വോട്ടുപെട്ടിയിൽ മനോരമയുടെ കള്ളത്താക്കോൽ

Tuesday Mar 9, 2021


തെരഞ്ഞെടുപ്പ് കാലമായാൽ മലയാള മനോരമയുടെ വ്യാജവാർത്തയ്‌ക്ക്‌ വീര്യം കൂടും. പണ്ടുമുതലെ ഇത്തരം വിഷവാർത്തകൾ അവർക്ക്‌ പ്രീയമാണെങ്കിലും സാമൂഹ്യ മാധ്യമങ്ങളുടെ കാലത്ത്‌, നുണപ്രചാരണം പണ്ടേപോലെ  ഇപ്പോൾ ഏശുന്നില്ലെന്നുമാത്രം. പണ്ട്‌ വോട്ടിട്ട്‌ ബാലറ്റുപെട്ടിയിലാണല്ലോ സൂക്ഷിക്കുക. അത്തരം ബാലറ്റ്‌ പെട്ടി തുറക്കാൻ കമ്യൂണിസ്‌റ്റുകാർ കള്ളത്താക്കോൽ ഉണ്ടാക്കിയെന്നാണ്‌ 1960ൽ മനോരമ നൽകിയ ഞെട്ടിക്കുന്ന വാർത്ത. താക്കോൽ ഒന്നും രണ്ടുമല്ല എട്ടെണ്ണം ഉണ്ടാക്കിയത്രെ! പോരാത്തതിന്‌ താക്കോലുണ്ടാക്കിയ ആളുടെ അഭിമുഖവും ചേർത്തു. 

സി അച്യുതമേനോനായിരുന്നു 1960ൽ ഇരിങ്ങാലക്കുടയിൽ കമ്യൂണിസ്റ്റ് പാർടി സ്ഥാനാർഥി. എതിരാളി പിഎസ്‌പിയുടെ പി അച്യുതമേനോനും. തെരഞ്ഞെടുപ്പ്‌ ജോലിയിലുള്ള  കമ്യൂണിസ്റ്റുകാരായ ഉദ്യോഗസ്ഥർ ബാലറ്റ് പെട്ടി കള്ളത്താക്കോൽകൊണ്ട് തുറന്ന് കൃത്രിമം കാട്ടി എന്നായിരുന്നു മനോരമയുടെ കഥ. കിഴുത്താണി സ്വദേശിയായ കരുവാൻ നാരായണനാണത്രെ താക്കോൽ നിർമിച്ചത്‌. ഇയാളുടെ അഭിമുഖവുമുണ്ട്‌ വാർത്തയിൽ. ബാലറ്റുപെട്ടികൾ തുറക്കാൻ എട്ടു താക്കോൽ പണിയിച്ചതിന്‌ തെളിവുണ്ടെന്നും തട്ടിവിട്ടു.

ബാലറ്റ്‌ പെട്ടി തുറക്കാൻ താക്കോൽ വേണ്ടായൊന്നും മനോരമ ഓർത്തില്ല. ഗംഭീരമായി അച്ചടിച്ചുവന്ന ശേഷമാണ്‌ അക്കിടി മനസ്സിലായത്‌.  പക്ഷേ, ഒരാഴ്ച നുണ തിരുത്താതെ പിടിച്ചു നിന്നു. വായനക്കാരുടെ പ്രതിഷേധം കനത്തപ്പോൾ കത്തുകൾ  എന്ന അപ്രധാനമായി തിരുത്ത്‌ പ്രസിദ്ധീകരിച്ചു. ടി ആർ ജോണി എന്നയാളുടെ പേരിലുള്ള കത്ത്‌ ഇങ്ങനെ:  ‘‘ഫെബ്രുവരി അഞ്ചാം തീയതിയിൽ മലയാള മനോരമയിൽ ഇരിങ്ങാലക്കുടയിൽ ബാലറ്റുപെട്ടികൾക്ക്  കള്ളത്താക്കോലുകൾ ഉണ്ടാക്കി എന്നുള്ള വാർത്ത കാണുന്നു. വാസ്തവത്തിൽ ഇത് രസകരമായ റിപ്പോർട്ടാണ്. കാരണം ബാലറ്റുപെട്ടികൾക്ക്‌ താക്കോലില്ല എന്നതുതന്നെ’’

ഈ കത്തിന് താഴെ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ പത്രാധിപർ ഇങ്ങനെയൊരു കുറിപ്പും ചേർത്തു. ‘ഫെബ്രുവരി അഞ്ചാം തീയതിയിലെ  മനോരമയിൽ ബാലറ്റുപെട്ടികൾതുറക്കുന്ന വിധത്തെ സംബന്ധിച്ച് പിശകായ വാർത്ത പ്രസിദ്ധീകരിക്കാനിടയായതിൽ ഖേദിക്കുന്നു. കഴിഞ്ഞു നുണക്കഥയിലെ പശ്‌ചാത്താപം; തലയൂരുന്നതിലെ മെയ്‌വഴക്കത്തിനുമാത്രം ഇപ്പോഴും മാറ്റമില്ല എന്നത്‌ മറ്റൊരു കാര്യം.

(അന്നത്തെ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്‌റ്റ്‌ പാർടി സ്ഥാനാർഥി സി അച്യുത മേനോൻ വിജയിച്ചു എന്നത്‌ മറ്റൊരു കാര്യം)