ഇടതുപക്ഷ‌ കോട്ടകെട്ടി പീരുമേട്

Thursday Mar 4, 2021

വെബ് ഡെസ്‌ക്‌
പീരുമേട്‌>തേയിലത്തോട്ടങ്ങളുടെ നാടായ പീരുമേട്‌ ഇക്കുറിയും വികസനത്തുടർച്ചയ്‌ക്കായി ഉറപ്പിച്ചുതന്നെ. താലൂക്കിലെ ഏലപ്പാറ, കൊക്കയാർ, കുമളി, പീരുമേട്‌, പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാർ പഞ്ചായത്തുകളും ഉടുമ്പൻചോല താലൂക്കിലെ  അയ്യപ്പൻകോവിൽ, ചക്കുപള്ളം പഞ്ചായത്തുകളും ചേർന്നതാണ്‌ പീരുമേട്‌ നിയമസഭാ മണ്ഡലം.

2006 മുതൽ എൽഡിഎഫിലെ ഇ എസ്‌ ബിജിമോളാണ്‌ എംഎൽഎ. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഭൂരിഭാഗം പഞ്ചായത്തുകളിലും എൽഡിഎഫ്‌ മികച്ച ഭൂരിപക്ഷമാണ്‌ നേടിയത്‌. രാജഭരണകാലത്തെ വേനൽക്കാല സുഖവാസകേന്ദ്രമായിരുന്ന പീരുമേട്‌ ബ്രിട്ടീഷ്‌ വാഴ്ചക്കാലത്ത്‌ തേയില, കാപ്പി തോട്ടങ്ങളുടെയും നാടായി. ആദിവാസികളും കുടിയേറ്റ കർഷകരും തമിഴ്‌ തോട്ടം തൊഴിലാളികളും ഇടത്തരക്കാരും ചേർന്നതാണ്‌ ‌പീരുമേട്ടിലെ ജനസഞ്ചയം.
 കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണത്തിൽ 97.36 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് വിദ്യാഭ്യാസ മേഖലയിൽ നടന്നത്. കുട്ടിക്കാനം– ചപ്പാത്ത്‌ മലയോര ഹൈവേയുടെ നിർമാണം അതിവേഗത്തിൽ പുരോഗമിക്കുന്നു. കിഫ്‌ബിയിൽനിന്ന്‌ 80.53 കോടി രൂപ ചെലവഴിച്ചാണ്‌ 16 കിലോമീറ്റർ അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കുന്നത്‌. വണ്ടിപ്പെരിയാറിലെ സത്രത്തിൽ എയർസ്ട്രിപ്പ്‌ ആരംഭിച്ചു. വണ്ടിപ്പെരിയാർ സ്കൂളിനെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ അഞ്ചുകോടി രൂപയാണ് സംസ്ഥാന സർക്കാർ കിഫ്ബിവഴി അനുവദിച്ചത്. വിവിധ യുപി, എൽപി സ്കൂളുകൾക്കായി 45 ലക്ഷം രൂപയും എംഎൽഎ ഫണ്ടിൽനിന്ന്‌ അനുവദിച്ചിട്ടുണ്ട്‌. വണ്ടിപ്പെരിയാറിൽ പെൺകുട്ടികൾക്ക്‌ പ്രീമെട്രിക് ഹോസ്റ്റൽ നിർമിച്ചു. കോലാഹലമേട് ഡയറി സയൻസ് കോളേജ്‌ ഉന്നതവിദ്യാഭ്യാസ രംഗത്തും മുന്നേറ്റമായി. 