സീറ്റിനായി പിടിവലിയും സമ്മർദവും

ജോസഫ്‌ ഗ്രൂപ്പിൽ 
വിരുന്നുകാർക്ക്‌ 
 സീറ്റില്ല ; കൂടുതൽ സീറ്റ്‌ 
നൽകരുതെന്ന്‌ കോൺഗ്രസ്‌

Thursday Mar 4, 2021
കെ ടി രാജീവ്‌



കോട്ടയം
സീറ്റ്‌ മോഹിച്ച്‌ ജോസഫ്‌ ഗ്രൂപ്പിൽ ചേക്കേറിയ മുതിർന്ന നേതാക്കൾക്കും‌ സീറ്റില്ല. ജോസഫിനൊപ്പം ഉണ്ടായിരുന്നവരെ ‌മാത്രം പരിഗണിക്കുന്നതിനെതിരെ പടയൊരുക്കം തുടങ്ങി. ഫ്രാൻസിസ്‌ ജോർജിനുവേണ്ടി മൂവാറ്റുപുഴയിൽ പിടിമുറുക്കി  കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും കോൺഗ്രസിന്‌ വിട്ടുകൊടുക്കാനുള്ള നീക്കത്തിലും കോട്ടയത്തെ നേതാക്കൾക്ക്‌ എതിർപ്പ്‌.

അടുത്തകാലത്ത്‌ ജോസ്‌പക്ഷത്തുനിന്നും പോയ ജോസഫ്‌ എം പുതുശേരി, വിക്ടർ ടി തോമസ്‌, അന്തരിച്ച മുൻ എംഎൽഎ സി എഫ്‌ തോമസിന്റെ സഹോദരൻ സാജൻ ഫ്രാൻസിസ്‌, പ്രിൻസ്‌ ലൂക്കോസ്‌, അഡ്വ. മൈക്കിൾ ജയിംസ്‌, സജി മഞ്ഞക്കടമ്പൻ, വർഗീസ്‌ മാമൻ എന്നിവർക്കു പുറമെ ജേക്കബ്‌ വിഭാഗത്തിൽനിന്നെത്തിയ ജോണി നെല്ലൂർ എന്നിവർ‌ സീറ്റ്‌ സാധ്യത ഇല്ലാതായതോടെ കടുത്ത പ്രതിഷേധത്തിലാണ്‌.  മൂവാറ്റുപുഴ ലഭിച്ചാൽ 10 സീറ്റുകൾക്ക് വഴങ്ങാമെന്ന്‌  സമ്മതിക്കുമ്പോഴും പരിഗണിക്കുക പരമ്പരാഗത ജോസഫ്‌ പക്ഷക്കാരെ. തിരുവല്ലയിൽ പുതുശേരിയെയും വിക്ടറിനേയും തഴഞ്ഞ്‌ കുഞ്ഞുകോശി പോളിന്‌ നൽകും. ചങ്ങനാശേരിയിൽ വി ജെ ലാലിക്കും കോതമംഗലത്ത്‌ ജോണി നെല്ലൂരിനെ തഴഞ്ഞ്‌ ഷിബു തെക്കുംപുറത്തിനും സീറ്റ്‌ നൽകാനാണ്‌ നീക്കം‌. മൂവാറ്റുപുഴ കിട്ടിയാൽ പൂഞ്ഞാർ വിട്ടുകൊടുക്കും. അവിടെ മത്സരിക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുള്ള  ജില്ലാ പ്രസിഡന്റ്‌ സജി മഞ്ഞക്കടമ്പൻ പുറത്താവും. സീറ്റ്‌ കിട്ടാത്തവർ വിമതശബ്‌ദവുമായി രംഗത്തുണ്ട്‌.

കോട്ടയത്ത്‌ രണ്ട്‌ മതി
അതേസമയം കോട്ടയം ജില്ലയിൽ‌ രണ്ടിൽ കൂടുതൽ സീറ്റുകൾ നൽകരുതെന്ന്‌ കോൺഗ്രസ്‌ നേതാക്കൾ കെപിസിസിയെ അറിയിച്ചു. ജോസഫ് ഗ്രൂപ്പിന് പലയിടത്തും വിജയ സാധ്യതയുള്ള സ്ഥാനാർഥികളില്ല. ഏറ്റുമാനൂർ നൽകിയാൽ കോൺഗ്രസിൽനിന്നും കൂട്ടരാജി ഉണ്ടാകുമെന്ന്‌ ഭീഷണിയുമുണ്ട്‌. ഏറ്റുമാനൂർ സീറ്റ് മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷിന്‌ നൽകാനാണ്‌ നീക്കം.