ആറ്‌ കെപിസിസി ജനറൽ സെക്രട്ടറിമാരുമായി സുരേന്ദ്രന്റെ രഹസ്യചർച്ച

കോൺഗ്രസിൽ ഒളിപ്പോര്‌ , 
തക്കംപാർത്ത്‌ ബിജെപി

Tuesday Mar 9, 2021
പ്രത്യേക ലേഖകൻ


തിരുവനന്തപുരം
കെപിസിസി അധ്യക്ഷസ്ഥാനം  കൈവിട്ടുപോകാതിരിക്കാനുള്ള പെടാപ്പാടിൽ മുല്ലപ്പള്ളി രാമചന്ദ്രൻ. കെ സി ജോസഫിനും കെ ബാബുവിനും സീറ്റിന്‌ സമ്മർദം ചെലുത്തി ഉമ്മൻചാണ്ടി. മുല്ലപ്പള്ളിയെ ഏതുവിധേനയും മത്സരക്കളത്തിലിറക്കി പ്രസിഡന്റ്‌ സ്ഥാനം കൈയാളാനുള്ള തന്ത്രവുമായി കെ സുധാകരൻ. സീറ്റ്‌ ചർച്ചകളിൽ സജീവമാകാതെ കെ മുരളീധരൻ.  ഒളിപ്പോരിൽ ഉലഞ്ഞ്‌ കോൺഗ്രസ്‌ സ്ഥാനാർഥി നിർണയം കരയ്‌ക്കടുക്കാതെ നീളുമ്പോൾ മുസ്ലിംലീഗിലും കേരള കോൺഗ്രസിലും നിരാശ. 

കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ്‌, പന്തളം സുധാകരന്റെ അനുജനും കെപിസിസി സെക്രട്ടറിയുമായ പന്തളം പ്രതാപൻ എന്നിവർക്ക്‌‌ പിന്നാലെ കൂടുതൽ പേർ ബിജെപിയിലേക്ക്‌ ചേക്കേറാൻ തയ്യാറെടുക്കുകയാണ്‌. ആറ്‌ ജനറൽ സെക്രട്ടറിമാരുമായി ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ രഹസ്യ ചർച്ച നടത്തി. സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നശേഷം കൂടുതൽ ആശയവിനിമയത്തിന്‌ തയ്യാറാണെന്ന്‌ പലരും അറിയിച്ചു. കെ സുരേന്ദ്രൻ ക്ഷണിച്ചതായി വിജയൻ തോമസ്‌  വെളിപ്പെടുത്തി. എൽഡിഎഫിന്‌ തുടർ ഭരണമെന്ന്‌ നിരന്തരം പുറത്തുവരുന്ന സർവേ ഫലങ്ങളും യുഡിഎഫ്‌ വിടാൻ പലരെയും പ്രേരിപ്പിക്കുന്നു.


 

കോൺഗ്രസ്‌ സ്ഥാനാർഥിനിർണയം ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവർ തമ്മിലുള്ള സമവായ ചർച്ചയിലൊതുങ്ങി. സ്‌ക്രീനിങ്‌ കമ്മിറ്റി, പത്തംഗ തെരഞ്ഞെടുപ്പ്‌ സമിതി എന്നിവ തീർത്തും അപ്രസക്തമായി. പ്രവർത്തകരെ ഇരുട്ടിൽ നിർത്തിയുള്ള കരുനീക്കങ്ങൾക്കിടെ വേണ്ടപ്പെട്ടവരെ പട്ടികയിൽ തിരുകിക്കയറ്റാൻ എംപിമാർ നേരിട്ടിറങ്ങി. ടി എൻ പ്രതാപൻ, അടൂർ പ്രകാശ്‌, കൊടിക്കുന്നിൽ സുരേഷ്‌, ഹൈബി ഈഡൻ എന്നിവർ സജീവമാണ്‌.  

  മത്സരിക്കാനില്ലെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിക്കുന്നുണ്ടെങ്കിലും ഹൈക്കമാൻഡ്‌ ആവശ്യം ശക്തമാക്കിയാൽ മുല്ലപ്പള്ളി വഴങ്ങാതെ വഴിയില്ല.  മുല്ലപ്പള്ളി കണ്ണൂരിൽ മത്സരിക്കണമെന്നാണ്‌ കെ സുധാകരന്റെ ആവശ്യം. കൽപ്പറ്റ അടക്കം ചില സീറ്റുകളിൽ മുല്ലപ്പള്ളി നേരത്തേ നോട്ടമിട്ടെങ്കിലും എതിർപ്പ്‌ ഉയർന്നതിനെ തുടർന്ന്‌ പിൻവാങ്ങി. കണ്ണൂരിലേക്ക്‌ കെ സുധാകരൻ സ്വാഗതം ചെയ്‌തെങ്കിലും മുല്ലപ്പള്ളിക്ക്‌  വിശ്വാസം പോര. കെപിസിസി പ്രസിഡന്റ്‌ സ്ഥാനം അടഞ്ഞ അധ്യായമാണെന്ന്‌ കെ സുധാകരൻ പറയുമ്പോഴും മുല്ലപ്പള്ളിയെ ഇറക്കാനുള്ള നീക്കം അണിയറയിൽ ശക്തമാണ്‌‌.

കെ സി ജോസഫിനും കെ ബാബുവിനും വേണ്ടി ഉമ്മൻചാണ്ടി അപ്രതീക്ഷിത നീക്കമാണ്‌ നടത്തിയത്‌. ഇരിക്കൂറിൽനിന്ന്‌ ചങ്ങനാശ്ശേരി നോട്ടമിട്ട്‌ രംഗത്തുവന്ന കെ സി ജോസഫിന്‌ കാഞ്ഞിരപ്പള്ളി സീറ്റ്‌ നൽകണമെന്നാണ്‌ ഉമ്മൻചാണ്ടിയുടെ ആവശ്യം. കെ ബാബുവിനെ‌ തൃപ്പൂണിത്തുറയിൽ നിർത്തണമെന്നാണ്‌ ഉമ്മൻചാണ്ടിയുടെ വാദം.

ഇതിനിടെ യുഡിഎഫ്‌ സീറ്റ്‌ ചർച്ച പരിഹാരമാകാതെ തുടരുകയാണ്‌. കേരള കോൺഗ്രസ്‌ ജോസഫ്‌ പക്ഷവുമായി ഒരു ചർച്ചയും നടക്കുന്നില്ല. 13 സീറ്റ്‌ ചോദിച്ച ജോസഫിനെ അവസാന നിമിഷം ഒമ്പത്‌ സീറ്റിൽ ഒതുക്കാനാണ്‌ നീക്കം. കോൺഗ്രസ്‌ പട്ടിക വന്ന ശേഷമേ മുസ്ലിംലീഗ്‌ സ്ഥാനാർഥിനിർണയത്തിൽ വ്യക്തത വരികയുള്ളൂ.