രണ്ടാമങ്കത്തിൽ മണ്ഡലം നിറഞ്ഞ്‌ സ്വരാജ്

Thursday Mar 11, 2021

തൃപ്പൂണിത്തുറ
സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന എ പി വർക്കിയുടെയും മുൻമന്ത്രി ടി കെ രാമകൃഷ്‌ണന്റെയും  സ്‌മൃതിമണ്ഡപങ്ങളിൽ പുഷ്‌പമർപ്പിച്ച്‌ തൃപ്പൂണിത്തുറയിൽ അഡ്വ. എം സ്വരാജിന്റെ രണ്ടാമങ്കത്തിന്‌ തുടക്കം. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ പതാകയേന്തി ഒന്നാമങ്കത്തിൽ യുഡിഎഫ്‌ കോട്ട തകർത്ത യുവപോരാളിയെ ഹൃദയത്തിൽ സ്വീകരിച്ച്‌  രാജനഗരം. പോയ അഞ്ചുവർഷം മണ്ഡലത്തിലാകെ യാഥാർഥ്യമായ എണ്ണമറ്റ പദ്ധതികളെ മുൻനിർത്തി  വികസന തുടർച്ചയ്‌ക്കാണ്‌ വോട്ടുതേടുന്നത്‌.

സ്ഥാനാർഥി പ്രഖ്യാപനത്തിന്‌ പിന്നാലെ  തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ തുടക്കം കുറിക്കാൻ എ പിയുടെയും ടി കെയുടെയും സ്‌മൃതികുടീരങ്ങളിൽ സ്വരാജ്‌ എത്തി‌.  സിപിഐ എം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി ഓഫീസായ പി കെ കേശവൻമന്ദിരത്തിലെ എ പി സ്മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചനയ്‌ക്കുശേഷം  എരൂരിൽ ടി കെ സ്മൃതി മണ്ഡപത്തിലെത്തി.   തുടർന്ന്‌ ടി കെ രാമകൃഷ്ണന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും കണ്ടു. സാഹിത്യകാരനും എഡ്രാക് ചെയർമാനുമായ കെ എ ഉണ്ണിത്താനെ സന്ദർശിച്ചശേഷം പുലിയന്നൂർ മനയിലും മുൻ നഗരസഭാ ചെയർമാൻ അന്തരിച്ച ഇ കണ്ണപ്പന്റെ വീട്ടിലുമെത്തി.

മറ്റൊരു നിയോജക മണ്ഡലത്തിനും സാധ്യമാകാത്തത്ര വികസനപദ്ധതികളാണ്‌ തൃപ്പൂണിത്തുറയിൽ യാഥാർഥ്യമാക്കാനായതെന്ന്‌ സ്വരാജ്‌ പറഞ്ഞു. അഞ്ചുവർഷംകൊണ്ട് 2600 കോടി രൂപയുടെ വികസനപദ്ധതി കൊണ്ടുവരാനായി. പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തെ കാത്തുരക്ഷിച്ച എൽഡിഎഫിന്റെ തുടർഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും എം സ്വരാജ് പറഞ്ഞു. എരൂരിൽ പെൻഷൻകാരുടെ സംഗമത്തിലും നെട്ടൂരിൽ അടുപ്പുകൂട്ടി സമരത്തിലും പങ്കെടുത്ത സ്വരാജ്‌, ഇടക്കൊച്ചിയിൽ മത്സ്യത്തൊഴിലാളി സംഗമത്തിലും എത്തി.

മികച്ച നിയമസഭാംഗമായി തിളങ്ങിയതിന്റെ പെരുമകൂടി മണ്ഡലത്തിന്‌ ചാർത്തിയാണ്‌ സ്വരാജ്‌ വീണ്ടുമൊരവസരത്തിന്‌ വോട്ടർമാരെ സമീപിക്കുന്നത്‌. സഭയിലെന്നപോലെ ചാനൽ ചർച്ചകളിലും ആളിക്കത്തുന്ന പോരാളിയെ ഇഷ്‌ടപ്പെടുന്നവരേറെ. മലപ്പുറത്തുനിന്നെത്തി ക്ഷേത്രനഗരത്തിൽ സ്ഥിരതാമസമാക്കിയ സ്വരാജ്‌ പോയ അഞ്ചുവർഷവും മണ്ഡലത്തിന്റെ സ്‌പന്ദനങ്ങൾക്കൊപ്പമുണ്ടായിരുന്നു.  പൊതുപ്രവർത്തനത്തിനൊപ്പം എഴുത്തും വായനയും ഇഷ്‌ടപ്പെടുന്ന സ്വരാജിന്റെ ലേഖനസമാഹാരങ്ങളും ഒരു കവിതാസമാഹാരവും യാത്രാവിവരണവും പുസ്‌തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മലപ്പുറം പതാറിൽ സുമാനിവാസിൽ പി എൻ മുരളീധരന്റെയും പി ആർ സുമംഗിയമ്മയുടെയും മകനാണ്‌.  ഭാര്യ: സരിത.