കാലുവാരൽ ഭയന്ന്‌ ജോസഫ്‌, ലീഗിനെതിരെ അണികൾ

വെട്ടിനിരത്തൽ, കലാപം ; യുഡിഎഫിൽ ചർച്ച 
അവസാനിക്കുന്നില്ല

Monday Mar 8, 2021
കെ ശ്രീകണ‌്ഠൻ


തിരുവനന്തപുരം
കോൺഗ്രസ്‌ സ്ഥാനാർഥി പട്ടിക ഡൽഹിയിലെത്തിച്ച്‌ വെട്ടി നിരത്താൻ തുടങ്ങിയതോടെ പൊട്ടിത്തെറിക്കും ആളിക്കത്തലിനും അരങ്ങ്‌ റെഡി. പട്ടിക പുറത്തുവരുന്ന മുറയ്‌ക്ക്‌ കലാപത്തിന്‌ തിരികൊളുത്തുമെന്ന്‌ തീർച്ച. കോൺഗ്രസ്‌–-കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗം സീറ്റ്‌ തർക്കത്തിന്‌ ഇപ്പോഴും പരിഹാരം ആയിട്ടില്ല. മുസ്ലിംലീഗിന്‌ മൂന്ന്‌ സീറ്റ്‌ കൂടുതൽ നൽകാൻ തീരുമാനിച്ചെങ്കിലും അവ ഏതൊക്കെ എന്നതിലാണ്‌ ആശയക്കുഴപ്പം.‌ ജനറൽ സെക്രട്ടറി കെ പി എ മജീദിനെതിരെപോലും‌ ലീഗ്‌ അണികൾ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്‌.  

ആർഎസ്‌പി, സി പി ജോണിന്റെ സിഎംപി, ഫോർവേഡ്‌ബ്ലോക്ക്‌ എന്നിവയുടെ കാര്യം ഏറെക്കുറെ കഴിഞ്ഞ തവണത്തേത്‌ പോലെ തന്നെ. ജയസാധ്യതയുള്ള ഉറച്ചസീറ്റ്‌ മോഹിച്ച സി പി ജോൺ അത്‌ ഉപേക്ഷിച്ച മട്ടാണ്‌. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനാണ്‌ ഫോർവേഡ്‌ ബ്ലോക്കിലെ ജി ദേവരാജനോട്‌ കോൺഗ്രസ്‌ നേതൃത്വം ആദ്യം പറഞ്ഞത്‌. കേട്ടപാടെ നിലംതൊടാതെ പാഞ്ഞ ദേവരാജൻ ചാത്തന്നൂർ ചോദിച്ചെങ്കിലും അവിടെ കയറ്റില്ലെന്ന്‌ യൂത്ത്‌ കോൺഗ്രസുകാർ അറിയിച്ചിട്ടുണ്ട്‌.


 

