ചെങ്ങന്നൂർ ശരിക്കും മാറി

Saturday Mar 6, 2021
കെ എസ്‌ ഗിരീഷ്‌

ചെങ്ങന്നൂർ കേരള രാഷ്‌ട്രീയത്തിലെ ദിശ നിർണയിച്ച ദേശങ്ങളിലൊന്നാണ്‌.  രാജ്യമാകെ ഉറ്റുനോക്കിയ 2018ലെ  ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ നിർണായകമായ രാഷ്‌ട്രീയ വിജയം നൽകിയ ദേശം.

‌ ഉപതെരഞ്ഞെടുപ്പിന്‌‌ മുമ്പ്‌ 25 വർഷത്തെ കോൺഗ്രസ് കുത്തക തകർത്തെറിഞ്ഞത് 2016ലായിരുന്നു. തീർന്നില്ല, രണ്ടുവർഷത്തിന്‌ ശേഷം നടന്ന  ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫിനെ കൂടുതൽ ചേർത്തു പിടിച്ചു. ഭൂരിപക്ഷം വൻതോതിൽ ഉയർത്തിയെന്നതും പ്രത്യേകത.
 ജില്ലയുടെ കിഴക്കേയറ്റത്തുള്ള മണ്ഡലം. പമ്പ, മണിമല, അച്ചൻകോവിലാറുകൾ ഒഴുകുന്നത് ചെങ്ങന്നൂരിലൂടെ. ഗേറ്റ് ഓഫ് ശബരിമല ആയി പ്രഖ്യാപിച്ച റെയിൽവേ സ്‌റ്റേഷനാണ് ചെങ്ങന്നൂരിലേത്. 2018ലെ മഹാപ്രളയത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാശനഷ്‌ടമുണ്ടായതും  ഇവിടെ. വെള്ളം കയറാത്ത ഒരു പ്രദേശവും ഇല്ലായിരുന്നു. അവിടെ നിന്ന് ജനങ്ങളെ കരകയറ്റി എന്നത് എൽഡിഎഫിന്റെ നേട്ടം.  കോൺഗ്രസ് പാഴാക്കിയ 25 വർഷങ്ങൾക്ക് പകരം
വികസനത്തിന്റെ അഞ്ചു വർഷങ്ങൾ സമ്മാനിച്ച് ചെങ്ങന്നൂരിനെ ശരിയായി മാറ്റിയെടുത്തുവെന്നതും കരുത്ത്.
   ചെങ്ങന്നൂർ നഗരസഭയും ആല, ബുധനൂർ, ചെറിയനാട്, മാന്നാർ, മുളക്കുഴ, പാണ്ടനാട്, പുലിയൂർ, തിരുവൻവണ്ടൂർ, വെൺമണി, ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തുകളും ചേരുന്നതാണ് മണ്ഡലം. മണ്ഡലാതിർത്തി പുനർനിർണയിച്ചപ്പോൾ മാവേലിക്കരയിലെ ചെന്നിത്തല തൃപ്പെരുന്തുറയും ആറൻമുളയിലെ മുളക്കുഴയും ഉൾപ്പെടുത്തി.
   മാന്നാർ, ബുധനൂർ, പുലിയൂർ, ആല, വെൺമണി, മുളക്കുഴ, ചെറിയനാട്  പഞ്ചായത്തുകൾ ഭരിക്കുന്നത് എൽഡിഎഫ്. തിരുവൻവണ്ടൂരിൽ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ സ്ഥാനങ്ങൾ ലഭിച്ചുവെങ്കിലും
സിപിഐ എം  രാജിവച്ചു. തെരഞ്ഞടുപ്പിൽ കോൺഗ്രസ് പിന്തുണച്ചതിനാലാണിത്. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലും കോൺഗ്രസ് പിന്തുണച്ചതിനാൽ പ്രസിഡന്റ്‌ സ്ഥാനം സിപിഐ എം രാജിവച്ചു. ചെങ്ങന്നൂർ നഗരസഭാ ഭരണം മാത്രമാണ് യുഡിഎഫിന്‌.
പാണ്ടനാട്ട്‌ ബിജെപിയാണ്.  ചെങ്ങന്നൂർ, മാവേലിക്കര
ബ്ലോക്ക് പഞ്ചായത്തുകൾ ഭരിക്കുന്നത് എൽഡിഎഫ് ആണ്. വെൺമണി, മുളക്കുഴ, മാന്നാർ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ജയിച്ചത് എൽഡിഎഫ്.
     പ്രഥമ കേരള നിയമസഭയുടെ സ്‌പീക്കറെ സമ്മാനിച്ചാണ് ചെങ്ങന്നൂരിന്റെ നിയമസഭാ ചരിത്രം തുടങ്ങുന്നത്. 1957 ൽ അവിഭക്ത കമ്യൂണിസ്‌റ്റ്‌ പാർടിയിലെ ആർ ശങ്കരനാരായണൻ തമ്പിയാണ് ജയിച്ചു കയറി സ്‌പീക്കറായത്. 1960 ൽ കോൺഗ്രസിലെ കെ ആർ സരസ്വതിയമ്മ ജയിച്ചു.
 1965 ലും അവർ തന്നെ. 1967 ൽ മണ്ഡലം തിരിച്ചു പിടിച്ച സിപിഐ എമ്മിലെ പി ജി പുരുഷോത്തമൻ പിള്ള 1970 ലും ജയം ആവർത്തിച്ചു.

എൻഡിപിയെ പ്രതിനിധീകരിച്ച എസ് തങ്കപ്പൻപിള്ള 1977 ലും കെ ആർ സരസ്വതിയമ്മ 1980ലും എസ്‌ രാമചന്ദ്രൻ പിള്ള 1982 ലും ജയിച്ചു. 1987ൽ കോൺഗ്രസ് എസിലെ മാമ്മൻ ഐപ്പിലൂടെ മണ്ഡലം വീണ്ടും ഇടതുപക്ഷത്തിനൊപ്പമായി. 1991, 1996, 2001 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ ശോഭന ജോർജും 2006,  2011 വർഷങ്ങളിൽ പി സി വിഷ്‌ണുനാഥും  ജയിച്ചു. നീണ്ട ഇടവേളയ്‌ക്കു ശേഷം 2016ൽ സിപിഐ എമ്മിലെ കെ കെ രാമചന്ദ്രൻ നായർ മണ്ഡലം വീണ്ടും ചുവപ്പിച്ചു. തോൽപ്പിച്ചത് പി സി വിഷ്‌ണുനാഥിനെ. രാമചന്ദ്രൻ നായരുടെ വിയോഗത്തോടെ 2018 ൽ ഉപതെരഞ്ഞെടുപ്പ്. സിപിഐ എമ്മിലെ സജി ചെറിയാൻ മിന്നും ജയം നേടി.