ഇന്ന്‌ ഇടതുകോട്ട; തുടക്കത്തിൽ മാറിയും മറിഞ്ഞും

Thursday Mar 4, 2021
സ്വന്തം ലേഖിക

കർഷകരുടെയും തൊഴിലാളികളുടെയും അവകാശപോരാട്ടങ്ങൾക്ക്‌ സാക്ഷ്യംവഹിച്ച മാലാക്കായലും ദേശാടനപക്ഷികളുടെ ചിറകടിയൊച്ച ഉയരുന്ന പോളച്ചിറ ഏലയും കടലും കായലും പുഴയും അതിരിടുന്ന ചാത്തന്നൂരിന്റെ മണ്ണിൽ‌ എൽഡിഎഫ്‌ അടിത്തറ എന്നും ശക്തം.

വിധിയെഴുത്തിൽ മത്സ്യ–കശുവണ്ടി– കയർത്തൊഴിലാളികൾ നിർണായക ഘടകം.
പരവൂർ മുനിസിപ്പാലിറ്റിയും ആദിച്ചനല്ലൂർ, ചാത്തന്നൂർ, ചിറക്കര, പൂതക്കുളം, കല്ല്ലുവാതുക്കൽ, പൂയപ്പള്ളി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ചാത്തന്നൂർ നിയമസഭാമണ്ഡലം. ഇതിൽ ചാത്തന്നൂർ, ചിറക്കര, പൂതക്കുളം, പൂയപ്പള്ളി എന്നിവിടങ്ങളിൽ എൽഡിഎഫ്‌ ഭരണം. പരവൂർ മുനിസിപ്പാലിറ്റിയിൽ വൈസ്‌ചെയർമാൻ സ്ഥാനം എൽഡിഎഫിനാണ്‌. ആദിച്ചനല്ലൂർ പഞ്ചായത്തിൽ കോൺഗ്രസും കല്ലുവാതുക്കലിൽ ബിജെപിയുമാണ്‌ ഭരണത്തിൽ.  
മണ്ഡലത്തിൽനിന്ന്‌ നിയമസഭയിലെത്തിയവരിൽ അധികംപേരും ഭരണപക്ഷ ബെഞ്ചിലാണ്‌ ഇരുന്നിട്ടുള്ളത്‌. പതിവുതെറ്റിച്ചത്‌ ഒരിക്കൽ മാത്രം. 2011ൽ കന്നി മത്സരത്തിൽ ജി എസ്‌ ജയലാൽ വിജയിച്ചെങ്കിലും ഭരണം യുഡിഎഫിനായിരുന്നു.  
1965ൽ ചാത്തന്നൂർ മണ്ഡലം രൂപീകൃതമായശേഷം 1998ൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെ 2016 വരെ നടന്ന 14 തെരഞ്ഞെടുപ്പുകളിൽ 10ലും  ഇടതുപക്ഷത്തിനായിരുന്നു ജയം. 2016ൽ 34,407 വോട്ടിന്റെ തകർപ്പൻ ഭൂരിപക്ഷത്തിലാണ്‌ സിപിഐയിലെ ജി എസ് ജയലാലിലൂടെ എൽഡിഎഫ്‌ മണ്ഡലം നിലനിർത്തിയത്‌.  181123 വോട്ടർമാരുള്ള മണ്ഡലത്തിൽ സ്ത്രീകളാണ് ഭൂരിപക്ഷം –97046. പുരുഷൻമാർ 84,076 ഒരു ട്രാൻസ്ജെൻഡർ എന്നിങ്ങനെയാണ്‌ വോട്ടർമാർ.  
 
