കെ സിയെ ചുമക്കില്ല, കണ്ണ‌ൂരിൽ 
ആളില്ല , കയ്‌പമംഗലത്തിന്‌ 
കയ്‌പ്‌

ധർമജനോ, അയ്യോ ! യുഡിഎഫിൽ വേണ്ടേ... വേണ്ട

Thursday Mar 4, 2021

യുഡിഎഫിൽ സീറ്റ്‌ ധാരണയായിട്ടില്ല. സ്ഥാനാർഥി ചർച്ചകളും പാതിവഴിയിലാണ്‌. അപ്പോഴേ മുഴങ്ങിക്കേൾക്കുന്നത്‌ വലിയൊരു ‘വേണ്ട’യാണ്‌‌. സ്ഥാനാർഥികളായി കേട്ടവർക്ക്‌ മണ്ഡലം വേണ്ട.‌ ഉയർന്നുകേട്ട പേരുകാരെ പ്രവർത്തകർക്ക്‌ വേണ്ട. ഘടക പാർടികൾക്ക്‌ അവർക്കു കൊടുത്ത മണ്ഡലം വേണ്ട. ചില മണ്ഡലംകാർക്ക്‌ ഘടക കക്ഷികളെയും പിടിക്കുന്നില്ല. ചുരുക്കത്തിൽ ‘വേണ്ട’യിൽ കുഴങ്ങുകയാണ്‌ യുഡിഎഫ്‌

ധർമജനോ, അയ്യോ
സംവരണ മണ്ഡലമായ ബാലുശ്ശേരിയിൽ നടൻ ധർമജൻ ബോൾഗാട്ടിയെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി യുഡിഎഫ് മണ്ഡലം കമ്മിറ്റി ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്‌ കെപിസിസിക്ക്‌ പരാതി നൽകി.നടിയെ ആക്രമിച്ച കേസിൽ പ്രമുഖ നടനെ പിന്തുണച്ച ധർമജന്റെ നിലപാട്‌ തെരഞ്ഞെടുപ്പിൽ ചർച്ചയാകും. ഇക്കാര്യത്തിൽ മറുപടി പറഞ്ഞ്‌ കുഴങ്ങുമെന്ന്‌ മണ്ഡലം കമ്മിറ്റി കെപിസിസിക്ക് മുന്നറിയിപ്പുനൽകി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പു തന്നെ ബാലുശ്ശേരി കേന്ദ്രീകരിച്ച് ധർമജൻ പ്രവർത്തനം തുടങ്ങിയിരുന്നു. ഇത്‌ പ്രാദേശിക കോൺഗ്രസ്‌ നേതാക്കൾക്കും പ്രവർത്തകർക്കും പിടിച്ചിട്ടില്ല. 

ധർമജനു പകരം യുവ സ്ഥാനാർഥിയെ നിർത്തണമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ നിർദേശം. ദളിത് ആക്ടിവിസ്റ്റ് വിപിൻ കൃഷ്ണൻ, എൻജിഒ അസോസിയേഷൻ നേതാവ് മധു എന്നിവരുടെ പേരുകളാണ് ഉള്ളത്. 


 

രാജാമണിക്ക്‌ എതിർപ്പ്‌
വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന്‌ മുൻ അംബാസഡർ വേണുരാജാമണിയും കെപിസിസി നേതൃത്വത്തെ അറിയിച്ചു. മുൻ ചീഫ്‌ സെക്രട്ടറി ജിജി തോംസൺ, ഗായകൻ ജി വേണുഗോപാൽ, നടൻ മണിയൻപിള്ള രാജു എന്നിവർക്കു പിന്നാലെയാണ്‌ വേണുരാജാമണിയുടെ പിന്മാറ്റം.  പ്രാദേശിക നേതാക്കളുടെ എതിർപ്പാണ്‌ പിൻമാറ്റത്തിനു കാരണം. ‌

‌മലക്കംമറിഞ്ഞ്‌ ഷാജി
കെ എം ഷാജിയെ കാസർകോട്ട്‌ സ്ഥാനാർഥിയാക്കുന്നതിനെതിരെ മുസ്ലിംലീഗിൽ പടയൊരുക്കം. കാസർകോട്ടെ  ലീഗ്‌ നേതാക്കൾ പാണക്കാട്ടെത്തി  പ്രതിഷേധം അറിയിച്ചു. സിറ്റിങ്‌‌ എംഎൽഎ എൻ എ നെല്ലിക്കുന്നിന്റെ നേതൃത്വത്തിലാണ്‌ സംഘമെത്തിയത്‌.

