മഞ്ഞളാംകുഴി 
അലിക്കെതിരെ 
പ്രതിഷേധം

ഇബ്രാഹിംകുഞ്ഞിനെയും ഷാജിയെയും വേണ്ടെന്ന്‌ മണ്ഡലം കമ്മിറ്റികൾ

Sunday Mar 7, 2021
സ്വന്തം ലേഖകൻ


മലപ്പുറം
വി കെ ഇബ്രാഹിംകുഞ്ഞിനെയും മകൻ അബ്ദുൾ ഗഫൂറിനെയും വേണ്ടെന്ന്‌ മുസ്ലിംലീഗ്‌ എറണാകുളം ജില്ലാ കമ്മിറ്റിയും കളമശേരി മണ്ഡലം കമ്മിറ്റിയും. കെ എം ഷാജിയെ സ്ഥാനാർഥിയായി വേണ്ടെന്ന്‌ ‌ കാസർകോട്‌ മണ്ഡലം കമ്മിറ്റി. ഞായറാഴ്‌ച മലപ്പുറത്ത്‌ ചേർന്ന ലീഗ്‌ നേതൃയോഗത്തിൽ ഇരുവർക്കുമെതിരെ കടുത്ത വിമർശനം. ഇതോടെ ലീഗ്‌ സ്ഥാനാർഥിനിർണയം വഴിമുട്ടി.

നിയോജകമണ്ഡലം, ജില്ലാ ഭാരവാഹികളുടെ അഭിപ്രായംതേടിയായിരുന്നു യോഗം. വ ഇബ്രാഹിംകുഞ്ഞിനും മകൻ ഗഫൂറിനും ജയസാധ്യതയില്ലെന്ന്‌‌ യോഗത്തിൽ തുറന്നടിച്ചു.  ഇവരുടെ സ്ഥാനാർഥിത്വം മറ്റ് മണ്ഡലങ്ങളെ ബാധിക്കുമെന്നും പറഞ്ഞു. മങ്കട എംഎൽഎ ടി എ അഹമ്മദ്‌ കബീർ കളമശേരി ലക്ഷ്യമിടുന്നതായും സൂചനയുണ്ട്‌.

സിറ്റിങ്‌ എംഎൽഎ മഞ്ഞളാംകുഴി അലിയെ വേണ്ടെന്ന്‌ പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടത്‌ നേതൃത്വത്തെ ഞെട്ടിച്ചു. എംഎസ്‌എഫ്‌ ദേശീയ പ്രസിഡന്റ്‌ ടി പി അഷ‌റഫലിയെ സ്ഥാനാർഥിയാക്കണമെന്ന്‌ ഒരുവിഭാഗം ആവശ്യപ്പെട്ടു. ഒത്തുതീർപ്പിനായി യൂത്ത്‌ ലീഗ്‌  മണ്ഡലം കമ്മിറ്റി ഭാരവാഹികളെ യോഗത്തിലേക്ക്‌ വിളിപ്പിച്ച്‌ അഭിപ്രായം ആരാഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദിന്റെ സ്ഥാനാർഥിത്വത്തിലും  തീരുമാനമായില്ല.

കാസർകോട്‌  മണ്ഡലത്തിൽ  ജില്ലയ്‌ക്കുപുറത്തുനിന്നുള്ള ഒരാളെയും  അംഗീകരിക്കില്ലെന്ന്‌ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ സംസ്ഥാന നേതാക്കളെ അറിയിച്ചു. മണ്ഡലം കമ്മിറ്റി നൽകിയ പട്ടികയിൽ കെ എം ഷാജിയുടെ പേരില്ല. സിറ്റിങ്‌ എംഎൽഎ എൻ എ  നെല്ലിക്കുന്നിന് പ്രഥമ പരിഗണന നൽകണമെന്നാണ്‌ ആവശ്യം‌. ജില്ലാ പ്രസിഡന്റ്‌ ടി ഇ അബ്ദുല്ല, മുനീർ ഹാജി, എ അബ്ദുൾ റഹ്‌മാൻ, മാഹീൻ കേളോട്ട് എന്നിവരാണ്‌‌ പട്ടികയിലുള്ളത്‌.

സ്ഥാനാർഥി നിർണയത്തെപ്പറ്റി മണ്ഡലം, -ജില്ലാ ഭാരവാഹികളുടെ അഭിപ്രായമാണ്‌ കേട്ടതെന്നും പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ പറഞ്ഞു. പട്ടാമ്പി സീറ്റിനെക്കുറിച്ച്‌ ഇപ്പോൾ ഒന്നും പറയാനില്ലെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.