‘മുമ്പൊക്കെ വികസനമെന്നത്‌ മറ്റെവിടെയോ നടക്കുന്ന വാർത്തയാണ്‌. ഇന്നിപ്പോ കണ്‍മുന്നിലാണ്‌

Monday Mar 8, 2021
എൻ രാജൻ

തൃശൂർ
‘സിനിമയിൽ ഫാന്റസിയും മായക്കാഴ്‌ചയും ഉപയോഗിക്കുന്ന ഒരാളാണ്‌ ഞാൻ. ഇതിപ്പോ വെള്ളിത്തിരയെ വെല്ലുന്ന മട്ടിലല്ലേ നാടും വഴികളും മാറിയത്‌’.

പറയുന്നത്‌ മലയാള സിനിമയുടെ പ്രിയങ്കരനായ പ്രിയനന്ദനൻ. ‘പുലിജന്മ’ത്തിലൂടെ ദേശീയപുരസ്‌കാരം കേരളത്തിലേക്ക്‌ കൊണ്ടുവന്ന സംവിധായകൻ. നെയ്‌ത്തുകാരനും സൂഫിപറഞ്ഞ കഥയും ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്കും സൈലൻസറുമായി ഉള്ളുലച്ച ദൃശ്യാനുഭവം  സമ്മാനിച്ച ചലച്ചിത്രകാരൻ.

മണലിപ്പുഴയ്‌ക്കു കുറുകെ പുലക്കാട്ടുകര പാലവും അയ്യന്തോളിൽ കുറിഞ്ഞാക്കൽ പാലവും പുഴയ്‌ക്കൽ പാലവും ചുറ്റി മടങ്ങുമ്പോൾ പ്രിയനന്ദനൻ  പറഞ്ഞു:

‘മുമ്പൊക്കെ വികസനമെന്നത്‌ മറ്റെവിടെയോ നടക്കുന്ന വാർത്തയാണ്‌. ഇന്നിപ്പോ അതല്ല. വികസനം നമ്മുടെ മുന്നിലാണ്‌. നമുക്കത്‌ തൊടാം. ആ വഴി നടക്കാം. കൈവരിയിൽ ഇരിക്കാം. വികസനം സംഭവിക്കുന്നത്‌ നമ്മുടെ ചുറ്റുവട്ടത്താണ്‌.  ജീവിതത്തിലാണ്‌. പുതിയ റോഡും പാലവും സ്‌കൂളുമായി നാട്‌ മാറുന്നു. ഇന്നലെവരെ വന്ന വഴികളൊന്ന്‌ നോക്കൂ. തിരിച്ചറിയാത്ത വേഗത്തിലാണീ  മാറ്റം. മറ്റെന്താണ്‌ ഒരു സർക്കാർ ജനങ്ങൾക്കുവേണ്ടി ചെയ്യേണ്ടത്‌?

ഉച്ചവെയിൽ കാര്യമാക്കാതെ പുലക്കാട്ടുകര പാലത്തിൽനിന്ന്‌ പ്രിയനന്ദനൻ അങ്ങേക്കരയിലേക്ക്‌  കൈചൂണ്ടി. പത്തറുപത്‌ കൊല്ലം മുമ്പ്‌  പുഴ കടക്കാൻ കടത്തുതോണിയായിരുന്നു ആശ്രയം. പാലം ബന്ധിപ്പിച്ചത്‌ നെന്മണിക്കര തൃക്കൂർ പഞ്ചായത്തുകളെയാണ്‌.

കാറുകൾക്കുൾപ്പെടെ സഞ്ചരിക്കാവുന്ന പുതിയ പാലം റഗുലേറ്ററിനു സമീപമായതിനാൽ പുഴയിൽ തൂണില്ലാതെ വേണം പണിയെന്ന  നിർദേശം പാലിച്ച്‌ ബോക്‌സ്‌ ഗാർഡ്‌ മാതൃകയിലാണ്‌ നിർമാണം. ഇത്തരത്തിൽ പൊതുമരാമത്ത്‌ നിർമിച്ച നീളംകൂടിയ പാലമെന്ന ഖ്യാതിയും ഇതിനുണ്ട്‌.നബാർഡ്‌ ഫണ്ടും സംസ്ഥാന സർക്കാർ വിഹിതവുംകൂടി 3.75 കോടി ചെലവഴിച്ചാണ്‌ 46 മീറ്റർ നീളവും 9.1 വീതിയുമുള്ള പാലം പൂർത്തിയാക്കിയത്‌.

പുഴയ്‌ക്കൽ പാലമൊന്ന്‌ കടക്കാൻ മണിക്കൂറുകൾ കാത്തുകെട്ടി കിടക്കേണ്ടിവന്നിട്ടുണ്ട്‌. മരണാസന്നരായ രോഗികളടക്കം പുഴയ്‌ക്കൽ ബ്ലോക്കിൽ കുരുങ്ങി പ്രാണവെപ്രാളമടിച്ചിട്ടുണ്ട്‌. ഇന്നിപ്പോ അതും ഓർമയാണ്‌.കുറിഞ്ഞാക്കലിൽ എത്തിയപ്പോൾ തുരുത്തിൽനിന്ന്‌  കാറ്റടിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ പ്രദേശത്ത്‌ വോട്ട്‌ ചോദിച്ചു വന്നപ്പോ ഇവിടത്തുകാർ പറഞ്ഞത്‌  ‘വോട്ടു തരാം, പാലം തര്വോ’ എന്നാണ്‌.

അന്ന്‌ മന്ത്രി വി എസ്‌ സുനിൽകുമാർ കൊടുത്ത വാക്കാണ്‌. ജയിച്ചാൽ കുറിഞ്ഞാക്കലിൽ പാലം ഉറപ്പ്‌. ആ വാക്കിന്റെ ഉറപ്പാണ്‌ ഈ പാലം.  അങ്ങനെ ഒരുപാടു തലമുറ,  നടക്കില്ലെന്നു വിചാരിച്ച  കാര്യമാണ്‌ എൽഡിഎഫ്‌ നടപ്പാക്കിയത്‌. ഇതോടെ കയർ കെട്ടി വഞ്ചി വലിച്ച്‌ മറുകരയിലേക്ക്‌ പോയിരുന്ന ദുരിതകാലത്തോട്‌‌  തുരുത്തുകാർ ‘ബൈ’  പറഞ്ഞു. നബാർഡ്‌ സഹായത്തോടെ 4. 96 കോടി ചെലവഴിച്ചായിരുന്നു നിർമാണം.

നാടിന്റെ ഭംഗിയും പാടപ്പരപ്പും കണ്ട്‌ നാട്ടുകാർ ഈ വഴി നടക്കാനിറങ്ങുന്നു.  ഇതൊരു  ഷൂട്ടിങ്‌ സ്‌പോട്ടായി മാറുമോ? പ്രിയനന്ദനന്റെ  ചോദ്യത്തിന്‌ മറുപടിപോലെ  പാലം കടന്ന്‌ വാഹനങ്ങളിൽ സഞ്ചാരികൾ വരുന്നുണ്ടായിരുന്നു.