ഇവിടെ പോര്‌ പേരിനുമാത്രം

Thursday Mar 4, 2021
ജസ്‌ന ജയരാജ്‌

കണ്ണൂർ>പയ്യന്നൂർ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ്‌ ചരിത്രത്തിൽ കേൾക്കാനാകുന്നത്‌  ഇടതുപക്ഷത്തിന്റെ വിജയഗാഥ മാത്രം.

കമ്യൂണിസ്റ്റുകാരെയാണ്‌ എന്നും നാടിന്റെ സാരഥികളാക്കിയത്‌. ബ്രിട്ടീഷ്‌ വാഴ്‌ചയ്‌ക്കും നാടുവാഴിത്തത്തിനുമെതിരെയുള്ള വീറുറ്റ പോരാട്ടത്തിലൂടെ‌ ചുവപ്പണിഞ്ഞ മണ്ണാണിത്‌. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി  ഇ എം എസ്‌ പ്രതിനിധീകരിച്ച നീലേശ്വരം ദ്വയാംഗ മണ്ഡലത്തിന്റെ ഭാഗവുമായിരുന്നു പയ്യന്നൂർ. ഇവിടെ ഇടതുപക്ഷത്തിനെതിരെ എതിരാളികൾ മത്സരിക്കുന്നത്‌ പേരിനുമാത്രം.
     1957–ൽ നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽ‌ ഇ എം എസ്‌ വിജയിച്ചപ്പോൾ പയ്യന്നൂരിന്റെ മറ്റൊരുഭാഗം ഉൾപ്പെട്ട മാടായി മണ്ഡലത്തിൽ കമ്യൂണിസ്‌റ്റ്‌ നേതാവ്‌ കെ പി ആർ ഗോപാലനും  വിജയിച്ചു.  
   1965–ൽ പയ്യന്നൂർ മണ്ഡലം രൂപംകൊണ്ടശേഷമുള്ള ആദ്യ മൂന്ന്‌ തെരഞ്ഞെടുപ്പുകളിൽ കരിവെള്ളൂർ സമരനായകൻ എ വി കുഞ്ഞമ്പുവാണ്‌ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചത്‌. 1977ലും ’80ലും  എൻ സുബ്രഹ്മണ്യ ഷേണായിയും 1982–ൽ എം വി രാഘവനും ’87ലും ’91ലും സി പി നാരായണനും തെരഞ്ഞെടുക്കപ്പെട്ടു. 1996–ൽ വിജയിച്ച പിണറായി വിജയൻ, നായനാർ മന്ത്രിസഭയിൽ വൈദ്യുതിമന്ത്രിയായി. 2001ലും 2006ലും പി കെ ശ്രീമതിയാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. 2006–ൽ അവർ ആരോഗ്യമന്ത്രിയുമായി. 2011 മുതൽ സി കൃഷ്‌ണനാണ്‌ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്‌.
      പയ്യന്നൂർ നഗരസഭയും ചെറുപുഴ, എരമം– കുറ്റൂർ, കാങ്കോൽ–ആലപ്പടമ്പ്, കരിവെള്ളൂർ– പെരളം, പെരിങ്ങോം–വയക്കര, രാമന്തളി പഞ്ചായത്തുകളും ചേർന്നതാണ് പയ്യന്നൂർ  മണ്ഡലം. എല്ലായിടത്തും എൽഡിഎഫാണ്‌ അധികാരത്തിൽ. ചെറുപുഴ പഞ്ചായത്ത് പുതുതായി പിടിച്ചെടുക്കുകയായിരുന്നു. എരമം– കുറ്റൂർ, കാങ്കോൽ–ആലപ്പടമ്പ്, കരിവെള്ളൂർ–പെരളം പഞ്ചായത്തുകളിൽ പ്രതിപക്ഷമില്ല. 2016–ൽ 40,263 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ സി കൃഷ്‌ണൻ യുഡിഎഫിലെ സാജിദ്‌ മൗവ്വലിനെ പരാജയപ്പെടുത്തിയത്‌.      അഞ്ചുവർഷത്തിനിടെയുണ്ടായ വികസനം മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റി.
പയ്യന്നൂർ താലൂക്ക് ‌നിലവിൽവന്നതുൾപ്പെടെയുള്ള മുന്നേറ്റം. റോഡ്‌ നവീകരണം, പാലം നിർമാണം, ആശുപത്രികളുടെയും വിദ്യാലയങ്ങളുടെയും മികവുയർത്തൽ തുടങ്ങിയവയെല്ലാം നേട്ടമായി. പൂരക്കളി അക്കാദമി,  പെരിങ്ങോം ഗവ. കോളേജ്‌ വികസനം, ഫിഷറീസ്‌ സർവകലാശാല ഉപകേന്ദ്രം, ചലച്ചിത്ര വികസന കോർപ്പറേഷൻ തിയേറ്റർ സമുച്ചയം എന്നിവയും  മണ്ഡലത്തിന്റെ അഭിമാന പദ്ധതികളാണ്‌.