ചരിത്രശേഷിപ്പുകളുടെ സംഗമഭൂമിക

Thursday Mar 4, 2021
സി എ പ്രേമചന്ദ്രൻ

കൊടുങ്ങല്ലൂര്‍>ജൂതസംസ്കാരത്തിന്റെ ശേഷിപ്പുകളുമായി മാളയിലെ സിനഗോഗ്. കോട്ടപ്പുറം പോര്‍ച്ചുഗീസ് കോട്ടയുള്‍പ്പെടെ  മുസിരിസ് പൈതൃക കാഴ്ചകൾ മായുന്നില്ല.  ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാന്‍ ജുമാ മസ്ജിദും ഇവിടെ നിലകൊള്ളുന്നു.  രാജ്യത്തെ ആദ്യത്തെ കമൂണിസ്റ്റ് എംഎല്‍എയെ സംഭാവന ചെയ്തതടക്കമുള്ള  രാഷ്ട്രീയ പാരമ്പര്യമുള്ള മണ്ണുമാണ് കൊടുങ്ങല്ലൂര്‍.


കേരള രാഷ്ട്രീയത്തില്‍ എറെ ചര്‍ച്ചചെയ്തിരുന്ന മാള മണ്ഡലം  ഇല്ലാതായാണ് പുതിയ കൊടുങ്ങല്ലുരിന്റെ പിറവി. പഴയ മാള മണ്ഡലത്തിലുണ്ടായിരുന്ന  ആറ് പഞ്ചായത്തുകളും കൊടുങ്ങല്ലൂര്‍ നഗരസഭാ പ്രദേശവും ഉള്‍പ്പെട്ടതാണ് കൊടുങ്ങല്ലൂര്‍ മണ്ഡലം.  
 കൊടുങ്ങല്ലൂര്‍ നഗരസഭ കൂടാതെ വെള്ളാങ്കല്ലൂര്‍, പുത്തന്‍ചിറ, മാള, പൊയ്യ, അന്നമനട, കുഴൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ്  കൊടുങ്ങല്ലൂര്‍. രണ്ട് പഞ്ചായത്തുകൾ ഒഴികെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഇടതുപക്ഷ ഭരണത്തിലാണ്. പുതിയ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ മൊത്തം 1,86,492 വോട്ടര്‍മാരാണ്. ഇതില്‍ 89,712 പുരുഷന്മാരും 96,779  സ്ത്രീകളും ഒരാള്‍ ട്രാന്‍സ്ജെൻഡറുമാണ്.
നിലവില്‍  അഡ്വ. വി ആര്‍ സുനില്‍കുമാറാണ്  കൊടുങ്ങല്ലൂരിന്റെ എംഎല്‍എ. കഴിഞ്ഞ തവണ 22,791 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം.
1965ല്‍ മാള രൂപീകൃതമായതുമുതല്‍ തുർച്ചയായ എട്ടുതവണ  കെ കരുണാകരന്‍ മത്സരിച്ചിരുന്നു. 1996ല്‍ എല്‍ഡിഎഫിലെ വി കെ രാജന്‍ (സിപിഐ)  മാള തിരിച്ചുപിടിച്ച് പുതിയ ചരിത്രമെഴുതി. വി കെ രാജന്റെ മകനാണ് നിലവിലെ എംഎൽഎ വി ആർ സുനിൽകുമാർ.  തിരുകൊച്ചിയായിരിക്കെ  കൊടുങ്ങല്ലൂരില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഇ ഗോപാലമേനോന്‍  വിജയിച്ചിരുന്നു.
   കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മണ്ഡലത്തിൽ ചരിത്രവികസനം നടന്നു. മുസിരിസ് പൈതൃക പദ്ധതിയിലുൾപ്പെടുത്തി ആരാധനാലയ നവീകരണമുൾപ്പെടെ 28.2 കോടിയുടെ പദ്ധതികൾ നടപ്പാക്കി. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി 12.86 കോടിയിൽ അഞ്ച്‌ നിലകളിൽ നവീകരിച്ചു.
കരൂപ്പടന്ന സ്കൂൾ അഞ്ചുകോടിയിൽ ഹൈടെക്കാക്കി. കുഴൂരിൽ ബൊട്ടാണിക്കൽ ഗവേഷണ കേന്ദ്രം ആധുനികവൽക്കരിച്ചു. കയർസംഘങ്ങൾ നവീകരിച്ചു. പ്രധാന റോഡുകളും മെക്കാഡം ടാറിങ്‌ പൂർത്തീകരിച്ചു.