രണ്ടാം ഭാഗവും ഹിറ്റാക്കാൻ മുകേഷ്‌

Thursday Mar 11, 2021


കൊല്ലം
‘എന്തുകൊണ്ട്‌ സൂപ്പർസ്റ്റാർ ആയില്ല’? മമ്മൂട്ടി–-മോഹൻലാൽ അച്ചുതണ്ടിൽ മലയാള സിനിമ കറങ്ങുന്ന സമയത്ത്‌ നിരവധി ബ്ലോക്ക്‌ബസ്റ്ററുകൾ സമ്മാനിച്ച മുകേഷിന്‌ പല അഭിമുഖങ്ങളിലും നേരിടേണ്ടി വന്ന ചോദ്യമാണ്‌. റോളിനുവേണ്ടി ആരെയും സമീപിച്ചിട്ടില്ലെന്നും കിട്ടുന്ന റോളുകൾ ആത്മാർഥമായി ചെയ്യുന്ന ആളാണ്‌ താൻ എന്നുമായിരുന്നു നടന്റെ മറുപടി.

സ്വതസിദ്ധമായ ഹാസ്യവുമായി മുകേഷ്‌ നിറഞ്ഞാടിയപ്പോൾ റാംജിറാവ്‌ സ്പീക്കിങ്‌, ഇൻ ഹരിഹർനഗർ, ഗോഡ്‌ഫാദർ, മുത്താരംകുന്ന്‌ പിഒ തുടങ്ങിയവ തിയറ്ററുകളിൽ നിറഞ്ഞോടി. രാഷ്‌ട്രീയത്തിലും ഇതുതന്നെയാണ്‌ മുകേഷ്‌. എംഎൽഎ എന്ന റോളിൽ  മികച്ച പ്രവർത്തനം കാഴ്‌ചവച്ചതിനുശേഷമാണ്‌ രണ്ടാം അങ്കത്തിനിറങ്ങുന്നത്‌. നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള ആദ്യനാളുകളിൽ ‘ഗസ്റ്റ്‌ എംഎൽഎ’ എന്ന്‌ വിളിച്ച്‌ എതിരാളികൾ ആക്ഷേപിക്കാൻ ശ്രമിച്ചപ്പോൾ മുഴുനീള സാന്നിധ്യമായി നിറഞ്ഞുനിന്നാണ്‌ എംഎൽഎ മറുപടി നൽകിയത്‌.


 

പെരുമൺ നിവാസികളുടെ അരനൂറ്റാണ്ട്‌ കാലമായുള്ള ആവശ്യമായ പെരുമൺപാലം, കൊല്ലം നഗരത്തിലെ ഭൂ–-ഭവനരഹിതരായ അലക്കുകുഴി നിവാസികൾക്കായി ഫ്ലാറ്റ്‌, ആശ്രാമത്ത്‌ ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം, നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന സൗന്ദര്യവൽക്കരണ പദ്ധതികൾ, തങ്കശേരി ബ്രേക്ക്‌ വാട്ടർ പദ്ധതി, കൊല്ലം തുറമുഖ വികസനം എന്നിങ്ങനെ സർവതല സ്പർശിയായ വികസനം സാധ്യമാക്കിയാണ്‌ രണ്ടാംഭാഗവും സൂപ്പർഹിറ്റാക്കാൻ താരം ഇറങ്ങുന്നത്‌.നാടകനടനും സംവിധായകനുമായ ഒ മാധവന്റെയും നാടകനടി വിജയകുമാരിയുടെയും മകനാണ്‌. കേരള സംഗീത നാടക അക്കാദമി ചെയർമാനുമായിരുന്നു.