വിഎസ്‌ 
സജീവമല്ലാത്ത ആദ്യ 
തെരഞ്ഞെടുപ്പ്‌

കേരളത്തെ ആവേശക്കടലിൽ ആറാടിക്കാറുള്ള പ്രസംഗം ഇക്കുറി ഇല്ല

Monday Mar 8, 2021
സ്വന്തം ലേഖകൻ‌


നീട്ടിയും കുറുക്കിയും മൂന്നാവർത്തിച്ചും എതിരാളികൾക്ക്‌ നേരെ വിമർശനശരങ്ങൾ തൊടുത്ത്‌ കേരളത്തെ ആവേശക്കടലിൽ ആറാടിക്കാറുള്ള തെരഞ്ഞെടുപ്പ്‌ പ്രസംഗം ഇക്കുറി ഒരുപക്ഷേ  ഉണ്ടാകില്ല. കേരളം തുടർഭരണത്തിലേക്ക്‌ ചുവടുവയ്‌ക്കുമ്പോൾ ആറരപ്പതിറ്റാണ്ട്‌ തെരഞ്ഞെടുപ്പ്‌ ഗതിവിഗതികളെ നയിച്ച വി എസ്‌ അച്യുതാനന്ദൻ അനാരോഗ്യം കാരണം വീട്ടിൽ വിശ്രമത്തിലാണ്‌. ഒരു പക്ഷേ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണവേദികളിൽ വി എസ്‌ നിറയാത്ത ആദ്യ തെരഞ്ഞെടുപ്പ്‌.

താത്വിക പ്രഭാഷകനൊന്നുമല്ലെങ്കിലും  സ്വതസിദ്ധ ശൈലിയിൽ ജനക്കൂട്ടത്തെ ചിരിപ്പിച്ചും ആവേശംകൊള്ളിച്ചും പിടിച്ചിരുത്തുന്ന വി എസ്‌ തിരയടിച്ച തെരഞ്ഞെടുപ്പുകൾ ഏറെ. നാവുകൊണ്ടല്ല, ശരീരംകൊണ്ടാണ്‌ വി എസ്‌ സംസാരിക്കാറെന്നാണ്‌ പറയുക‌‌. പെരുവിരലിൽ കുത്തിയുയർന്നും സാഷ്‌ടാംഗം പ്രണമിച്ചും ഇളകിയാടിയും  സ്‌റ്റേജ്‌ നിറഞ്ഞ അനുഭവങ്ങൾ പലത്‌. ആളുകൾ‌ കൂടുംതോറും ആവേശം ഉയരും. വാക്കുകൾ ആവർത്തിച്ച്‌ പറയുന്നതാണ്‌ മാസ്‌റ്റർ പീസ്‌.  കുട്ടനാട്ടിലെ നിരക്ഷരരായ കർഷകത്തൊഴിലാളികളുടെ മനസ്സിൽ രാഷ്‌ട്രീയ വിഷയങ്ങൾ പതിയാൻ ആദ്യകാലങ്ങളിൽ തുടങ്ങിയ രീതി പിന്നീട്‌  സ്വന്തം ശൈലിയായി മാറ്റുകയായിരുന്നുവെന്ന്‌ വി എസ്‌ തന്നെ പറയും.

കേരളം രൂപീകരിക്കുന്നതിനു മുമ്പേ തിരുകൊച്ചി സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ തുടങ്ങിയതാണ്‌ വി എസിന്റെ പ്രചാരണം. എന്നാൽ  നേതൃചുമതലഏറ്റെടുക്കുന്നത്‌ 57ൽ ഐക്യകേരളത്തിലേക്ക്‌ നടന്ന ആദ്യതെരഞ്ഞെടുപ്പിൽ. അന്ന്‌ അവിഭക്ത കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്‌.

ഒമ്പതു നിയമസഭാ സീറ്റിൽ ഏഴും കമ്യൂണിസ്‌റ്റ് ‌പാർടിക്ക്‌. ആ നേതൃശേഷി അംഗീകരിച്ച പാർടി ദേവികുളത്തെ ഉപതെരഞ്ഞെടുപ്പിന്റെ ചുമതല വി എസിന്‌ നൽകി. 58ൽ ജലന്ധറിൽ നടന്ന പാർടി കോൺഗ്രസിൽ അവധി നൽകിയാണ്‌ അദ്ദേഹത്തെ ദേവികുളത്തേ‌ക്ക്‌ വിട്ടത്‌. റോസമ്മ പുന്നൂസ്‌‌ 7000ത്തിലേറെ വോട്ടിന്റെ ആധികാരിക വിജയം നേടി. അന്ന്‌ തെരഞ്ഞെടുപ്പ്‌ ഫണ്ടിൽ മിച്ചം വന്ന 20,000 രൂപ കോട്ടയം ജില്ലാകമ്മിറ്റിക്ക്‌ കൈമാറിയതും ആ പണം ഉപയോഗിച്ചാണ്‌ ജില്ലാ കമ്മിറ്റി കാർ വാങ്ങിയതും വി എസ്‌ ഓർമിക്കുന്നു.

ഏഴു പതിറ്റാണ്ട്‌ നീണ്ട പൊതുപ്രവർത്തനത്തിൽ 35 വർഷമാണ്‌ വി എസ്‌ നിയമസഭാ സാമാജികനായത്‌. 67ലും 70ലും അമ്പലപ്പുഴയിൽ. 91ൽ മാരാരിക്കുളം, 2001 മുതൽ 20 വർഷം മലമ്പുഴ.  അഞ്ച്‌  വർഷം മുഖ്യമന്ത്രി, അഞ്ചുവർഷം എൽഡിഎഫ്‌ കൺവീനർ, മൂന്നുതവണയായി 14  വർഷം പ്രതിപക്ഷനേതാവ്‌,  അഞ്ചുവർഷം ഭരണപരിഷ്‌കാര കമീഷൻ ചെയർമാനുമായി സേവനം അനുഷ്‌ഠിച്ചു.