ജനഹൃദയങ്ങളിലൂടെ‌
ആന്റണി ജോൺ

Thursday Mar 11, 2021


കോതമംഗലം
സൗഹൃദങ്ങൾ ചേർത്തുവച്ച്‌, നാടിന്റെ അരുമയായ ആന്റണി ജോൺ വീണ്ടും ജനഹൃദയങ്ങളിലേക്ക്‌. ബുധനാഴ്ച രാവിലെ സ്ഥാനാർഥിപ്രഖ്യാപനം വന്ന ഉടനെ നഗരത്തിലെ കടകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിൽക്കണ്ട് പര്യടനത്തിന് തുടക്കംകുറിച്ചു. പാർടി ഓഫീസായ എ കെ ജി സെന്ററിൽനിന്നായിരുന്നു പര്യടന തുടക്കം. 20 കോടി ചെലവിൽ നവീകരണം നടക്കുന്ന കോതമംഗലം താലൂക്ക്‌ ആശുപത്രിയിൽ എത്തിയപ്പോൾ രോഗികളും കൂട്ടിരിപ്പുകാരും ആന്റണിയെ സ്വീകരിക്കാനെത്തി. വ്യാപാരസ്ഥാപനങ്ങൾ, പഴയ റവന്യൂ ടവറിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾ, ബസ് സ്‌റ്റാൻഡ്‌ എന്നിവിടങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും വോട്ട്‌ അഭ്യർഥിച്ചു. എൽഡിഎഫ് നേതാക്കളും ജനപ്രതിനിധികളും സ്ഥാനാർഥിക്കൊപ്പമുണ്ടായി.

രണ്ടാംവട്ടമാണ്‌ ആന്റണി ജോൺ ജനവിധി തേടുന്നത്‌. കോഴിപ്പിള്ളി കുമ്പപ്പിള്ളിൽ കെ എം ജോണിയുടെയും ലില്ലിയുടെയും മകൻ. എംകോം ബിരുദധാരി. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌, ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ സെക്രട്ടറി, എംഎ കോളേജ്‌ വിദ്യാർഥി യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. സിപിഐ എം കോതമംഗലം വെസ്‌റ്റ്‌ ലോക്കൽ കമ്മിറ്റി അംഗമാണ്‌.  കോതമംഗലം എംഎ എൻജിനിയറിങ്‌ കോളേജ്‌ അസി. പ്രൊഫസർ സ്‌റ്റെഫി ആന്റണിയാണ്‌ ഭാര്യ. മക്കൾ: ആലീസ് ആന്റണി‌, ജോൺ ആന്റണി.