10 കോടിക്ക്‌ വണ്ടിപ്പെരിയാർ പോളിടെക്നിക്‌ നിർമാണം തകൃതിയാണ്‌. ഏലപ്പാറയിൽ ഐടിഐയും തുടങ്ങി. പീരുമേട് നിയോജക മണ്ഡലത്തിലെ ആശുപത്രികൾ ആധുനിക നിലവാരത്തിലായി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയെല്ലാം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. പീരുമേട് താലൂക്കാശുപത്രിക്ക്‌ അനുവദിച്ചത്‌ 23 കോടി രൂപയാണ്‌. ഗൈനക്കോളജി വാർഡിന് ഇ എസ് ബിജിമോൾ എംഎൽഎ രണ്ടു കോടി രൂപയും അനുവദിച്ചു.
സമ്പൂർണ വൈദ്യുതീകരണ മണ്ഡലമായി പീരുമേടിനെ 2017ൽ മന്ത്രി എം എം മണി പ്രഖ്യാപിച്ചു. 49 കോടി രൂപ ചെലവഴിച്ച്‌ നിർമിച്ച വാഗമൺ ഇക്കോ അഡ്വഞ്ചർ ടൂറിസം പാർക്ക് വിനോദസഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ചു കഴിഞ്ഞു. പീരുമേട്ടിൽ ഇക്കോ ലോഡ്ജിങ് സജ്ജമാക്കി. പാഞ്ചാലിമേട് ടൂറിസം പദ്ധതി 3.94 കോടി രൂപയ്‌ക്ക്‌ ഒന്നാംഘട്ടം പൂർത്തീകരിച്ചു. രണ്ടാംഘട്ടമായി അഞ്ചു കോടി രൂപയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ചക്കുപള്ളം ടൂറിസം സർക്യൂട്ടിന്റെ ഭാഗമായുള്ള അരുവിക്കുഴി ടൂറിസം പദ്ധതിക്കായി 4.97 കോടി രൂപയുടെ പദ്ധതിയും തുടങ്ങി‌. തേക്കടിയിൽ അന്തർദേശീയ ടൈഗർ മ്യൂസിയത്തിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്‌. ഇടുക്കി പാക്കജിൽ തോട്ടം തൊഴിലാളികൾക്ക്‌ ലൈഫ്‌ പദ്ധതിയിൽ വീടു നൽകാനുള്ള തീരുമാനവും ഏറെ ഗുണകരമാണ്‌.
   1970ൽ സിപിഐ എമ്മിലെ കെ ഐ രാജൻ വിജയിച്ച മണ്ഡലത്തിൽ എന്നും ഇടതുപക്ഷത്തിന്‌ വ്യക്തമായ മേൽക്കൈയുണ്ട്‌. 1977 മുതൽ 2016 വരെ നടന്ന പത്തു തെരഞ്ഞെടുപ്പിൽ മൂന്നു തവണ കോൺഗ്രസ് സ്ഥാനാർഥികളും ഒരു തവണ കോൺഗ്രസ്‌ സ്വതന്ത്രനും ആറു തവണ സിപിഐ സ്ഥാനാർഥികളും ഇവിടെനിന്ന് വിജയിച്ചു. സിപിഐക്ക് കാര്യമായ വേരോട്ടമുള്ള, തോട്ടം തൊഴിലാളികൾ അധിവസിക്കുന്ന മണ്ഡലത്തിൽ സി എ കുര്യൻ മൂന്നുതവണ വിജയിച്ചിരുന്നു​.​
കഴിഞ്ഞ മൂന്നു തവണയായി സിപിഐയുടെ ഇ എസ് ബിജിമോളാണ് പീരുമേടിന്റെ ജനപ്രതിനിധി. ബിജിമോൾക്കെതിരെ 2016ൽ കോൺഗ്രസ് സ്ഥാനാർഥിയായി സിറിയക് തോമസും ബിജെപി സ്ഥാനാർഥിയായി കെ കുമാറുമാണ്‌ ജനവിധി തേടിയത്‌. ജനകീയ ഇടപെടൽവഴി തോട്ടം തൊഴിലാളികൾക്കിടയിലും പൊതുസമൂഹത്തിലും ആർജിച്ച പിന്തുണ എൽഡിഎഫിന്‌ മുതൽക്കൂട്ടാണ്‌.