കൂടെ വന്നവരെ *വെട്ടിനിരത്തി‌ ജോസഫ്‌

Saturday Mar 13, 2021
പി സി പ്രശോഭ്‌

കോട്ടയം > സ്ഥാനം മോഹിച്ച്‌ കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗത്തിൽ ലയിച്ചവരെയെല്ലാം വെട്ടിനിരത്തി പി ജെ ജോസഫ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അവസാനം വരെ സീറ്റിനായി പോരാടിയ ജോണി നെല്ലൂർ, സജി മഞ്ഞക്കടമ്പൻ, ജോസഫ്‌ എം പുതുശ്ശേരി, ജോയി എബ്രഹാം എന്നിവരെ തഴഞ്ഞു.

കേരളാ കോൺഗ്രസ്‌ എമ്മിൽ നിന്ന്‌ ജോസഫ്‌ അടർന്നു മാറിയപ്പോൾ മുതൽ കൂടെ നിന്നയാളാണ്‌ ജില്ലാ പ്രസിഡന്റ്‌ കൂടിയായ സജി മഞ്ഞക്കടമ്പൻ. ഇദ്ദേഹത്തെ യുഡിഎഫ്‌ ജില്ലാ ചെയർമാനായി നിയോഗിച്ചാണ്‌ ഒതുക്കിയത്‌. ഏറ്റുമാനൂരിൽ മത്സരിക്കണമെന്ന്‌ മഞ്ഞക്കടമ്പൻ തുടക്കം മുതലേ ആവശ്യപ്പെട്ടിരുന്നു. കോവിഡ്‌ ബാധിച്ചതു മൂലം സ്ഥാനാർഥി ചർച്ചകളിൽ ജോസഫിന്‌ വേണ്ടത്ര ഇടപെടാൻ കഴിയാതിരുന്നതാണ്‌‌ തനിക്ക്‌ സീറ്റ്‌ നഷ്ടപ്പെടാൻ കാരണമെന്ന്‌‌ അദ്ദേഹം പറഞ്ഞു.

ജോസ്‌ കെ മാണിക്കൊപ്പം നിന്ന ജോയി എബ്രഹാമിനെ സീറ്റ്‌ തരാമെന്നു പറഞ്ഞാണ്‌ ജോസഫ്‌ കൂടെക്കൂട്ടിയത്‌. പാർലമെന്ററി രംഗത്ത്‌ മികവ്‌ പോരെന്ന്‌ വിമർശനം നേരിട്ട ജോയി എബ്രഹാമിനെ അവസാന റൗണ്ടിൽ ജോസഫ്‌ ഇടപെട്ട്‌ തഴഞ്ഞു. കേരള കോൺഗ്രസ്‌ ജേക്കബിനെ നെടുകെ പിളർത്തി ജോസഫിനൊപ്പമെത്തിയതാണ്‌ ജോണി നെല്ലൂർ. നെല്ലൂരിനൊപ്പം പോന്നവർക്കാർക്കും സീറ്റില്ല. താൻ സീറ്റ്‌ ആഗ്രഹിച്ചിരുന്നെന്ന്‌‌ ജോണി നെല്ലൂർ പ്രതികരിച്ചു.

തിരുവല്ല സീറ്റ്‌ ആഗ്രഹിച്ച മുൻ എംഎൽഎ ജോസഫ്‌ എം പുതുശ്ശേരിയെയും വിക്ടർ ടി തോമസിനെയും തഴഞ്ഞ്‌ കുഞ്ഞുകോശി പോളിന്‌ സീറ്റ്‌ നൽകി. ചങ്ങനാശേരിക്കായി കടിപിടി കൂടിയ രണ്ടു നേതാക്കളെ പുതിയ പട്ടിക ഞെട്ടിച്ചു.- അന്തരിച്ച മുൻ എംഎൽഎ സി എഫ്‌ തോമസിന്റെ സഹോദരൻ സാജൻ ഫ്രാൻസിസ്‌, ജോസഫ്‌ വിഭാഗം സംസ്ഥാന ട്രഷറർ കെ എഫ്‌ വർഗീസ് എന്നിവരെ തഴഞ്ഞ്‌ വി ജെ ലാലിയെ സ്ഥാനാർഥിയാക്കി‌. ഒഴിവാക്കിയതു സംബന്ധിച്ച്‌ തൽകാലം ഒന്നും പറയുന്നില്ലെന്ന്‌ സാജൻ ഫ്രാൻസിസും ജോസഫ്‌ എം പുതുശ്ശേരിയും‌ പ്രതികരിച്ചു.