പാട്ടുപോലൊരു ദലീമ

Thursday Mar 11, 2021

അരൂർ
പാട്ടിന്റെ ഈണവും താളവുമായി പൊതുരംഗത്തേക്ക്‌ വന്ന ദലീമ തെരഞ്ഞെടുപ്പ്‌ ഗോദയിൽ ആദ്യമല്ല. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത്‌ അരൂർ ഡിവിഷനിൽ ജയിച്ച്‌ ജില്ലാ പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റായി‌. 2020ലും വിജയം ആവർത്തിച്ച്‌ അതേ സ്ഥാനത്ത്‌. 

എസ് ജാനകിയുടേത്‌ പോലെ മാധുര്യമുള്ള ശബ്ദമാണ്‌ ദലീമയ്‌ക്കും‌. യേശുദാസ്, ചിത്ര, എം ജി ശ്രീകുമാർ, ബിജു നാരായണൻ എന്നിവർക്കൊപ്പം പാടി. നിരവധി നാടകങ്ങളിലും പിന്നണിപാടി. 2000, 2003, 2008 വർഷങ്ങളിൽ മികച്ച ഗായികയ്‌ക്കുള്ള  സംഗീതനാടക അക്കാദമി അവാർഡ് നേടി.  കല്യാണപ്പിറ്റേന്ന് സിനിമയിൽ "തെച്ചിമലർ കാടുകളിൽ’ കൃഷ്‌ണഗുഡിയിൽ ഒരു പ്രണയകാലത്തിൽ  "മഞ്ഞുമാസപ്പക്ഷി.. കിളി തൂവൽ കൂടുണ്ടോ,  നീ വരുവോളം ചിത്രത്തിലെ "ഈ തെന്നലും തിങ്കളും’ ഗാനങ്ങളും ഏറെ ഹിറ്റായി. ഫാ. അലക്‌സ്‌ പയ്യപ്പള്ളി രചിച്ച്‌ ബേണി ഇഗ്നേഷ്യസ്‌ സംഗീതം നൽകിയ മിശിഹാചരിത്രം ഭക്തിഗാന ആൽബവും ശ്രദ്ധേയമായി.

ദൂരദർശനിലെ സ്‌മരണാഞ്ജലിയിൽ സ്ഥിരം ഗായികയായിരുന്നു.   ആലപ്പുഴ എഴുപുന്ന ആറാട്ടുകുളം പരേതരായ തോമസ് ജോണിന്റെയും അമ്മിണിയുടെയും 11 മക്കളിൽ ഇളയവളാണ്.   മദ്രാസിൽനിന്ന് ഗാനഭൂഷണം വിജയിച്ചു. ഞാറയ്‌ക്കൽ ടാലന്റ് മൂസിക് സ്‌കൂളിൽ സംഗീത അധ്യാപികയായിരുന്നു. സംഗീത അധ്യാപകനായ അരൂർ പൂജപ്പുര ജോഡെയ്ൽ വീട്ടിൽ ജോജോയാണ് ഭർത്താവ്. മക്കൾ: ആർദ്ര, കെൻ.