കുഞ്ഞാലിക്കുട്ടി-മജീദ്‌ കമ്പനി സീറ്റ്‌ പങ്കിട്ടു; പാണക്കാട്ട്‌‌ ഭൂകമ്പം

Saturday Mar 13, 2021
പി വി ജീജോ

കോഴിക്കോട് > പാണക്കാട്‌ തങ്ങൾ പ്രഖ്യാപിച്ച സ്ഥാനാർഥിയെ തോൽപ്പിക്കുമെന്ന് തിരൂരങ്ങാടിയിലെ മുസ്ലിംലീഗ്‌ പ്രവർത്തകർ പാണക്കാട്‌ തറവാട്ട്‌ മുറ്റത്തെത്തി പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി കെ പി എ മജീദിന്‌ വോട്ട്‌ ചെയ്യാൻ മനസ്സില്ലെന്ന്‌ അവർ തുറന്നുപറഞ്ഞു. ഈ പ്രതിഷേധം‌ ചരിത്രത്തിലാദ്യം. ഇത്‌ തിരൂരങ്ങാടിയിൽ മാത്രമല്ല; കൊട്ടിഘോഷിച്ച പട്ടിക വന്നപ്പോൾ നാളിതുവരെ കാണാത്ത അമർഷവും അസ്വസ്ഥതയുമാണ് ലീഗിൽ പുകയുന്നത്.

"സി എച്ചിന്റെ മകന് മലപ്പുറത്ത് സീറ്റ് കൊടുത്തില്ല, കോഴിക്കോട്ടെ യൂത്ത്‌ ലീഗ് നേതാക്കൾക്ക് സീറ്റും. ഇവരാരുടെ ബിനാമി സ്ഥാനാർഥികൾ’ സ്ഥാനാർഥി പ്രഖ്യാപനം വന്നയുടൻ ലീഗിൽ ഉയർന്ന പ്രതികരണങ്ങളിലൊന്ന്‌.  പി കെ കുഞ്ഞാലിക്കുട്ടി–- - കെ പി എ മജീദ് കമ്പനി സീറ്റുകൾ പങ്കിട്ടെന്ന വിമർശമാണ് വിവിധ നേതാക്കൾ പ്രകടിപ്പിക്കുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജി അമർഷം പരസ്യമായി പ്രകടിപ്പിച്ചു. പി എം എ സലാമിനെ തഴഞ്ഞതിൽ രോഷവുമായി തിരൂരങ്ങാടിയിൽ നിന്നുള്ള പ്രവർത്തകരാണ് പാണക്കാടെത്തിയത്. പട്ടികയിൽ പേരുവന്ന ടി ഇ അബ്ദുള്ളയെ ഒഴിവാക്കിയതിനെതിരെ കാസർകോടുള്ള എതിർപ്പും ശമിച്ചിട്ടില്ല. മലപ്പുറത്ത് മത്സരിക്കാൻ മോഹിച്ച എം കെ മുനീറിനെ തള്ളി യൂത്ത്‌ലീഗ് നേതാക്കളായ പി കെ ഫിറോസിനും(താനൂർ) നജീബ് കാന്തപുരത്തിനും (പെരിന്തൽമണ്ണ) നൽകിയ സീറ്റ് ബിനാമിയാണെന്ന കടുത്ത ആരോപണം പ്രവർത്തകർ ഉന്നയിക്കുന്നു. പി കെ കുഞ്ഞാലിക്കുട്ടിക്ക് നേരെയാണ് ആരോപണത്തിന്റെ മുന.  

കോഴിക്കോട് സൗത്തിൽനിന്ന് മുനീറിനെ കൊടുവള്ളിക്ക് മാറ്റിയതിലും ഗൂഢാലോചന സംശയിക്കുന്നു. കൊടുവള്ളിയിൽ ഉയരുന്ന പ്രതിഷേധം ഇതിന്റെ സൂചനയാണ്. കോഴിക്കോട്ട്‌ വനിതാ സ്ഥാനാർഥിയെ അടിച്ചേൽപ്പിച്ചെന്ന വികാരവും ശക്തം.
 പി എം എ സലാം, എം എ റസാഖ്, ഉമ്മർ പാണ്ടികശാല, അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവരെല്ലാം അവഗണിക്കപ്പെട്ടിട്ടുണ്ട്. വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകൻ ഗഫൂറിന് കളമശേരി സീറ്റ് നൽകിയത് പെയ്ഡ് സീറ്റാണെന്ന വിമർശവും കനത്തു.