അറിയുമോ, 
ആദ്യ ഡെപ്യൂട്ടി 
സ്‌പീക്കറെ

Sunday Mar 7, 2021


ആലപ്പുഴ
ആദ്യരണ്ട്‌ തവണയും വനിതയെ നിയമസഭയിലെത്തിച്ച്‌ ചരിത്രംകുറിച്ച നാടാണ്‌ കായംകുളം. 1957ൽ ജയിച്ച്‌ ഡെപ്യൂട്ടി സ്‌പീക്കറായ കെ ഒ ഐഷ ബായിയാണ്‌ ആ വീരകഥയിലെ നായിക‌. 1960ലും വിജയം ആവർത്തിച്ചു. സ്ത്രീ വിദ്യാഭ്യാസം വിലക്കുകളേറെ നേരിട്ട കാലത്ത്‌ നിയമബിരുദം നേടിയ ഐഷ ഗവ. അഷുറൻസ് കമ്മിറ്റി ചെയർപേഴ്സൺ (1961–-63), ദേശീയ, സംസ്ഥാന സോഷ്യൽ വെൽഫെയർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

വിവാഹത്തിന്‌ വിലക്കുണ്ടായിയിരുന്ന നേഴ്‌സുമാർക്കായാണ്‌ അവർ ഏറെ ശബ്ദിച്ചത്‌. സർക്കാർ സർവീസിലടക്കം സ്‌ത്രീകളുടെ മാന്യത ഉറപ്പാക്കിയ നിയമനിർമാണങ്ങളിൽ ഐഷയുടെ കൈയൊപ്പുണ്ട്‌.  കറ്റാനം പോപ്‌ പയസിൽ മിഡിൽ‌ സ്‌കൂളിൽ പഠിക്കുമ്പോഴേ സാഹിത്യസമാജം സെക്രട്ടിയായിരുന്നു. അന്നും ചർച്ചകളിൽ തിളങ്ങിയിരുന്നെന്ന്‌ ഇളയ സഹോദരനും സിഐടിയു ദേശീയ വൈസ്‌ പ്രസിഡന്റുമായ കെ ഒ ഹബീബ്‌ ഓർമിക്കുന്നു. അതേക്കുറിച്ച്‌ സഹപാഠി ജസ്‌റ്റിസ്‌ സുകുമാരൻ കേരള കൗമുദിയിൽ എഴുതിയിട്ടുണ്ട്‌. ദേശീയ പ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ്‌‌ പാർടിയുടെയും പ്രവർത്തന കേന്ദ്രമായിരുന്ന കൊട്ടയ്‌ക്കാട്‌ തറവാട്ടിൽ സാമൂഹ്യപ്രവർത്തകൻ കെ ഉസ്‌മാൻ സാഹിബിന്റെയും ഫാത്തിമ ബീവിയുടെയും മകളായി 1926 ഒക്‌ടോബർ 25ന് ജനിച്ചു. 

വിദ്യാഭ്യാസ കാലത്ത്‌ എഐഎസ്‌എഫ്‌ സജീവ പ്രവർത്തകയായിരുന്നു. 1953ൽ സർക്കാരിന്റെയും പൊലീസിന്റെയും വെല്ലുവിളി നേരിട്ട്‌ ഓച്ചിറയിൽ സംഘടിപ്പിച്ച വനിതാസമ്മേളനം ചരിത്രത്തിലിടം പിടിച്ചു. ആനി മസ്‌ക്രീനായിരുന്നു മുഖ്യപ്രഭാഷക. കർഷക സമരത്തിൽ പങ്കെടുത്ത്‌ ആലപ്പുഴയിൽ ഒരുമാസക്കാലം ജയിലിലായി. ഓച്ചിറ പ്രയാർ എച്ച്‌എസിലായിരുന്നു മിഡിൽ സ്‌കൂൾ പഠനം. തിരുവനന്തപുരം വിമൻസ്‌ കോളേജിൽനിന്ന്‌ ഇന്റർമീഡിയറ്റും യൂണിവേഴ്‌സിറ്റി കോളേജിൽ ബിഎയും എറണാകുളം ലോ കോളേജിൽനിന്ന്‌ ബി എലും വിജയിച്ചു. പാർടി പിളർപ്പിനുശേഷം 65ൽ സിപിഐ എം സ്ഥാനാർഥിയായി കൃഷ്‌ണപുരത്ത്‌ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2005 ഒക്‌ടോബർ 28ന്‌ അന്തരിച്ചു. കെ അബ്‌ദുൾ റസാക്കാണ് ഭർത്താവ്. നാലു മക്കളുണ്ട്‌.