കൃഷിയുടെ മാറ്ററിഞ്ഞ മണ്ണ്‌

Friday Mar 5, 2021
സ്വന്തം ലേഖകൻ

മങ്കട>കാർഷികമേഖലയുടെ മാറ്ററിഞ്ഞ ഭൂമിക.

സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരുടെയും എം പി നാരായണമേനോന്റെയും ജന്മദേശം. സി എച്ച് മുഹമ്മദ് കോയ, പാലോളി മുഹമ്മദ്കുട്ടി,  കൊരമ്പയിൽ അഹമ്മദ് ഹാജി തുടങ്ങിയ പ്രമുഖർ അങ്കംകുറിച്ച മണ്ണ്‌.    മങ്കട, മക്കരപ്പറമ്പ്, അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, കുറുവ, മൂർക്കനാട്, പുഴക്കാട്ടിരി എന്നീ ഏഴു പഞ്ചായത്തുകൾ ചേർന്നതാണ് മണ്ഡലം. 11 തവണ മുസ്ലിംലീഗും മൂന്നു‌തവണ ഇടതുപക്ഷവും വിജയിച്ചു. 1965ൽ പാലോളി മുഹമ്മദ്കുട്ടിയും 2001ലും 2006ലും എൽഡിഎഫ്‌ സ്വതന്ത്രന്‍ മഞ്ഞളാംകുഴി അലിയുമാണ് ഇടതുപക്ഷത്തുനിന്ന്‌ ജയിച്ചത്‌.   2001ൽ കെ പി എ മജീദും 2006ൽ എം കെ മുനീറും തോൽവിയറിഞ്ഞു. 2011ൽ ലീഗിലെ ടി എ അഹമ്മദ് കബീർ മണ്ഡലം തിരിച്ചുപിടിച്ചു.  2016ൽ എൽഡിഎഫിലെ അഡ്വ. ടി കെ റഷീദലിയോട് കഷ്ടിച്ചാണ് അഹമ്മദ് കബീർ രക്ഷപ്പെട്ടത്, ഭൂരിപക്ഷം 1508.  യുഡിഎഫ്‌ ഭൂരിപക്ഷം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ കുറഞ്ഞു.  രൂപീകരണംമുതൽ മുസ്ലിംലീഗ് മാത്രം ഭരിക്കുന്ന കുറുവ പഞ്ചായത്തിൽ എൽഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കി.   വെൽഫെയർ പാർടിയുടെ പരസ്യ പിന്തുണയാണ്  ലോക്‌സഭാ–തദ്ദേശ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്  നേട്ടമുണ്ടാക്കിക്കൊടുത്തത്.  എംഎൽഎ വികസന പ്രവർത്തനങ്ങളോട് മുഖംതിരിഞ്ഞ് നിന്നപ്പോഴും മണ്ഡലത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ നിരവധി. ആറ് പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കാൻ മൂർക്കനാട് കുടിവെള്ള പദ്ധതി ഒരുങ്ങി. മങ്കട ഗവ. കോളേജിന് മൂർക്കനാട് പുന്നക്കാട്ട് കിഫ്‌ബിയിൽനിന്ന്‌ ഫണ്ടും പുതിയ പിജി കോഴ്‌സും അനുവദിച്ചു.

പ്രതിനിധീകരിച്ചവർ

1957 മുഹമ്മദ് കോഡൂർ (ലീഗ്)

1960 പി അബ്ദുൾ മജീദ് (ലീഗ്)

1965 പാലോളി  മുഹമ്മദ്കുട്ടി (സിപിഐ എം)

1967 സി എച്ച് മുഹമ്മദ് കോയ (ലീഗ്)

1970 എം മൊയ്തീൻ കുട്ടി (ലീഗ്)

1977 കൊരമ്പയിൽ അഹമ്മദ് ഹാജി (ലീഗ്)

1980, 1982, 1987, 1991, 1996 കെ പി എ മജീദ് (ലീഗ്)

2001 മഞ്ഞളാംകുഴി അലി (എൽഡിഎഫ് സ്വത.)

2006 മഞ്ഞളാംകുഴി അലി (എൽഡിഎഫ് സ്വത.)

2011 ടി എ അഹമ്മദ് കബീർ (ലീഗ്)

2016 ടി എ അഹമ്മദ് കബീർ (ലീഗ്)


2016 നിയമസഭ

ടി എ അഹമ്മദ് കബീർ (മുസ്ലിംലീഗ്) 69,165

ടി കെ റഷീദലി (സിപിഐ എം) 67,657

ബി രതീഷ് (ബിജെപി) 6641

ഹമീദ് വാണിയമ്പലം (വെൽഫെയർ പാർടി) 3999

ഭൂരിപക്ഷം 1508

തദ്ദേശ തെരഞ്ഞെടുപ്പ് 2020 മൂർക്കനാട് (എൽഡിഎഫ്), മങ്കട, മക്കരപ്പറമ്പ്, അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, കുറുവ (യുഡിഎഫ്).