അഭിമാനം വീണ്ടെടുക്കാൻ

Saturday Mar 6, 2021
സുപ്രിയ സുധാകർ

കണ്ണൂർ>നാടിന്റെ വികസനകാര്യങ്ങളിൽ ശ്രദ്ധിക്കാതെ എംഎൽഎ സ്വന്തം ‘വികസനം’ മാത്രം നടപ്പാക്കുകയും അഴിമതിക്കേസിൽ കുടുങ്ങുകയും ചെയ്ത ദുരവസ്ഥയിൽനിന്ന്‌ മോചനം ആഗ്രഹിക്കുന്ന മണ്ഡലമാണ്‌ അഴീക്കോട്‌.


കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ അഴീക്കോട്‌ ഹൈസ്‌കൂളിൽ‌ പ്ലസ്‌ടു അനുവദിച്ചതിന്‌ മാനേജ്‌മെന്റിൽനിന്ന് കെ എം ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ്‌ പരാതി.
തെളിവുസഹിതമുള്ള പരാതി വിജിലൻസ്‌ അന്വേഷിക്കുകയാണിപ്പോൾ. കോടികളുടെ അനധികൃത സമ്പാദ്യത്തെക്കുറിച്ച്‌ വിജിലൻസും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും അന്വേഷിക്കുന്നു. വൻതോതിലുള്ള വരുമാനം ‘ഇഞ്ചിക്കൃഷി’യിലൂടെയാണെന്ന വാദം ഷാജിയെ കുടുതൽ പരിഹാസ്യനാക്കി.
     അഴീക്കൽ തുറമുഖം ആധുനികരീതിയിൽ വികസിപ്പിക്കുന്നതടക്കമുള്ള പദ്ധതികളിലൂടെ മണ്ഡലത്തിൽ വൻ വികസനമുന്നേറ്റത്തിന്‌ എൽഡിഎഫ്‌ സർക്കാർ ശ്രമിച്ചപ്പോൾ പുറംതിരിഞ്ഞുനിന്നു എംഎൽഎ. കിഫ്‌ബിയുടെ സാധ്യത ഉപയോഗപ്പെടുത്താനും തയാറായില്ല. ഇരിണാവിൽ തറക്കല്ലിട്ട കോസ്‌റ്റ്ഗാർഡ്‌ അക്കാദമി മോഡിസർക്കാർ കർണാടകത്തിലേക്ക്‌ മാറ്റിയപ്പോഴും എംഎൽഎ മൗനിയായി.
     കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വർഗീയപ്രചാരണം നടത്തിയാണ്‌ വിജയം നേടിയതെന്നു കണ്ടെത്തിയ ഹൈക്കോടതി ആറു വർഷത്തേക്ക്‌ ഷാജിയെ അയോഗ്യനാക്കി. സുപ്രീംകോടതിയുടെ കനിവിലാണ്‌ പേരിനുമാത്രം എംഎൽഎയായി തുടരുന്നത്‌. ആനുകൂല്യങ്ങൾ പറ്റാനോ നിയമസഭയിൽ വോട്ടുചെയ്യാനോ അവകാശമില്ല. പ്രതികൂല സാഹചര്യത്തിൽ, അഴീക്കോടു വിട്ട്‌  മറ്റൊരിടത്തേക്ക്‌ രക്ഷപ്പെടാനായി ശ്രമം. ചെറിയ എതിർപ്പൊന്നുമല്ല അവിടെയും ഉയർന്നത്‌.
     1977ലാണ്‌ മണ്ഡലം നിലവിൽവന്നത്‌. 2011–ൽ അതിർത്തി പുനർനിർണയിച്ചു. കണ്ണൂർ കോർപ്പറേഷനിലെ പള്ളിക്കുന്ന്, പുഴാതി മേഖലയും ചിറക്കൽ, അഴീക്കോട്, നാറാത്ത്, വളപട്ടണം, പാപ്പിനിശേരി പഞ്ചായത്തുകളും ഉൾപ്പെടുന്നു. ആദ്യ തെരഞ്ഞെടുപ്പിൽ സിപിഐ എം നേതാവ്‌ ചടയൻ ഗോവിന്ദനാണ്‌ വിജയിച്ചത്‌. തുടർന്ന്,‌‌ രണ്ടുതവണ സിപിഐ എമ്മിലെതന്നെ പി ദേവൂട്ടി. 1987–ൽ യുഡിഎഫിനൊപ്പംനിന്ന്‌ എം വി രാഘവൻ നിയമസഭയിലെത്തി.
അടുത്ത തവണ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചു. സിപിഐ എമ്മിലെ ഇ പി ജയരാജനും പിന്നീട്,‌ ടി കെ ബാലനും അഴീക്കോടിന്റെ പ്രതിനിധികളായി. 2005–ൽ ടി കെ ബാലന്റെ നിര്യാണത്തെതുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ എം പ്രകാശൻ റെക്കോഡ്‌ ഭൂരിപക്ഷത്തിൽ ജയിച്ചു. 2006ലും വിജയം ആവർത്തിച്ചു.
       2011–ൽ 493 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ കടന്നുകൂടിയ കെ എം ഷാജിക്ക്‌ 2016–ൽ ഭൂരിപക്ഷം 2287 ആയി. എൽഡിഎഫിലെ എം വി നികേഷ്‌കുമാറാണ്‌ പരാജയപ്പെട്ടത്‌. ശക്തമായ തിരിച്ചുവരവിന്‌ ഒരുങ്ങുന്ന എൽഡിഎഫിന്‌ തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ആത്മവിശ്വസം നൽകുന്നു.

ആകെ വോട്ടർമാർ: 1,75,962
 പുരുഷന്മാർ: 81,264
 സ്ത്രീകൾ: 94,697
 ട്രാൻസ്‌ജെൻഡർ: 1
നിയമസഭ– 2016
എൽഡിഎഫ്‌: 60,795
യുഡിഎഫ്: 63,082
എൻഡിഎ: 12,580
യുഡിഎഫ്‌ ഭൂരിപക്ഷം: 2,287
ലോക്‌സഭ– 2019
എൽഡിഎഫ്: 51,218
യുഡിഎഫ്: 73,075
എൻഡിഎ: 11,728
യുഡിഎഫ്‌ ഭൂരിപക്ഷം: 21,857
തദ്ദേശം– 2020
എൽഡിഎഫ്: 45,412
യുഡിഎഫ്‌: 36,956
എൻഡിഎ: 10,065
എൽഡിഎഫ്‌ ഭൂരിപക്ഷം: 8,456