നേരിന്റെ പാതയിൽ മുന്നോട്ട്‌

Saturday Mar 6, 2021
●വേണു കെ ആലത്തൂർ


പാലക്കാട്‌>നെല്ലിയാമ്പതി മലനിരയും പറമ്പിക്കുളം ആദിവാസി ഊരുകളും അടങ്ങുന്ന‌ ഏറ്റവും വലിയ നിയമസഭാമണ്ഡലങ്ങളിലൊന്നായ നെന്മാറയ്‌ക്ക്‌ ഇടതുപക്ഷ മനസ്സാണ്‌‌‌. പഴയ കൊല്ലങ്കോട്‌ നിയമസഭാമണ്ഡലമാണ്‌ പിന്നീട്‌ നെന്മാറയായത്‌. പഴയ മണ്ഡലത്തിൽപ്പെട്ട കോൺഗ്രസ്‌പാരമ്പര്യമുള്ള വടവന്നൂർ പഞ്ചായത്ത്‌ കൂട്ടിച്ചേർത്തെങ്കിലും നെന്മാറയുടെ ചുവപ്പിന്‌ ഇളക്കം തട്ടിയില്ല. തമിഴ്‌സംസ്‌കാരവുമായി ഇഴചേർന്ന്‌ കിടക്കുന്ന മണ്ഡലംകൂടിയാണിത്‌.

കർഷകരും കർഷകത്തൊഴിലാളികളും നിർണായക സ്വാധീനമുള്ള പ്രദേശം‌. മണ്ഡലം രൂപീകരിച്ചതുമുതൽ ഇടതുപക്ഷത്തിനാണ്‌ മേൽക്കൈ. കൊല്ലങ്കോട്‌ മണ്ഡലമായിരക്കെ 1970മുതൽ 2006വരെ ഒമ്പത്‌ തെരഞ്ഞടുപ്പിൽ രണ്ടുതവണ മാത്രമാണ്‌ കോൺഗ്രസിലെ കെ എ ചന്ദ്രൻ വിജയിച്ചത്‌. 1970മുതൽ ’82വരെ സിപിഐ എമ്മിലെ സി വാസുദേവമേനോനും അതിനുശേഷം സിപിഐ എമ്മിലെതന്നെ സി ടി കൃഷ്‌ണൻ, ടി ചാത്തു എന്നിവരും വിജയിച്ചു. 1996, 2001 തെരഞ്ഞെടുപ്പകളിലാണ്‌ കോൺഗ്രസിലെ കെ എ ചന്ദ്രൻ വിജയിച്ചത്. ‌2006ൽ വി ചെന്താമരാക്ഷൻ‌ കെ എ ചന്ദ്രനിൽനിന്ന്‌ മണ്ഡലം തിരിച്ചുപിടിച്ചു‌. നെന്മാറ മണ്ഡലമായശേഷം 2011ലെ ആദ്യ തെരഞ്ഞെടുപ്പിൽ സിഎംപിയിലെ എം വി രാഘവനെയാണ്‌ വി ചെന്താമരാക്ഷൻ തോൽപ്പിച്ചത്‌. 2016ൽ സിപിഐ എമ്മിലെ കെ ബാബു കോൺഗ്രസിലെ എ വി ഗോപിനാഥിനെ തോൽപ്പിച്ചു. കെ ബാബുവിന്റെ ഭൂരിപക്ഷം 7,408‌.
അയിലൂർ, എലവഞ്ചേരി, പല്ലശന, കൊല്ലങ്കോട്‌, മുതലമട, കൊടുവായൂർ, പുതുനഗരം, വടവന്നൂർ, നെന്മാറ, നെല്ലിയാമ്പതി പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ നെന്മാറ മണ്ഡലം. ഇതിൽ അയിലൂർ, എലവഞ്ചേരി, പല്ലശന, കൊല്ലങ്കോട്‌, മുതലമട, കൊടുവായൂർ പഞ്ചായത്തുകൾ എൽഡിഎഫും പുതുനഗരം, വടവന്നൂർ, നെന്മാറ, നെല്ലിയാമ്പതി പഞ്ചായത്തുകൾ യുഡിഎഫുമാണ്‌ ഭരിക്കുന്നത്‌. നെന്മാറ പഞ്ചായത്ത്‌ ടോസിലൂടെയാണ്‌ യുഡിഎഫ്‌ നേടിയത്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ 30,221 വോട്ട്‌ മണ്ഡലത്തിൽ ലീഡ്‌ നേടിയിരുന്നു. എന്നാൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തെറ്റ്‌ തിരുത്തി. എൽഡിഎഫ്‌ 10,755 വോട്ടിന്റെ ഭൂരിപക്ഷം നേടി. കഴിഞ്ഞ തവണ എൽഡിഎഫിന്‌ നഷ്ടപ്പെട്ട ജില്ലാ പഞ്ചായത്ത്‌ കൊടുവായൂർ ഡിവിഷൻ യുഡിഎഫിൽനിന്ന്‌ തിരിച്ചുപിടിക്കുകയും ചെയ്‌തു. കൊല്ലങ്കോട്‌ ബ്ലോക്ക്‌ പഞ്ചായത്തിലും എൽഡിഎഫ്‌ മികച്ച ഭൂരിപക്ഷം നേടി.

വോട്ട്‌നില
2011 നിയമസഭ
വി ചെന്താമരാക്ഷൻ(സിപിഐ എം)  64,169
എം വി രാഘവൻ (സിഎംപി) 55,475
2016 നിയമസഭ
കെ ബാബു(സിപിഐ എം) 66,316
എ വി ഗോപിനാഥ്‌(കോൺഗ്രസ്‌) 58,908
2020 തദ്ദേശം
എൽഡിഎഫ്‌ 67,192
യുഡിഎഫ്‌ 56,437