞായറാഴ്‌ച പട്ടിക പുറത്തിറങ്ങുന്നതോടെ പ്രതിഷേധം പൊട്ടിത്തെറിയിലേക്ക്‌ എത്തുമെന്ന്‌ നേതൃത്വം ഭയക്കുന്നു. 

ലീഗുകാർക്ക്‌ വനിത വേണ്ട 

കോഴിക്കോട്ട്‌ ലീഗ്‌ സ്ഥാനാർഥികൾക്കെതിരെ പ്രതിഷേധവുമായി അണികൾ. കൊടുവള്ളിയിൽ എം കെ മുനീറിനെതിരെയും കോഴിക്കോട്‌ സൗത്തിൽ നൂർബിന റഷീദിനെതിരെയുമാണ്‌ പ്രതിഷേധം. മുനീറിന്റെ വീടിനുമുന്നിൽ വെള്ളിയാഴ്‌ച രാത്രി കൊടുവള്ളിയിലെ പ്രവർത്തകർ പ്രതിഷേധിച്ചു. നൂർബിനയ്‌ക്കെതിരെ ലീഗ്‌ സൗത്ത്‌ മണ്ഡലം കമ്മിറ്റി യോഗം ചേർന്നു. പേരാമ്പ്ര സീറ്റ്‌ ലീഗിന്‌ കൊടുക്കുന്നതിനെതിരെ കോൺഗ്രസ്‌ രംഗത്തെത്തി. 17ന്‌ കൺവൻഷൻ ചേർന്ന്‌ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന്‌ പേരാമ്പ്രയിലെ കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞു.

മജീദിനെ മാറ്റണം

തിരൂരങ്ങാടിയിൽനിന്ന്‌  കെ പി എ മജീദിനെ മാറ്റണമെന്നാവശ്യപ്പെട്ട്‌ മണ്ഡലം കമ്മിറ്റി ഭാരവാഹികളടക്കം നൂറോളം പേർ പാണക്കാട്ടെത്തി പ്രതിഷേധിച്ചു.

സംസ്ഥാന പ്രസിഡന്റ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ, ജില്ലാ പ്രസിഡന്റ്‌ സാദിഖലി ശിഹാബ്‌ തങ്ങൾ എന്നിവരെ നേരിൽ കണ്ടാണ്‌ പരാതി ഉന്നയിച്ചത്‌. ഞായറാഴ്‌ച  തീരുമാനം മാറ്റിയില്ലെങ്കിൽ കടുത്ത നിലപാടിലേക്ക്‌ നീങ്ങുമെന്നും‌ മുന്നറിയിപ്പ്‌ നൽകി.
ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി പി ബാവ ഹാജിക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് എടപ്പാളിലെ മാണൂരിൽ  പ്രകടനം നടന്നു. 

സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച്  ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗവും മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുമായ അഷ്റഫ് കോക്കൂർ രാജിവച്ച്‌ പൊന്നാനി മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന്‌ അറിയിച്ചു.

നിലമ്പൂർ മണ്ഡലത്തിൽ ഡിസിസി പ്രസിഡന്റ്‌ വി വി പ്രകാശിന് സീറ്റ് നിഷേധിക്കാനുള്ള നീക്കത്തിൽ  എടക്കര, വഴിക്കടവ്, മൂത്തേടം മണ്ഡലം കമ്മിറ്റികൾ  പ്രതിഷേധം അറിയിച്ചിട്ടുണ്ട്‌. 

ഇരിക്കൂറിൽ രാപകൽ സമരം

ഇരിക്കൂർ  നിയമസഭാ മണ്ഡലത്തിൽ സോണി സെബാസ്റ്റ്യന് സീറ്റ് നിഷേധിച്ചതിൽ  പ്രതിഷേധിച്ച് ശ്രീകണ്ഠപുരത്ത് എ ഗ്രൂപ്പ് നേതാക്കളും പ്രവർത്തകരും കോൺഗ്രസ് ഓഫീസിന്‌ മുന്നിൽ രാപ്പകൽ സമരം ആരംഭിച്ചു. യുഡിഎഫ്‌ കണ്ണൂർ  ജില്ലാ ചെയർമാൻ പി ടി മാത്യു, കെപിസിസി സെക്രട്ടറിയും ശ്രീകണ്‌ഠപുരം നഗരസഭാ ചെയർമാനുമായ കെ വി ഫിലോമിന, യുഡിഎഫ്‌  മണ്ഡലം ചെയർമാൻ  തോമസ് വട്ടത്താനം എന്നിവരുടെ നേതൃത്വത്തിലാണ്‌ സമരം.   ശ്രീകണ്ഠപുരം ടൗണിൽ പ്രകടനവും നടത്തി.  ഇരിക്കൂറില്ലെങ്കിൽ കണ്ണൂർ ജില്ലയിലെ ഒറ്റമണ്ഡലത്തിലും  എ ഗ്രൂപ്പ്‌ മത്സരിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി. ഐ ഗ്രൂപ്പ്‌ നേതാവ്‌ സജീവ്‌ ജോസഫിനെ സ്ഥാനാർഥിയാക്കുന്നതിൽ പ്രതിഷേധിച്ച്‌ കഴിഞ്ഞ ദിവസം എ ഗ്രൂപ്പുകാർ  ഓഫീസ്‌ അടച്ചുപൂട്ടി കരിങ്കൊടി കെട്ടിയിരുന്നു.

