ചേർത്തല തെക്ക്‌ ഹയർ സെക്കൻഡറി സ്കൂളിലേക്ക്‌ പൂർവവിദ്യാർഥികളാരെങ്കിലും അടുത്തിടെ പോയിട്ടുണ്ടോ ?

Thursday Mar 11, 2021
എം കെ പത്മകുമാർ


ആലപ്പുഴ
ചേർത്തല തെക്ക്‌ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക്‌ പൂർവവിദ്യാർഥികളാരെങ്കിലും അടുത്തിടെ പോയിട്ടുണ്ടോ ? ഇല്ലെങ്കിൽ ഉടൻ പോകണം.  ഒരു പൂർവ വിദ്യാർഥി കഴിഞ്ഞ ദിവസം സ്‌കൂൾ സന്ദർശിച്ചു. ഗ്രാമീണതയുടെ കുളിർകാറ്റും രക്താങ്കിത സമരചരിത്രങ്ങളും  ഊർജസ്രോതസ്സാക്കിയ പ്രിയ എഴുത്തുകാരൻ കെ വി മോഹൻകുമാർ.
മുൻ ഡിപിഐയും ഇപ്പോൾ ഭക്ഷ്യസുരക്ഷാ കമീഷണറുമായ അദ്ദേഹം കണ്ടതെന്തൊക്കെയാ ?

സ്‌കൂളും പരിസരവും കൃത്യമായി നിരീക്ഷിക്കാൻ കഴിയുന്ന ക്യാമറകളുടെ ശൃംഖല ആദ്യം ശ്രദ്ധയിൽ പെട്ടു. ക്യാമറ വച്ച്‌ നിരീക്ഷിക്കാൻ പാകത്തിന്‌ സ്‌കൂളിലും പരിസരത്തും എന്തുണ്ടായി. ആ കഥയാണ്‌ ഇനി മോഹൻകുമാറിന്‌ പറയാനുള്ളത്‌. അന്ന്‌ കല്ലു പെൻസിലും സ്ലേറ്റുമായി  ചെന്ന്‌ ‌ കയറിയത്‌ ഓലക്കെട്ടിടത്തിലെ മൂന്നാം ക്ലാസിലേക്ക്‌.  ഇന്ന്‌ ശിരസ്സുയർത്തി  നടന്നുകയറിയത്‌ ഹൈടെക്‌ സ്കൂളിലേക്ക്. അരീപ്പറമ്പിൽ  1921ൽ തുടങ്ങിയതാണ്‌ ഈ പള്ളിക്കൂടം. ആവശ്യത്തിന്‌ ക്ലാസ്‌ മുറിയില്ലാത്തതിനാൽ  ഷിഫ്റ്റ്‌ സമ്പ്രദായമായിരുന്നു. അസൗകര്യങ്ങൾ വിദ്യാർഥികളെ അകറ്റിയതും ചരിത്രം.

എന്നാൽ, ചിത്രം മാറിയിരിക്കുന്നു.  ഹയർ സെക്കൻഡറിക്ക്‌ കിഫ്‌ബിയിൽനിന്ന്‌ മൂന്നു കോടി മുടക്കി അത്യാധുനിക കെട്ടിടം. ആധുനിക ക്ലാസ്‌ മുറികൾ, ലാബുകൾ. പുതിയ ശുചിമുറികൾ. 2.02 കോടി പ്ലാൻ ഫണ്ടുപയോഗിച്ച്‌ ഹൈസ്കൂൾ വിഭാഗത്തിനും സമാനമായ മാറ്റം. ജില്ലാ പഞ്ചായത്ത്‌ ഫണ്ടുപയോഗിച്ച്‌  ഓഡിറ്റോറിയവും‌. പൂർവ വിദ്യാർഥികൾ പ്രീ പ്രൈമറി ക്ലാസുകൾ എയർ കണ്ടീഷനുമാക്കി. ഇതോടെ  ഫെഡറൽ ബാങ്ക്‌ 18 നിരീക്ഷണ ക്യാമറയും സ്ഥാപിച്ചു.

ആലപ്പുഴയിൽനിന്ന്‌ മോഹൻകുമാർ അരീപ്പറപ്പറമ്പിലെ അമ്മ വീട്ടിലേക്ക്‌ താമസം മാറിയത് അച്ഛൻ വേലായുധൻ പിള്ളയുടെ മരണത്തെത്തുടർന്നാണ്‌‌. ജെ ലളിതഭായ്‌ ടീച്ചറുടെ ക്ലാസിലായിരുന്നു തുടക്കം.  നാലിൽ പഠിക്കുമ്പോൾ എഴുതിയ ‘വിശപ്പ്‌’  കഥയിലെ ഹരിശ്രീ. ഏഴിൽ  വച്ചെഴുതിയ ‘അത്യാഗ്രഹത്തിന്റെ ഫലം’അച്ചടി മഷി പുരണ്ടു. പത്രപ്രവർത്തകനായി പിന്നെ സർക്കാർ സർവീസിലെത്തി, ഐഎഎസ്‌ ഉദ്യോഗസ്ഥനായി.

വയലാർ അവാർഡ്‌, കേരള സാഹിത്യ അക്കാദമി അവാർഡ്‌ ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്‌. പുന്നപ്ര–-വയലാർ സമരചരിത്രം പറഞ്ഞ പ്രശസ്തമായ ‘ഉഷ്ണരാശി’ ഉൾപ്പെടെയുള്ള നിരവധി നോവലുകളും ചെറുകഥകളും എഴുതിയിട്ടുണ്ട്‌.