പോരാട്ടങ്ങളുടെ ഭൂമി

Thursday Mar 4, 2021
വെബ് ഡെസ്‌ക്‌

ബ്രിട്ടീഷ്– ജന്മിവാഴ്‌ചക്കെതിരെ മലബാറിലെ ജനങ്ങൾ ഒറ്റക്കെട്ടായി പോരടിച്ച 1921ലെ വിപ്ലവത്തിന്റെ സിരാകേന്ദ്രമാണ്‌ മഞ്ചേരി.

രാജഭരണകാലത്ത് സാമൂതിരിയുടെ രാജ്യത്തിന്റെ കിഴക്കുഭാഗത്തെ തന്ത്രപ്രധാനമായ കേന്ദ്രം. ജില്ലാ കേന്ദ്രം മലപ്പുറമാണെങ്കിലും നഗരഹൃദയമായാണ് മഞ്ചേരി അറിയപ്പെടുന്നത്. പ്രവാസികളും ധാരാളം. മലബാർ കലാപത്തിന്റെ പ്രഭവകേന്ദ്രങ്ങളായിരുന്ന പാണ്ടിക്കാടും പയ്യനാടും സാമ്രാജ്യത്വവിരുദ്ധ പോരാളി ആലി മുസ്ല്യാരുടെ നാടായ നെല്ലിക്കുത്തും ചെറുകാടിന്റെയും വി ടി ഭട്ടതിരിപ്പാടിന്റെയും കർമഭൂമിയായിരുന്ന കീഴാറ്റൂരും ഈ  മണ്ഡലത്തിലാണ്.
1957ലാണ്‌ മണ്ഡലം രൂപീകരിച്ചത്‌.  2011ൽ പുനർനിർണയിച്ചു. മഞ്ചേരി നഗരസഭ, തൃക്കലങ്ങോട്, പാണ്ടിക്കാട്, കീഴാറ്റൂർ, എടപ്പറ്റ പഞ്ചയാത്തുകൾ ഉൾപ്പെടുന്നതാണ്‌ നിലവിൽ മണ്ഡലം. 1957ൽ  പി ഉമ്മർ കോയയിലൂടെ കോൺഗ്രസിനായിരുന്നു ആദ്യജയം. 1965 യു ഉത്തമൻ സ്വതന്ത്രനായി ജയിച്ചു. 1967 മുതൽ ലീഗിനായിരുന്നു ജയം. ഇസഹാക്ക് കുരിക്കൾ അഞ്ച് തവണ വിജയിച്ചു. 1980ൽ സി എച്ച് മുഹമ്മദ് കോയയും 2006ൽ പി കെ അബ്ദുൾ റബ്ബും 2016 മുതൽ അഡ്വ. എം ഉമ്മറും  ഇവിടെനിന്നും നിയമസഭയിലെത്തി.
നാടിന്റെ മുഖച്ഛായ മാറ്റിയ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ മഞ്ചേരിയിൽ നടത്തിയത്.  അടിസ്ഥാന സൗകര്യങ്ങൾപോലുമില്ലാതെ വീർപ്പുമുട്ടിയ മഞ്ചേരി മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനം സാധ്യമാക്കി. പൂർണസമയവും കുടിവെള്ള വിതരണത്തിനായി 112 കോടി രൂപയുടെ വിവിധ പദ്ധതികൾ പുരോഗമിക്കുകയാണ്. കടലുണ്ടിപ്പുഴയ്ക്കുകുറുകെ പുഴങ്കാവിൽ റെഗുലേറ്റർ നിർമാണം തുടങ്ങി. 17 കോടി രൂപ ചെലവിട്ടാണ് കോടതിസമുച്ചയം നിർമിച്ചത്. മലപ്പുറം, മഞ്ചേരി, നിലമ്പൂർ മേഖലകളിലെ വൈദ്യുതി മേഖലക്കായി എളങ്കൂരിൽ 220 കെവി സബ് സ്റ്റേഷൻ സ്ഥാപിച്ചു. പയ്യനാട് രാജ്യാന്തര സ്റ്റേഡിയം രണ്ടാംഘട്ടം പൂർത്തിയാക്കാൻ 45 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി. ഫ്ലഡ്‌ലൈറ്റും സ്ഥാപിച്ചു. ഈ വികസനങ്ങൾ ചർച്ചയാകുന്നതിനൊപ്പം  പ്രാദേശികതലത്തിൽ കോൺഗ്രസ്  ലീഗ് തർക്കവും വെൽഫെയർ പാർടിയുടെ ബന്ധവും യുഡിഎഫിനെ തിരി‍ഞ്ഞുകൊത്തും.
 
പ്രതിനിധീകരിച്ചവർ
1957, 1960  പി പി ഉമ്മർകോയ (ഐഎൻസി)
1965  യു ഉത്തമൻ (സ്വതന്ത്രൻ)
1967  എം ചടയൻ (മുസ്ലിംലീഗ്)
1970  കെ പി രാമൻ (മുസ്ലിംലീഗ്)
1977  എം പി എം അബ്ദുള്ള കുരിക്കൾ (മുസ്ലിംലീഗ്)
1980, 1982  സി എച്ച് മുഹമ്മദ് കോയ (മുസ്ലിംലീഗ്)
1984, 1987, 1991, 1996, 2001 ഇസ്ഹാഖ് കുരിക്കൾ (മുസ്ലിംലീഗ്)
2006  പി കെ അബ്ദുറബ്ബ് (മുസ്ലിംലീഗ്)
2011, 2016 അഡ്വ. എം ഉമ്മർ (മുസ്ലിംലീഗ്)

 
2016 നിയമസഭ
അഡ്വ. എം ഉമ്മർ (മുസ്ലിംലീഗ്) 69,779
അഡ്വ. കെ മോഹൻദാസ് (സിപിഐ) 50,163
അഡ്വ. സി ദിനേശ് (ബിജെപി)  11,233
കെ എ സവാദ് (വെൽഫെയർ പാർടി) 2503
സി എച്ച് അഷ്‌റഫ് (എസ്ഡിപിഐ) 2357
മോയിൻ ബാപ്പു (പിഡിപി) 1121
ഭൂരിപക്ഷം  19,616
 
തദ്ദേശ തെരഞ്ഞെടുപ്പ് 2020
മഞ്ചേരി നഗരസഭ, തൃക്കലങ്ങോട്, പാണ്ടിക്കാട്, കീഴാറ്റൂർ, എടപ്പറ്റ പഞ്ചയാത്തുകൾ (യുഡിഎഫ്).