തങ്കപ്പൻപിള്ള ആദ്യ സാമാജികൻ
1965ലെ തെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർഥിയായ തങ്കപ്പൻപിള്ളയാണ്‌ വിജയിച്ചത്‌; 768 വോട്ടിന്. സിപിഐയിലെ പി രവീന്ദ്രനെയാണ്‌ തോൽപ്പിച്ചത്‌.
മൂന്നാം നിയമസഭയിലേക്കുള്ള 1967ലെ തെരഞ്ഞെടുപ്പിൽ പി രവീന്ദ്രൻ 11,09 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചാത്തന്നൂരിൽ ചെങ്കൊടി പാറിച്ചു. കേരള കോൺഗ്രസിലെ എസ്‌ തങ്കപ്പൻപിള്ളയെയാണ്‌ തോൽപ്പിച്ചത്‌. തങ്കപ്പൻപിള്ള തന്നെ എതിരാളിയായ 1970 ലും പി രവീന്ദ്രൻ വിജയം ആവർത്തിച്ചു. 13948 വോട്ടിന്റെ ഭൂരിപക്ഷം.  
1977ൽ സിപിഐയിലെ ജെ ചിത്തരഞ്ജനായിരുന്നു സ്ഥാനാർഥി. 18,771 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിഎൽഡിയിലെ വരിഞ്ഞം വാസുപിള്ളയെ തോൽപ്പിച്ചു.  1980ലും ചിത്തരഞ്ജൻ വിജയിച്ചു.
ഭൂരിപക്ഷം –15,367 വോട്ട്‌. എതിരാളി വാസുപിള്ള തന്നെ. എന്നാൽ, 1982ൽ ജെ ചിത്തരഞ്ജനെ 5802 വോട്ടിന്‌ കോൺഗ്രസിലെ സി വി പത്മരാജൻ പരാജയപ്പെടുത്തി. എട്ടാം നിയമസഭയിലേക്കുള്ള 1987ലെ തെരഞ്ഞെടുപ്പിൽ സി വി പത്മരാജനെ തോൽപ്പിച്ചു സിപിഐയുടെ പി രവീന്ദ്രൻ മണ്ഡലം തിരിച്ചുപിടിച്ചു. 2456 വോട്ടായിരുന്നു ഭൂരിപക്ഷം. 1991 ൽ വീണ്ടും സി വി പത്മരാജൻ വിജയിച്ചു. 1996ൽ പി രവീന്ദ്രൻ, സി വി പത്മരാജനെ വീണ്ടും തോൽപ്പിച്ചു; 2115 വോട്ടിന്‌. രവീന്ദ്രന്റെ മരണത്തെ തുടർന്ന് 1998ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐയിലെ എൻ അനിരുദ്ധൻ മണ്ഡലം നിലനിർത്തി.  
2001ൽ കോൺഗ്രസിലെ  ജി പ്രതാപവർമ തമ്പാനായിരുന്നു ജയം. എൻ അനിരുദ്ധനെ കേവലം 547 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ തോൽപ്പിച്ചത്‌.
2001ലെ പരാജയത്തിനു‌ കനത്ത മറുപടിയായിരുന്നു 2006ലെ തെരഞ്ഞെടുപ്പ്‌. 23,180 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ എൻ അനിരുദ്ധൻ, പ്രതാപവർമ്മതമ്പാനെ പരാജയപ്പെടുത്തി മണ്ഡലം ഇടതു കോട്ടയാക്കി. 2011ൽ  ജി എസ്  ജയലാലിലൂടെ സിപിഐ മണ്ഡലം നിലനിർത്തി. മഹിള കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയാണ്‌ പരാജയം ഏറ്റുവാങ്ങിയത്‌.
 
കോൺഗ്രസ്‌ മറക്കാത്ത 2016
2016ൽ റെക്കോഡ്‌ ഭൂരിപക്ഷത്തിനായിരുന്നു ജയലാലിന്റെ വിജയം –34,407 വോട്ട്‌. എന്നാൽ, ഈ തെരഞ്ഞെടുപ്പ്‌‌ കോൺഗ്രസിന്‌ ഒരിക്കലും മറക്കാനാകില്ല. സ്വന്തം വോട്ടിലെ കനത്ത ചോർച്ചയിലൂടെ ബിജെപിക്കും പിന്നിൽ മൂന്നാമതായി കോൺഗ്രസ്‌. 2011ൽ ജി എസ്‌ ജയലാൽ –60,187,  ബിന്ദുകൃഷ്‌ണ – 47,598, അഡ്വ. കിഴക്കനേല സുധാകരൻ (ബിജെപി) –3839. ഇതായിരുന്നു വോട്ടുനില. എന്നാൽ, 2016ൽ ശൂരനാട്‌ രാജശേഖരൻ സ്ഥാനാർഥിയായ 2016ൽ കോൺഗ്രസിന്‌ ലഭിച്ചത്‌ 30,139 വോട്ടുമാത്രമാണ്‌. കോൺഗ്രസിലെ വോട്ടുചോർച്ച ബിജെപിക്ക്‌ തുണയായി. ബിജെപി സ്ഥാനാർഥി ബി ബി ഗോപകുമാർ 33,199 വോട്ടുനേടി.  67,606 വോട്ടുനേടിയാണ്‌ ജി എസ്‌ ജയലാലിന്റെ വിജയം.   
 
വിജയികൾ ഇതുവരെ
1965  തങ്കപ്പൻപിള്ള (സ്വത.)       
 1967  പി രവീന്ദ്രൻ (സിപിഐ)   
 1970  പി രവീന്ദ്രൻ (സിപിഐ) ‌  
1977   ജെ ചിത്തരഞ്ജൻ (സിപിഐ)
1980  ജെ ചിത്തരഞ്ജൻ (സിപിഐ).  
 1982   സി വി പത്മരാജൻ  (കോൺ.)
 1987  പി രവീന്ദ്രൻ (സിപിഐ)
1991   സി വി പത്മരാജൻ (കോൺ.)
1996  പി  രവീന്ദ്രൻ (സിപിഐ)   
 1998  എൻ അനിരുദ്ധൻ (സിപിഐ)
2001  ജി പ്രതാപവർമ തമ്പാൻ (കോൺ.)
 2006 എൻ  അനിരുദ്ധൻ  (സിപിഐ)
2011   ജി എസ്  ജയലാൽ (സിപിഐ)
 2016  ജി എസ് ജയലാൽ  (സിപിഐ)
 
2016 ഫലം
 
ജി എസ് ജയലാൽ  (സിപിഐ) 67606
ശൂരനാട് രാജശേഖരൻ (കോൺ)30139
ബി ബി ഗോപകുമാർ 33199
ഭൂരിപക്ഷം 34407