പത്തനംതിട്ട പോക്കെന്ന്‌ 

കോൺഗ്രസിലെയും യുഡിഎഫിലെയും അനൈക്യംമൂലം ഇത്തവണയും പത്തനംതിട്ട ജില്ലയിൽ യുഡിഎഫ് വിജയിക്കില്ലെന്ന് ജില്ലാ ചെയർമാൻ കൂടിയായ വിക്ടർ ടി തോമസ് പറഞ്ഞു. തിരുവല്ലയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിക്ടറിനെ ഒഴിവാക്കി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെയാണ്‌ ജോസഫ് വിഭാഗം നേതാവുകൂടിയായ വിക്ടറിന്റെ പരസ്യ പ്രതികരണം.   കോന്നിയിലെയും അടൂരിലെയും കലാപങ്ങൾ ഇനിയും കെട്ടടങ്ങിയില്ല.  

കൊല്ലത്ത്‌ ‌ കണ്ണ‌ീർപ്പുഴ 

കൊല്ലത്ത്‌ ബിന്ദുകൃഷ്‌ണയെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് 11‌ ഡിസിസി ജനറൽ സെക്രട്ടറിമാരും കൊല്ലം ബ്ലോക്ക്‌ പ്രസിഡന്റും ഒമ്പതു മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. പിന്തുണയറിയിച്ച്‌ ഡിസിസി ഓഫീസിൽ എത്തിയ മഹിളാ പ്രവർത്തകർക്കുമുന്നിൽ ബിന്ദുകൃഷ്‌ണ പൊട്ടിക്കരഞ്ഞു.  

കൊല്ലത്തിനു പകരം കുണ്ടറയിൽ മത്സരിക്കാനാണ്‌ ബിന്ദുകൃഷ്‌ണയോട്‌ നേതൃത്വം നിർദേശിച്ചിരിക്കുന്നത്‌. എന്നാൽ, കുണ്ടറ വേണ്ടെന്ന നിലപാടിലാണ്‌ അവർ. കൊല്ലത്ത്‌‌ വിഷ്‌ണുനാഥിനെയാണ്‌ തീരുമാനിച്ചിട്ടുള്ളത്‌.

കളമശേരിയിൽ ഗഫൂറിനെതിരെ പട

പാലാരിവട്ടം പാലം അഴിമതിക്കേസിൽ പ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി ഇ അബ്‌ദുൾ ഗഫൂറിന്റെ സ്ഥാനാർഥിത്വത്തിനെതിരെ ജില്ലയിലെ മുസ്ലിംലീഗിൽ പൊട്ടിത്തെറി. ജില്ലാ പ്രസിഡന്റ്‌ കെ എം അബ്‌ദുൾ മജീദിന്റെയും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ പി അബ്ദുൾ ഖാദറിന്റെയും നേതൃത്വത്തിൽ അഹമ്മദ്‌ കബീർ എംഎൽഎയെ അനുകൂലിക്കുന്ന വിഭാഗമാണ്‌ പരസ്യപ്രതിഷേധത്തിനിറങ്ങിയത്‌.  അഹമ്മദ്‌ കബീർ എംഎൽഎയുടെ കളമശേരിയിലെ വീട്ടിൽ യോഗം ചേർന്ന പ്രതിഷേധക്കാർ അബ്‌ദുൾ ഗഫൂറിന്റെ സ്ഥാനാർഥിത്വം അംഗീകരിക്കില്ലെന്ന്‌ പ്രഖ്യാപിച്ചു.

തൃപ്പൂണിത്തുറയിൽ മുൻമന്ത്രി കെ ബാബുവിനെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ മണ്ഡലത്തിൽ നിന്നുള്ള ഡിസിസി ജനറൽ സെക്രട്ടറിമാർ രാജിവയ്‌ക്കുമെന്ന്‌ യുഡിഎഫ്‌ മണ്ഡലം ചെയർമാൻ ബാബു ആന്റണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.   കോതമംഗലത്ത്‌  സ്ഥാനാർഥി ഷിബു തെക്കുംപുറത്തിനായി  ചുവരെഴുതിയവരെ കോൺഗ്രസ് എ വിഭാഗം ബ്ലോക്ക് സെക്രട്ടറി  പ്രിൻസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം മർദിച്ചു.

മലമ്പുഴയിൽ പ്രകടനം

സ്ഥിരമായി കോൺഗ്രസ്‌ മത്സരിക്കുന്ന മലമ്പുഴ സീറ്റ്‌ ദുർബലമായ ഘടകക്ഷിക്ക്‌ നൽകിയതിൽ മണ്ഡലത്തിൽ കോൺഗ്രസ്‌ പ്രവർത്തകരുടെ വ്യാപക പ്രതിഷേധം. പ്രവർത്തകർ സമാന്തര കൺവൻഷൻ ചേർന്ന്‌ ഡിസിസി ജനറൽ സെക്രട്ടറി എസ്‌ കെ അനന്തകൃഷ്‌ണനെ സ്ഥാനാർഥിയാക്കണമെന്ന് പ്രമേയം പാസാക്കി.

ബിജെപിക്ക്‌ വോട്ട്‌ മറിക്കാനുള്ള രഹസ്യധാരണ അംഗീകരിക്കില്ലെന്ന്‌ പറഞ്ഞാണ്  പ്രവർത്തകർ പ്രകടനം നടത്തിയത്‌. ബിജെപിനേതാക്കളുമായി സാമ്പത്തിക ഇടപാട്‌ നടത്തിയെന്നും മുദ്രാവാക്യം ഉയർന്നു. 

ഒറ്റപ്പാലം സീറ്റ്‌ നൽകാത്തതിൽ ഡോ. പി സരിന്റെ അനുകൂലികൾ ഒറ്റപ്പാലത്ത്‌ പ്രകടനം നടത്തി. ചിറ്റൂരിൽ പി വി രാജേഷിനെ നിശ്‌ചയിച്ചതിലും പ്രതിഷേധം വ്യാപകമായി.