2000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ്‌ സംസ്ഥാനത്തേക്ക്‌ 
സ്‌റ്റാർട്ടപ്പുകൾ കൊണ്ടുവന്നത്

സ്‌റ്റാർട്ടായി സ്‌കൂട്ടാവില്ല ഉറപ്പ്‌

Tuesday Mar 9, 2021
ശ്രീരാജ്‌ ഓണക്കൂർ


കൊച്ചി
നവീന ആശയങ്ങൾക്ക്‌ കൈത്താങ്ങായി മൂവായിരത്തോളം സ്‌റ്റാർട്ടപ്പുകളെ ഒരു കുടക്കീഴിലാക്കി മുന്നേറുകയാണ്‌ കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്‌യുഎം).  അഞ്ചു വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്‌തത്‌ 2900 സ്‌റ്റാർട്ടപ്പാണ്‌. 2000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ്‌ സംസ്ഥാനത്തേക്ക്‌ സ്‌റ്റാർട്ടപ്പുകൾ കൊണ്ടുവന്നത്‌.

നാല്‌ ലക്ഷം ചതുരശ്രയടി വിസ്‌തീർണമുള്ള ഇൻക്യുബേഷൻ സെന്ററാണ്‌ യുവ സ്‌റ്റാർട്ടപ്പുകൾക്കായി ഒരുക്കിയിട്ടുള്ളത്‌. നാൽപ്പത്‌ ഇൻക്യുബേറ്ററും 280 മിനി ഇൻക്യുബേറ്ററും ഫ്യൂച്ചർ ടെക്‌നോളജി ലാബുകളും ഐഒടി ലാബുകളും എംഐടി സൂപ്പർ ഫാബ്‌ലാബുകളും സജ്ജമാക്കിയിട്ടുണ്ട്‌. മിനി ഫാബ്‌ലാബുകൾ ഉൾപ്പെടെ 22 ഫാബ്‌ലാബും വിവിധ ജില്ലകളിലായി ഒരുക്കി.  ലോകത്തെ ഏറ്റവും മികച്ച പബ്ലിക്‌ ബിസിനസ് ആക്‌സിലറേറ്ററിനുള്ള 2019ലെ യുബിഐ ഗ്ലോബൽ പുരസ്‌കാരം മിഷനെ തേടിയെത്തി. 82 രാജ്യങ്ങൾ മാറ്റുരച്ചതിൽ നിന്നാണ്‌ ഈ തിളക്കമാർന്ന നേട്ടം. 2018ലും 2019ലും ഡിപ്പാർട്ട്‌മെന്റ്‌ ഓഫ്‌ ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ ഇൻഫർമേഷൻ ടെക്‌നോളജിയുടെ സ്‌റ്റാർട്ടപ് റാങ്കിങ്ങിൽ മികച്ച പ്രകടത്തിനുള്ള (ടോപ് പെർഫോമർ) സർട്ടിഫിക്കറ്റും സ്വന്തമാക്കി.

ബജറ്റ്‌  സഹായിച്ചു: സിഇഒ
സ്‌റ്റാർട്ടപ്പുകളുടെ വളർച്ചയ്‌ക്ക്‌ നിരവധി പദ്ധതികളാണ്‌ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതെന്ന്‌ കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ പി എം ശശി പറഞ്ഞു. സർക്കാരിന്‌ 20 ലക്ഷംവരെയുള്ള പർച്ചേസ്‌ ഓർഡറുകൾ നേരിട്ട്‌ സ്‌റ്റാർട്ടപ്പുകൾക്ക്‌ നൽകാം.
നിലവിൽ സ്‌റ്റാർട്ടപ്പുകൾക്ക്‌ ഇ–-ടെൻഡറിൽ നേരിട്ട്‌ പങ്കെടുക്കാൻ സാധിക്കില്ല. എന്നാൽ, പങ്കെടുക്കുന്ന കമ്പനികളുമായി കൺസോർഷ്യം രൂപീകരിച്ചാൽ പരിഗണിക്കും. ല്ലാ സർക്കാർ വകുപ്പിലും ഇന്നൊവേഷൻ സോൺ രൂപീകരിക്കുമെന്നും ബജറ്റിലുണ്ട്‌.  ‌

മാൻഹോൾ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ചാടിയിറങ്ങിയ കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർ നൗഷാദിനെ ഓർമയില്ലെ. നൗഷാദിന്റെ   മരണമാണ്‌, മലപ്പുറം എംഇഎസ്‌ എൻജിനിയറിങ്‌ കോളേജ്‌ വിദ്യാർഥികളായ എട്ടംഗ സംഘത്തെ ഇരുത്തി ചിന്തിപ്പിച്ചത്‌.

മാൻഹോളുകളിൽ ഇനി മനുഷ്യജീവൻ പൊലിയരുതെന്ന ഇവരുടെ തീരുമാനം ജന്മം നൽകിയത്‌ ബാൻഡിക്കൂട്ട്‌ എന്ന റോബോട്ടിനെ. വിമൽ ഗോവിന്ദ്‌, കെ റാഷിദ്‌, എൻ പി നിഖിൽ, അരുൺ ജോർജ്‌, പി ജെലീഷ്‌, അഫ്‌സൽ മുട്ടിക്കൽ, കെ സുജോദ്‌‌‌‌‌‌, ‌പി കെ വിഷ്‌ണു എന്നിവർ ചേർന്ന്‌ രൂപീകരിച്ച ജെൻറോബോട്ടിക്‌സ്‌ ഇന്നോവേഷൻസ്‌ പ്രൈവറ്റ്‌ ലിമിറ്റഡാണ്‌ ബാൻഡിക്കൂട്ടിന്റെ സ്രഷ്‌ടാക്കൾ. 