   വിജയസാധ്യതയുള്ള സ്ഥാനാർഥി വേണമെന്ന്‌ നേരത്തെ ആവശ്യപ്പെട്ടിരുന്നതായി ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൾ റഹിമാൻ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. കാസർകോട്‌ കിട്ടില്ലെന്ന്‌‌ അറിഞ്ഞതോടെ ഷാജി മലക്കംമറിഞ്ഞു.‌ മറ്റെവിടെയും ഇല്ലെങ്കിൽ അഴീക്കോട് തന്നെയാകാമെന്നാണ്‌ ഇപ്പോൾ നിലപാട്‌. ‘എന്നെ മാത്രമല്ല, എന്റെ കുടുംബത്തെയടക്കം പീഡിപ്പിച്ചു. അതൊക്കെ മറക്കുക എന്റെ ശീലത്തിന്‌ നിരക്കുന്നതല്ലെന്നും- മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

കയ്‌പമംഗലത്തിന്‌  
കയ്‌പ്‌
സ്ഥാനാർഥികളെ നിർണയിക്കുന്നതിനു മുമ്പുതന്നെ കയ്‌പമംഗലത്തും കുന്നംകുളത്തും യുഡിഎഫ്‌ പരാജയം സമ്മതിച്ച മട്ടാണ്‌‌.  കയ്‌പമംഗലം സീറ്റ്‌ വേണ്ടെന്ന്‌ ആർഎസ്‌പിയും കുന്നംകുളം വേണ്ടെന്ന്‌ സിഎംപി ജോൺ വിഭാഗവും വ്യക്തമാക്കി‌. ‌രണ്ടു തവണ മൽസരിച്ച്‌  പരാജയപ്പെട്ട സി പി ജോൺ കുന്നംകുളത്തേക്ക്‌ ഇല്ലെന്ന്‌ നേരത്തെ യുഡിഎഫ്‌ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്‌.

കെ സിയെ ചുമക്കില്ല
പതിറ്റാണ്ടുകളായി ഇരിക്കൂറുകാർ ചുമക്കുന്ന കെ സി ജോസഫിനെ ചങ്ങനാശേരിക്കാർക്കും വേണ്ടെന്ന്‌ കോൺഗ്രസുകാർ. നവമാധ്യമങ്ങളിലൂടെയാണ്‌ പ്രതികരണം.‌

കണ്ണ‌ൂരിൽ 
ആളില്ല  
മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധാനംചെയ്യുന്ന ധർമടം ഉൾപ്പെടെ കണ്ണൂർ ജില്ലയിലെ അഞ്ച്‌ മണ്ഡലം യുഡിഎഫ്‌ എഴുതിത്തള്ളിയ മട്ടാണ്‌.

പയ്യന്നൂർ, കല്യാശ്ശേരി, മട്ടന്നൂർ, തലശ്ശേരി മണ്ഡലങ്ങളും വിട്ടു. ധർമടത്ത്‌ കഴിഞ്ഞ രണ്ടുതവണയും പിണറായിക്കെതിരെ മത്സരിച്ച കെപിസിസി അംഗം മമ്പറം ദിവാകരൻ ഇക്കുറി ആ വഴിക്കേയില്ലെന്ന്‌ നേരത്തേ പ്രഖ്യാപിച്ചു. ഫോർവേഡ്‌ ബ്ലോക്കിന്‌ സീറ്റു നൽകി തടിയൂരാനുള്ള ശ്രമം അവരും തള്ളി. ഇപ്പോൾ കോൺഗ്രസ്‌ ആളെ തേടുകയാണ്‌.  

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനതാദൾ -യുവിന്‌ നൽകിയാണ്‌ മട്ടന്നൂർ കോൺഗ്രസ്‌ ഒഴിവാക്കിയത്‌. കല്യാശ്ശേരിയിൽ അമൃത രാമകൃഷ്‌ണനെ ചാവേറാക്കി. ഇടതുപക്ഷത്തിന്റെ നെടുംകോട്ടയായ പയ്യന്നൂരിലും ചാവേറിനെ പരതിനടക്കുകയാണ്‌ കോൺഗ്രസ്‌.