ഉറപ്പുള്ള മണ്ണാണ്‌ കരിമണലിന്റെ നാട്‌

Thursday Mar 4, 2021
സ്വന്തം ലേഖകൻ

അഷ്‌ടമുടിക്കായലും അറബിക്കടലും ഓളംതല്ലുന്ന ചവറയുടെ മണ്ണിന്‌ ചെഞ്ചോപ്പാണ്‌.  കരിമണൽ, കയർ, കശുവണ്ടി, മത്സ്യത്തൊഴിലാളികളുടെ സമരപോരാട്ടങ്ങളിലൂടെയും അവരുടെ അധ്വാനത്തിലൂടെയും രൂപപ്പെട്ടതാണ്‌ ഈ നാടിന്റെ ചുവപ്പ്‌‌.

കരിമണലിന്റെ അതിനായകൻ എന്നറിയപ്പെടുന്ന  ആർഎസ്‌പി നേതാവ്‌ അന്തരിച്ച ബേബിജോൺ ആറ്‌ തെരഞ്ഞെടുപ്പിൽ അഞ്ചിലും ചവറ മണ്ഡലത്തിൽനിന്ന്‌ വിജയിച്ചുകയറിയതും മന്ത്രി ആയതും ‌ ഇടതുപക്ഷമെന്ന നേരിന്റെ പക്ഷത്തുനിന്നാണ്‌. കടലോരമുള്ള കരുനാഗപ്പള്ളി മണ്ഡലത്തിൽനിന്നാണ്‌ 1977 ൽ ചവറ അസംബ്ലി മണ്ഡലം രൂപപ്പെടുന്നത്‌.  
അറബിക്കടലും അഷ്‌ടമുടിക്കായലും പള്ളിക്കലാറും ചവറയുടെ അതിരുപങ്കിടുന്നു. കൊല്ലം കോർപറേഷനിലെ മരുത്തടി, ശക്തികുളങ്ങര, മീനത്തുചേരി, കാവനാട്‌, വള്ളിക്കീഴ്‌, ആലാട്ടുകടവ്‌, കന്നിമേൽ എന്നീ ഏഴു ഡിവിഷനുകളും ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര പഞ്ചായത്തുകളും ചേരുന്നതാണ്‌ ചവറ മണ്ഡലം.

ആറുതവണ ബേബിജോൺ
1977, 1980, 1982, 1987, 1991, 1996 എന്നിങ്ങനെ ആറുതവണ ബേബിജോണിനെ നിയമസഭയിലേക്ക്‌ തെരഞ്ഞെടുത്തു. എ നുറുദീൻകുഞ്ഞ്‌, ഡി രാജേന്ദ്രൻ, കെ സുരേഷ്‌ബാബു, കെ കരുണാകരൻപിള്ള, ജി പ്രതാപവർമതമ്പാൻ എന്നിവരെയാണ്‌ പരാജയപ്പെടുത്തിയത്‌. ബേബിജോണിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ മകൻ ഷിബുബേബിജോൺ  ആർഎസ്‌പിയെ പിളർത്തി ആർഎസ്‌പി ബി രൂപീകരിക്കുകയും യുഡിഎഫിൽ ഘടകകക്ഷിയാകുകയും ചെയ്‌തു.  2001 ലെ തെരഞ്ഞെടുപ്പിൽ ആർഎസ്‌പി ബി യിലെ ഷിബുബേബിജോൺ  യുഡിഎഫ്‌ സ്ഥാനാർഥിയായും ആർഎസ്‌പിയിലെ വി പി രാമകൃഷ്‌ണപിള്ള എൽഡിഎഫ്‌ സ്ഥാനാർഥിയായും മത്സരിച്ചു. ഷിബുവിനായിരുന്നു വിജയം. 2006 ൽ ആർഎസ്‌പിയിലെ എൻ കെ പ്രേമചന്ദ്രൻ എൽഡിഎഫ്‌ സ്ഥനാർഥിയായി മൽസരിച്ച്‌ വിജയിച്ചു. യുഡിഎഫ്‌ സ്ഥാനാർഥി ഷിബുവായിരുന്നു. 2011 ൽ ഷിബുവിന്‌ വിജയവും പ്രേമചന്ദ്രന്‌ പരാജയവും. ഇതിനിടെ ഇരു ആർഎസ്‌പിയും ലയിച്ചു. എന്നാൽ 2016 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭാഗമായ ആർഎസ്‌പിക്ക്‌ തോൽവി സംഭവിച്ചു. ഷിബു ബേബിജോൺ എൽഡിഎഫിലെ എൻ വിജയൻപിള്ളയോട്‌ തോറ്റു.

വിജയികൾ ഇതുവരെ...
1977 –  ബേബിജോൺ (ആർഎസ്‌പി)
1980 –  ബേബിജോൺ (ആർഎസ്‌പി)
1982 –  ബേബിജോൺ (ആർഎസ്‌പി)
1987 –  ബേബിജോൺ (ആർഎസ്‌പി)
1991 –  ബേബിജോൺ (ആർഎസ്‌പി)
1996 – ബേബിജോൺ (ആർഎസ്‌പി)
2001 –  ഷിബു ബേബിജോൺ (ആർഎസ്‌പി ബി)
2006 –  എൻ കെ പ്രേമചന്ദ്രൻ (ആർഎസ്‌പി)
2011 – ഷിബുബേബിജോൺ (ആർഎസ്‌പി)
2016 – എൻ വിജയൻപിള്ള (എൽഡിഎഫ്‌)

2016 തെരഞ്ഞെടുപ്പ്‌ ഫലം
എൻ വിജയൻപിള്ള (എൽഡിഎഫ്‌) – 64,666
ഷിബുബേബിജോൺ (യുഡിഎഫ്‌) – 58,477
എം സുനിൽ (എൻഡിഎ) – 10,276
ഭൂരിപക്ഷം – 6,189

ആകെ വോട്ടർമാർ – 1,77,515
പുരുഷന്മാർ – 86550
സ്‌ത്രീകൾ – 90964
ട്രാൻസ്‌ജെന്റർ – 1