 

മനുഷ്യരെക്കൊണ്ട് മാൻഹോൾ വൃത്തിയാക്കുന്നത്‌  ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാൻഡിക്കൂട്ടിനെ വികസിപ്പിച്ചത്.  ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യ റോബോട്ടുമാണിത്‌.  ജലഅതോറിട്ടിക്കുവേണ്ടി സ്റ്റാർട്ടപ്‌ മിഷന്റെ സഹായത്തോടെയാണ് വികസിപ്പിച്ചത്. ഇപ്പോൾ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിൽ ബാൻഡിക്കൂട്ട്‌ സേവനം ലഭ്യമാക്കുന്നുണ്ട്‌. വാട്ടർ പ്രൂഫായ ബാൻഡിക്കൂട്ടിന്‌ 250 കിലോ ഭാരംവരെ ഒറ്റയടിക്ക്‌ മാൻഹാളിൽനിന്ന്‌ നീക്കാനാകും. ഇൻഫ്രാറെഡ്‌ ക്യാമറ ഉപയോഗിച്ച്‌ മാൻഹോളിനുള്ളിലെ ദൃശ്യങ്ങൾ പുറത്തുള്ള മോണിറ്ററിൽ കാണാൻ സാധിക്കും. ഏഷ്യൻ ഇൻസ്‌പിറേഷൻ അവാർഡ്‌, സ്‌റ്റാർട്ടപ്‌ ഇന്ത്യ അവാർഡ്‌ തുടങ്ങിയ നിരവധി ദേശീയ–-അന്തർദേശീയ പുരസ്‌കാരങ്ങൾ  കമ്പനിയെ തേടി എത്തിയിട്ടുണ്ട്‌.
 


ബംഗളൂരു നാരായണ ഹൃദയാലയ ആശുപത്രിയിൽ മാർച്ച്‌ പകുതിയോടെ  റോബോട്ടുകളുടെ ഒരു പടയെത്തും. ദിവസവും മുപ്പതിലധികം ശസ്‌ത്രക്രിയ നടത്തുന്ന ആശുപത്രിയിലെ ഐസിയു ജോലികൾ ചെയ്യാനാണ്‌ കോബോട്ട്‌ അഥവാ കൊളാബൊറേറ്റീവ്‌ റോബോട്ട്‌സ്‌ എന്നു‌പേരുള്ള സംഘമെത്തുക. ശസ്‌ത്രക്രിയക്കുശേഷം ഐസിയുവിൽ കഴിയുന്ന രോഗികൾക്ക്‌ അണുബാധയേൽക്കാതിരിക്കാനാണ്‌  ഇവയെ നിയോഗിക്കുക. രക്ത സാമ്പിളുകൾ, മരുന്നുകൾ തുടങ്ങിയവ കൊണ്ടുപോകുന്നത്‌ ഇനി കോബോട്ടുകളായിരിക്കും.

കളമശ്ശേരി സ്‌റ്റാർട്ടപ് വില്ലേജ്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന അസിമോവ് റോബട്ടിക്‌സാണ്‌ കോബോട്ടിനെ ഒരുക്കിയത്‌. ആലപ്പുഴ സ്വദേശി ടി ജയകൃഷ്‌ണൻ സിഇഒയായ കമ്പനി നിർമിച്ച പല റോബോട്ടുകളും ഇതിനകം ശ്രദ്ധ നേടി. അമേരിക്ക, ഇറ്റലി ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ കോർപറേറ്റ്‌ സ്ഥാപനങ്ങൾ റോബോട്ടുകൾക്ക്‌ ഓർഡർ നൽകി കഴിഞ്ഞു.

എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കോവിഡ്‌ കാലത്ത്‌ രോഗികളെ പരിചരിക്കാൻ കർമി എന്ന റോബോട്ടിനെ അസിമോവ്‌ നിർമിച്ചിരുന്നു. രോഗികൾക്ക്‌ ഭക്ഷണവും മരുന്നും എത്തിക്കുക, അവർ ഉപയോഗിച്ച വസ്‌തുക്കൾ അണുവിമുക്തമാക്കു‌ക, ഡോക്ടറുമായി സംസാരിക്കാൻ വീഡിയോ കോൺഫറൻസിങ്‌ സൗകര്യമൊരുക്കുക തുടങ്ങിയ സേവനങ്ങളാണ്‌ നടൻ മോഹൻലാൽ സ്‌പോൺസർ ചെയ്‌ത കർമി നൽകിയത്‌.

പൊലീസിന്റെ സൈബർ സുരക്ഷാ വിഭാഗമായ സൈബർഡോമും അസിമോവിന്റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു‌. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃക്കാക്കര കമ്യൂണിറ്റി ഹാളിലെ പോളിങ് ബൂത്തിൽ വോട്ടർമാർ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്നു പരിശോധിച്ചത്‌ സായാ എന്ന റോബോട്ടാണ്‌. വോട്ടർമാർക്ക്‌ സാനിറ്റൈസർ റോബോട്ട്‌ തന്നെ വിതരണം ചെയ്‌തു.