കർഷകസമരച്ചൂളയിൽ കുട്ടനാട്‌

Friday Mar 5, 2021


സമുദ്രനിരപ്പിലും താഴ്‌ന്നതാണ് കുട്ടനാടിന്റെ ഭൂപ്രദേശമെങ്കിലും  ഗിരിശിഖരങ്ങളിലും ഉയരത്തിലാണ് കുട്ടനാടിന്റെ‌ രാഷ്‌ട്രീയബോധ്യങ്ങൾ.

പ്രളയവും വരൾച്ചയും മടവീഴ്‌ചയും രോഗപീഡകളും വേട്ടയാടുമ്പോഴും മണ്ണിൽ വിയർപ്പൊഴുക്കി കേരളത്തിന്റെ നെല്ലറ നിറയ്‌ക്കുന്ന ദേശം‌.  കേന്ദ്രത്തിന്റെ കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെ രാജ്യത്തുയരുന്ന പ്രതിഷേധങ്ങൾ പ്രതിധ്വനിക്കുന്ന കുട്ടനാടിന്‌  തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയസമരം അല്ലാതെ മറ്റൊന്നല്ല. രണ്ടുകൊയ്‌ത്തിന് ഒരുതീർപ്പു കറ്റയ്‌ക്കും ഏഴിലൊന്നു പതവും നാലിലൊന്ന്‌ തീർപ്പിനുമായി ഉജ്വല സമരങ്ങളുയർന്ന നാടാണ്‌ കുട്ടനാട്‌. 13ൽ എട്ടുതവണയും എൽഡിഎഫിനെയാണ്‌ തെരഞ്ഞെടുത്തത്‌.  
 രണ്ട്‌ പ്രളയത്തിൽനിന്ന്‌ കരകയറ്റിയ സർക്കാരിനോടുള്ള പ്രതിബദ്ധതയാണ്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ പിന്തുണയേറ്റിയത്‌. 2016ൽ 50,144 വോട്ട്‌ നേടി ജയിച്ച എൽഡിഎഫിന്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ‌ 2573 വോട്ട്‌ കൂടി. കേരള കോൺഗ്രസിന്റെ മുന്നണിമാറ്റവും യുഡിഎഫിനെ ദുർബലമാക്കി.
 2018ലെ പ്രളയത്തിൽനിന്ന്‌ കരകയറ്റാൻ 484 കോടിയാണ്‌ കുട്ടനാടിന്‌ ദുരിതാശ്വാസമായി നൽകിയത്‌. 2447 കോടി രൂപയുടെ കുട്ടനാട് പാക്കേജിന്റെ രണ്ടാംഘട്ടത്തിന്‌ തുടക്കമായതും നെല്ല്‌ സംഭരണം കാര്യക്ഷമമാക്കിയതും 28 രൂപ തറവില നിശ്‌ചയിച്ചതും പിണറായി സർക്കാരിന്‌ പ്ലസ്‌ പോയിന്റ്‌.
 എസി റോഡിൽ എലിവേറ്റഡ്‌ ഹൈവേ, കുട്ടനാട് ബ്രാൻഡ്‌ അരി ഉൽപ്പാദിപ്പിക്കാൻ സംയോജിത റൈസ് പാർക്ക്, കുടിവെള്ളപ്രശ്‌നം പരിഹരിക്കാൻ 291 കോടി രൂപ ചെലവഴിച്ച് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഒക്കെ പ്രതീക്ഷയാണ്‌. തോട്ടപ്പള്ളി സ്‌പിൽവേ പൊഴി വീതികൂട്ടി തുറന്ന്‌ പ്രളയം ഒഴിവാക്കിയപ്പോൾ സമരവുമായി എത്തിയ കോൺഗ്രസ്‌ നിലപാടിന്‌‌ മറുപടി നൽകാൻ കാത്തിരിക്കയാണ്‌ കുട്ടനാട്ടുകാർ.
 13 പഞ്ചായത്തുകളിൽ പത്തിടത്തും എൽഡിഎഫ്‌ ഭരണമാണ്‌. കൈനകരി, ചമ്പക്കുളം, തകഴി, വീയപുരം, തലവടി, മുട്ടാർ, രാമങ്കരി, വെളിയനാട്, കാവാലം, നീലംപേരൂർ എന്നീ പഞ്ചായത്തുകളാണ്‌ എൽഡിഎഫ്‌ നേടിയത്‌. പുളിങ്കുന്ന്, നെടുമുടി, എടത്വാ എന്നിവയാണ്‌ യുഡിഎഫിന്‌. ചമ്പക്കുളം, വെളിയനാട് ജില്ലാ പഞ്ചായത്ത്‌ ഡിവിഷനും എൽഡിഎഫിനാണ്‌. വെളിയനാട് ബ്ലോക്ക് പഞ്ചായത്തിലും എൽഡിഎഫ്‌ ഭരണമാണ്.
 കുട്ടനാട്‌ സീറ്റ്‌ ഏറ്റെടുക്കാൻ കോൺഗ്രസ്‌ നീക്കം യുഡിഎഫിനെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരിക്കുകയാണ്‌. കഴിഞ്ഞതവണ ബിഡിജെഎസ്‌ പ്രതിനിധിയായി മത്സരിച്ച സുഭാഷ്‌വാസു പിളർന്നുപോയത്‌ എൻഡിഎയ്‌ക്ക്‌ തലവേദനയായി.  
1965ൽ തോമസ് ജോണാണ്‌ (കേരള കോൺ.) മണ്ഡലത്തിലെ‌ ആദ്യ വിജയി. 1967ൽ കെ കെ കുമാരപിള്ള(സ്വതന്ത്രൻ)യും 1970 ഉമ്മൻ തലവടി (എസ്ഒപി), 1977 ഈപ്പൻ കണ്ടകുടി (കേരള കോൺ.), 1980 ഉമ്മൻ മാത്യു (കേരള കോൺ. ജേക്കബ്) എന്നിവർക്കാണ്‌ ജയം. 1982, 87, 91, 96,2001 വർഷങ്ങളിൽ കെ സി ജോസഫ് (കേരള കോൺഗ്രസിലെ കെ സി ജോസഫ്‌ തുടർച്ചയായി വിജയിച്ചു.
2006ൽ വിജയിച്ച തോമസ് ചാണ്ടി (ഡിഐസി) എൻസിപിയിലൂടെ എൽഡിഎഫിലെത്തി. 2011 ലും അദ്ദേഹം വിജയിച്ചു. 2016 ൽ ജയിച്ച്‌ മന്ത്രിയായ തോമസ്‌ ചാണ്ടി 2019ൽ അന്തരിച്ചു.

2016 നിയമസഭ  
തോമസ് ചാണ്ടി (എൻസിപി) 50114
ജേക്കബ് എബ്രഹാം (കേരള കോൺഗ്രസ് എം) 45223
സുഭാഷ് വാസു (ബിഡിജെഎസ്) 33044
ഭൂരിപക്ഷം 4891