സൈബറിടത്തിലും ചുവപ്പിന്റെ ഉറപ്പ്

Thursday Mar 11, 2021

എൽഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഏതാണ്ട്‌ പൂർത്തിയായതും സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണത്തിന്റെ കുത്തൊഴുക്ക്‌. പുതിയ രീതിയിലും വേഗത്തിലും പോസ്‌റ്റും വീഡിയോകളും പറപറക്കുകയാണ്‌.

ഫെയ്‌സ്‌ബുക്‌, വാട്‌സാപ്‌, ഇൻസ്‌റ്റാഗ്രാം, ട്വിറ്റർ, യുട്യൂബ്‌ ഇടങ്ങളിൽ ഇടതുപ്രചാരണം ആദ്യഘട്ടത്തിൽ തന്നെ കൊഴുത്തു. തദ്ദേശതെരഞ്ഞെടുപ്പിൽ പരീക്ഷിച്ച്‌ വിജയിച്ച സൈബർ യുദ്ധതന്ത്രങ്ങൾ രാകിയെടുക്കുകയാണ്‌ പോരാളികൾ.

സ്ഥാനാർഥി പ്രഖ്യാപനം വന്നതും തൃത്താലയിലെ എൽഡിഎഫ്‌ സ്ഥാനാർഥി എം ബി രാജേഷിന്റെ ഇൻട്രോ വീഡിയോ വൻഹിറ്റായി. ബിഗ്‌ ബജറ്റ്‌ സിനിമയുടെ ടീസറിനെ ഓർമിപ്പിച്ച ദൃശ്യങ്ങൾ പുതുതലമുറ ആവേശത്തോടെ ഏറ്റെടുത്തു. തൃത്താലയിലെ യുഡിഎഫ്‌ സ്ഥാനാർഥി സാമൂഹ്യ മാധ്യമങ്ങളിൽ മാത്രം ജീവിക്കുന്ന ആളായതിനാൽ
പ്രതീക്ഷിക്കുന്നത്‌ അസ്സൽ സൈബർ പോരാട്ടം.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സാമൂഹ്യ മാധ്യമ പേജുകൾ നിലവിൽ വൻ ഹിറ്റാണ്‌. നിമിഷങ്ങൾക്കകം ആയിരങ്ങളിലേക്ക്‌ എത്തുന്ന ഇവയിലൂടെ പുറത്തിറക്കുന്ന പോസ്‌റ്ററും വീഡിയോയും വലിയ തോതിൽ ഷെയർ ചെയ്‌ത്‌ പോകുന്നു. എല്ലാ ഇടതു‌ സ്ഥാനാർഥികളും പ്രഖ്യാപനം വന്ന നിമിഷത്തിൽ തന്നെ പോസ്‌റ്ററും വീഡിയോയും പുറത്തിറക്കി. പര്യടനം ഫെയ്‌സ്‌ബുക്‌ ലൈവിലും സജീവമാക്കി.

തദ്ദേശതെരഞ്ഞെടുപ്പ്‌ കാലത്തെ കോവിഡ്‌  പ്രതിസന്ധിയിൽ താഴെക്കിടയിൽ നിന്നുതന്നെയാണ്‌‌ നൂതന പ്രചാരണവഴികൾ തുടങ്ങിയത്‌. വലിയ പരസ്യക്കമ്പനികളുടെ പരസ്യവാചകങ്ങളെ പോലും വെല്ലുന്ന അടിക്കുറിപ്പും പോസ്റ്ററുകളുടെ പ്രത്യേകതയാണ്‌. വികസനമെന്ന ഉറപ്പിൽ ബഹുദൂരം മുന്നേറിയ എൽഡിഎഫിന്‌, സാമൂഹ്യ മാധ്യമ പ്രചാരണത്തിനും അതുതന്നെയാണ്‌ തുറുപ്പ്‌ ചീട്ട്‌.  തുടർ ഭരണം തേടുന്ന സർക്കാർ പദ്ധതികൾ തന്നെയാണ്‌ സൈബർ ലോകത്തും വോട്ടുതേടുന്നത്‌.

എല്ലാ മുന്നണികൾക്കും സൈബർ വാർ റൂമുകൾ സജ്ജമാണ്‌. സ്ഥാനാർഥി പ്രഖ്യാപനത്തോടെ എൽഡിഎഫ്‌ അതിന്റെ കുതിപ്പ്‌ താളം കൂട്ടിയെന്ന്‌ മാത്രം. എല്ലാ മുന്നണികളും ഇറങ്ങുന്നതോടെ, സൈബറിടം ഇരമ്പും.