ചുവപ്പ് പടർന്ന വട്ടിയൂർക്കാവ്‌

Monday Mar 8, 2021
ജെയ്‌സൺ ഫ്രാൻസിസ്‌


തിരുവനന്തപുരം>ഫെയ്‌സ്‌ബുക്കിൽ അടുത്തിടെ വൈറലായ ചിത്രമുണ്ട്‌. വട്ടിയൂർക്കാവ്‌ എംഎൽഎ വി കെ പ്രശാന്ത്‌ ബാറ്റുയർത്തി അഭിവാദ്യം ചെയ്യുന്ന ചിത്രം. മണ്ഡലത്തിൽ 16 മാസത്തിനുള്ളിൽ നൂറ്‌ റോഡ്‌ സഞ്ചാരയോഗ്യമാക്കിയപ്പോഴാണ്‌ ‘സെഞ്ച്വറി നേട്ടം’ വോട്ടർമാരുൾപ്പെടെ ഫെയ്‌സ്‌ബുക്കിൽ ആഘോഷമാക്കിയത്‌.


തിരുവനന്തപുരം നോർത്ത്‌ ‌മണ്ഡലം പുനർനിർണയത്തിലൂടെയാണ്‌ ‘വട്ടിയൂർക്കാവായത്’. തിരുവനന്തപുരം നോർത്ത്‌ മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ വിജയം എൻഡിപിയിലെ വട്ടിയൂർക്കാവ്‌ രവിക്കായിരുന്നു. 80, 87, 91, 96, 2006 തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ്‌ ജയിച്ചു. 82ലും 2001ലും കോൺഗ്രസും വിജയിച്ചു.
വട്ടിയൂർക്കാവ്‌ മണ്ഡലത്തിലെ ആദ്യ രണ്ടു തെരഞ്ഞെടുപ്പിലും ജയം കോൺഗ്രസിലെ കെ മുരളീധരനൊപ്പമായിരുന്നു. എന്നാൽ, നാടാഗ്രഹിച്ച വികസനത്തിലേക്ക്‌ നയിക്കാൻ അദ്ദേഹത്തിനായില്ല. മാത്രമല്ല, 2019ൽ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ വന്നപ്പോൾ എംപിയാകാൻ മുരളീധരൻ വട്ടിയൂർക്കാവിനെ ഉപേക്ഷിച്ചു.
ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനായി മത്സരിച്ചത്‌ തിരുവനന്തപുരം നഗരസഭയുടെ മേയറായിരുന്ന വി കെ പ്രശാന്ത്‌ ആയിരുന്നു. നഗരസഭയിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ അനുഭവിച്ചറിഞ്ഞ ജനം തങ്ങളുടെ ‘മേയർ ബ്രോ’യെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചു. അങ്ങനെ മേയർ ബ്രോ ‘എംഎൽഎ ബ്രോ’യായി. നഗരസഭയുടെ 24 വാർഡ്‌ അടങ്ങുന്നതാണ്‌ മണ്ഡലം.
വാഴോട്ടുകോണം, വട്ടിയൂർക്കാവ്‌, പട്ടം, കുടപ്പനക്കുന്ന്‌, കാച്ചാണി, പേരൂർക്കട, നന്ദൻകോട്‌, കേശവദാസപുരം, മുട്ടട, കണ്ണമ്മൂല, പാതിരപ്പള്ളി, കുറവൻകോണം, കുന്നുകുഴി, കവടിയാർ, കൊടുങ്ങാനൂർ, പിടിപി നഗർ, കാഞ്ഞിരംപാറ, പാങ്ങോട്‌, വലിയവിള, ശാസ്‌തമംഗലം, തുരുത്തുംമൂല, ചെട്ടിവിളാകം, നെട്ടയം, കിണവൂർ എന്നിവയാണ്‌ വാർഡുകൾ.
തിരുവനന്തപുരം നോർത്ത്‌ ആയിരുന്നപ്പോൾ 1980 ‌ൽ സിപിഐ എമ്മിന്റെ കെ അനിരുദ്ധൻ വിജയിച്ചു. 82ൽ കെ അനിരുദ്ധൻ കോൺഗ്രസിന്റെ ജി കാർത്തികേയനോട്‌ പരാജയപ്പെട്ടു. 87 ൽ സിപിഐ എമ്മിലെ  എം വിജയകുമാർ കാർത്തികേയനെ പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിച്ചു. 91 ലും, 96ലും എം വിജയകുമാർ തുടർച്ചയായി വിജയിച്ചു. 96ൽ ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കേ വിജയകുമാർ സ്‌പീക്കറായിരുന്നു. അക്കാലത്താണ്‌ പുതിയ നിയമസഭാമന്ദിരം പണിപൂർത്തിയാക്കി ഉദ്‌ഘാടനം ചെയ്‌തത്‌‌.
2001ൽ യുഡിഎഫിലെ അഡ്വ. കെ മോഹൻകുമാർ വിജയിച്ചു. 2006ൽ എം വിജയകുമാർ മണ്ഡലം തിരിച്ചുപിടിച്ചു. അന്ന് വി എസ്‌ അച്യുതാനന്ദൻ മന്ത്രിസഭയിൽ എം‌ വിജയകുമാർ മന്ത്രിയായി. തുടർന്നുവന്ന തെരഞ്ഞെടുപ്പിലാണ്‌ മണ്ഡലം പുനർനിർണയിച്ചത്‌.

2011 ൽ കെ മുരളീധരൻ വിജയിച്ചപ്പോൾ വട്ടിയൂർക്കാവിൽ യുഡിഎഫിന്‌ ലഭിച്ച ഭൂരിപക്ഷം 50  .19 ശതമാനം വോട്ടിന്റേതായിരുന്നു. എൽഡിഎഫിന്‌ 35.84 ശതമാനം വോട്ടുമാണ്‌ ലഭിച്ചത്‌. എന്നാൽ 2019 ലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ 44.25 ശതമാനം വോട്ടും യുഡിഎഫിന്‌ 32.58 വോട്ടുമാണ്‌ ലഭിച്ചത്‌.  
2015ലെ തെരഞ്ഞെടുപ്പിൽ പത്ത്‌ വാർഡിൽ വിജയിച്ച എൽഡിഎഫ്‌ ഇത്തവണ 12 വാർഡിൽ ഭൂരിപക്ഷംനേടി. വി കെ പ്രശാന്തിലൂടെ എൽഡിഎഫ്‌ സർക്കാർ സമ്മാനിച്ച വികസനത്തിനുള്ള അംഗീകാരം കൂടിയായിരുന്നു അത്‌. ആ വികസന തുടർച്ച തന്നെയാണ്‌ വട്ടിയൂർക്കാവ്‌ ആഗ്രഹിക്കുന്നത്‌.