വിലയ്‌ക്ക്‌ വാങ്ങലും മുതലെടുപ്പും ബിജെപി ലക്ഷ്യം

Friday Mar 5, 2021


തിരുവനന്തപുരം
നിയമസഭയിൽ  ഒരു സീറ്റ്‌ മാത്രമുള്ള ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതും പിന്മാറിയതും വലിയ തമാശയാണെങ്കിലും പുറത്തുവന്നത്‌  തനിനിറം. തിരുവല്ലയിൽ വ്യാഴാഴ്‌ചയാണ്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്‌.  ചാനലുകൾ ലൈവായി വാർത്ത കൊടുത്തു.  എന്നാൽ, മുഖ്യമന്ത്രി ആരാകണമെന്ന്‌ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ തിരുത്തി. വെള്ളിയാഴ്‌ച സുരേന്ദ്രനും മലക്കം മറിഞ്ഞു. 


 

രാഷ്‌ട്രീയമായ ചേരികൾക്കപ്പുറം അംഗീകാരമുള്ള വ്യക്തിത്വമാണ്‌  മെ‌ട്രോമാനായ ഇ ശ്രീധരൻ.  അദ്ദേഹത്തിന്റെ അംഗീകാരത്തെ വോട്ടാക്കി മാറ്റാനാകുമോ എന്നാണ്‌ ബിജെപി പരീക്ഷണം‌. കേരളത്തിൽ പ്രതീക്ഷിച്ച വളർച്ച നേടാനായിട്ടില്ലെന്നു മാത്രമല്ല അതിരൂക്ഷമായ ആഭ്യന്തര പ്രശ്‌നത്തിലുമാണ്‌ ബിജെപി. സുരേന്ദ്രന്റെ 50 രൂപ പെ‌ട്രോളും കുമ്മനം നൽകാമെന്നു പറഞ്ഞ 60 രൂപ പെ‌ട്രോളും ട്രോളർമാർ തകർത്ത്‌ ഓടിക്കുമ്പോഴും പെ‌ട്രോൾ പമ്പുകളിലും അടുക്കളകളിലും വീഴുന്ന കണ്ണീരിന്‌ ബിജെപിക്ക്‌ മറുപടിയില്ല‌.

ബിജെപിക്ക്‌ കാര്യമായ മുന്നേറ്റം നടത്താനാകില്ലെന്ന്‌ തദ്ദേശ തെരഞ്ഞെടുപ്പും തെളിയിച്ചു. നിലവിലുള്ള ഒരു സീറ്റ്‌ തന്നെ സംശയത്തിലാണ്‌. തന്നെ പോലെ വോട്ട്‌ ക്യാൻവാസ്‌ ചെയ്യാൻ കുമ്മനത്തിനോ മറ്റോ ആകില്ലെന്ന്‌ ഏക ബിജെപി എംഎൽഎ ഒ രാജഗോപാൽ തന്നെയാണ്‌ തുറന്നു പറഞ്ഞത്‌. 

അധികാരത്തിൽ വരാൻ 40 സീറ്റ്‌ മതിയെന്ന സുരേന്ദ്രന്റെ പ്രഖ്യാപനത്തിന്റെ പൊരുൾ ഇവിടെയാണ്‌‌. മറ്റ്‌ സംസ്ഥാനങ്ങളിൽ പരീക്ഷിച്ച്‌ വിജയിച്ച വിലയ്‌ക്ക്‌ വാങ്ങൽ തന്നെയാണ്‌ പദ്ധതി. വിൽക്കപ്പെടാൻ സന്നദ്ധരായി വില എഴുതിവച്ച്‌ നിൽക്കുന്ന കോൺഗ്രസ്‌ എംഎൽഎ മാരെ പുതുച്ചേരിയിലടക്കം  കാണുകയും ചെയ്തു. ഇവിടെ ബിജെപിയിലേക്ക്‌ പോകുമെന്ന്‌ പരസ്യമായി ഭീഷണി ഉയർത്തിയത്‌  ഒരു കോൺഗ്രസ്‌ എംപി തന്നെയാണ്‌. 

ഏതെങ്കിലും വ്യക്തിയുടെ പിന്നിൽ അണിനിരക്കുന്ന ശീലം കേരളത്തിന്‌ മുമ്പുമില്ലെന്നതും ചരിത്രം. 2016 ൽ എഴുത്തുകാരും ‘സെലിബ്രിറ്റി‘കളുമായി ‘ആപ്പ്‌’ തെരഞ്ഞെടുപ്പിനിറങ്ങിയതും കേരളം കണ്ടതാണ്‌.