40 ലിറ്റർ ചെറിയ 
അളവല്ല

Sunday Mar 7, 2021
പി സുരേശൻ


കണ്ണൂർ
എംപ്ലോയ്‌മെന്റ്‌ എക്സ്‌ചേഞ്ചിൽനിന്ന്‌ നേഴ്‌സിങ്‌ അസിസ്‌റ്റന്റ്‌ നിയമനത്തിനുള്ള ഉത്തരവ്‌ ലഭിച്ചപ്പോൾ ഒട്ടും സംശയമില്ലാതെ  മടക്കി. കാരണം, ക്ഷീര മേഖല വിട്ടുപോകാൻ അവർ തയ്യാറായിരുന്നില്ല. തന്നെയും മൂന്നുമക്കളെയും കരകയറ്റിയ സംരംഭം ആർക്കും മാതൃകയാക്കാവുന്നതെന്ന്‌ സുലൈഖ.

അതിജീവനമെന്ന വാക്കിൽ തീരില്ല തളിപ്പറമ്പ്‌ പരിയാരം വായാട്ടെ പി കെ സുലൈഖയുടെ ജീവിതം. 2015 ജൂൺ 24ന്‌ റമദാൻ കാലത്താണ്‌‌ മൂന്ന്‌ മക്കളെ സുലൈഖയെ ഏൽപിച്ച്‌ ഭർത്താവ്‌ ടി കെ അബ്‌ദുള്ള വിടപറഞ്ഞത്‌.‌ കരഞ്ഞിരുന്നാൽ പത്താംക്ലാസുകാരി  അസ്‌ലഹയുടെയും ഒമ്പതാം ക്ലാസുകാരി അൻസിഫയുടെയും ഏഴാം ക്ലാസുകാരൻ അൽത്താഫിന്റെയും ജീവിതം ഇരുളടയുമായിരുന്നു‌. അൻസിഫ ‌മെഡിക്കൽ എൻട്രൻസ്‌ കോച്ചിങ്ങിന്‌ പോകാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ  ആഭരണങ്ങളെല്ലാം വിറ്റു. മറ്റ്‌ രണ്ട്‌ മക്കളുടെ പഠനം പ്രതിസന്ധിയിലായി.  ഇതിനിടയിലാണ്‌ തളിപ്പറമ്പ്‌ മണ്ഡലത്തിലെ വനിതാ സംരംഭകർക്കുള്ള സമൃദ്ധി ശിൽപശാലയിൽ പങ്കെടുത്തത്‌. അന്ന്‌ ജയിംസ്‌ മാത്യൂ എംഎൽഎ നടത്തിയ പ്രസംഗത്തിലെ ചില ആശയങ്ങൾ ജീവിതം മാറ്റി മറിച്ചുവെന്ന്‌ സുലൈഖ പറഞ്ഞു. ഒരു പരിചയമില്ലാത്ത പശു വളർത്തലിലേക്ക്‌ ഇറങ്ങാൻ ശിൽപശാല ഊർജമായി‌. ബേപ്പൂരിലെ ഡെയ്‌റി ട്രെയ്‌നിങ്‌ സെന്ററിൽ ‌പരിശീലനം നേടി.

സമൃദ്ധി പദ്ധതിയിൽ അഞ്ച്‌ ലക്ഷം രൂപ വായ്‌പയെടുത്തു. ഇതിന്റെ പലിശ പരിയാരം പഞ്ചായത്താണ്‌ അടയ്‌ക്കുന്നത്‌. അഞ്ച്‌ പശുക്കളെ വാങ്ങി, അനുബന്ധ സൗകര്യങ്ങൾ ഒരുക്കി. ആദ്യ ദിനം അളന്നത്‌ 40 ലിറ്റർ പാൽ‌. ആ മാസം പാൽ വിറ്റ വകയിൽ കിട്ടിയത്‌ 20,000 രൂപ. സന്തോഷം ആദ്യം  എംഎൽഎയെ തന്നെ അറിയിച്ചു. ജീവിതത്തിലേക്കും സമൃദ്ധി കുടിയേറി. അസ്‌ലഹയും അൻസിഫയും ഗവ. കോളേജുകളിൽ മെഡിക്കൽ വിദ്യാർഥികൾ. അൽത്താഫ്‌ മെഡിക്കൽ എൻട്രൻസ്‌ പരിശീലനത്തിലാണ്‌. പശുവളർത്തൽ കൂടാതെ തേനിച്ച കൃഷിയുമുണ്ട്‌. എഗ്ഗർ നേഴ്‌സറിക്കുള്ള തയ്യാറെടുപ്പിലാണ്‌.