കൂറുമാറി ചെന്ന വേളയിൽ മാണി സി കാപ്പനെ ‘കൊമ്പൻ’ എന്നൊക്കെ വിശേഷിപ്പിച്ചെങ്കിലും ഘടകകക്ഷിയാക്കുമോയെന്ന ചോദ്യത്തിന്‌ ഇപ്പോഴും മറുപടിയില്ല. 12 സീറ്റ്‌‌ ആവശ്യപ്പെട്ട കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗത്തിന്‌ പരമാവധി പത്ത്‌ സീറ്റ്‌ നൽകുമെന്നാണ്‌ സൂചന. ‌ ഒമ്പത്‌ ആയി ചുരുങ്ങാനും സാധ്യതയുണ്ട്‌. പി ജെ ജോസഫിന്റെ പിടിവാശി‌ക്ക്‌ വഴങ്ങി ഏറ്റുമാനൂർ സീറ്റ്‌ വിട്ടുകൊടുത്തിട്ടുണ്ട്‌. അവിടെ കോൺഗ്രസ്‌ സ്ഥാനാർഥിയാകാനിരുന്ന മഹിളാ കോൺഗ്രസ്‌ അധ്യക്ഷ ലതിക സുഭാഷ്‌ രൂക്ഷ വിമർശനവുമായി രംഗത്തുവന്നു. ജോസഫ്‌ വാഴക്കൻ, മാത്യു  കുഴൽനാടൻ എന്നിവർ കണ്ണുവച്ചിട്ടുള്ള മൂവാറ്റുപുഴ കൂടി ജോസഫിന്റെ അക്കൗണ്ടിലേക്ക്‌ പോയാൽ കൂട്ടപ്പൊരിച്ചിലായിരിക്കും. കോൺഗ്രസിന്റെ നീക്കങ്ങളെ കേരള കോൺഗ്രസ്‌ ജോസഫ്‌ പക്ഷം സംശയത്തോടെയാണ്‌ വീക്ഷിക്കുന്നത്‌. പി ജെ ജോസഫ്‌ മത്സരിക്കുന്ന തൊടുപുഴയിൽ അടക്കം കാലുവാരുമോയെന്നാണ്‌ അവരുടെ പേടി. ജോസഫിനെ വീഴ്‌ത്തി മോൻസ്‌ ജോസഫിനെ ഒപ്പംകൂട്ടുകയെന്നതാണ്‌ കോൺഗ്രസ്‌ തന്ത്രം. കോൺഗ്രസിന്‌‌ ‘പതിഞ്ഞ’ സമീപനമാണോയെന്ന ശങ്ക കേരള കോൺഗ്രസിനുണ്ട്‌. ‌ 

മുസ്ലിംലീഗിന്‌ സീറ്റ്‌ കൂടിയെങ്കിലും സ്ഥാനാർഥികൾക്കെതിരെ മുമ്പൊരിക്കലുമില്ലാത്ത കലിപ്പിലാണ്‌‌ അണികൾ. കഴിഞ്ഞ തവണ മത്സരിച്ച പുനലൂരോ അല്ലെങ്കിൽ ചടയമംഗലമോ ലീഗിന്‌ നൽകാൻ കോൺഗ്രസ്‌ തയ്യാറാണെങ്കിലും പ്രാദേശിക നേതൃത്വം തുറന്ന്‌ എതിർക്കുകയാണ്‌. ചടയമംഗലം കൊടുക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ കൊല്ലം ഡിസിസിയും രംഗത്തുണ്ട്‌. ഇതോടെ കോൺഗ്രസ്‌, ലീഗ്‌ സീറ്റ്‌ വച്ചുമാറ്റവും അനിശ്ചിതത്വത്തിലായി. കെ പി എ മജീദ്‌ അടക്കം ഇറക്കുമതി സ്ഥാനാർഥികൾ വേണ്ടെന്ന്‌ മലപ്പുറത്തെ പല മണ്ഡലങ്ങളിലും ലീഗ്‌ അണികൾ മുന്നോട്ടുവന്നതാണ്‌ നേതൃത്വത്തെ ഞെട്ടിച്ചത്‌. അഴീക്കോട്‌നിന്ന്‌ കാസർകോട്ടേക്ക്‌ നോട്ടമിട്ട കെ എം ഷാജിയോട്‌ ആ പൂതി മനസ്സിൽ വച്ചാൽ മതിയെന്ന്‌  അവിടുത്തെ ലീഗുകാർ പറഞ്ഞു. മലപ്പുറം അടക്കമുള്ള മണ്ഡലങ്ങളിലും ഇറക്കുമതി സ്ഥാനാർഥികൾ പാടില്ലെന്ന്‌ ശക്തമായ ആവശ്യം ഉയർന്നിട്ടുണ്ട്‌. നാമനിർദേശ പത്രിക സമർപ്പണ തീയതി അടുത്തുവരുമ്പോഴും ചർച്ച തന്നെ ചർച്ച എന്നതാണ്‌ യുഡിഎഫിലെ അവസ്ഥ.