ചെഞ്ചായം ചാലിച്ച മണ്ണ്‌

Thursday Mar 4, 2021
മിൽജിത്‌ രവീന്ദ്രൻ

തിരുവനന്തപുരം>നിറക്കൂട്ടുകളിലൂടെ ലോകത്തെ വിസ്‌മയിപ്പിച്ച രാജാ രവിവർമയുടെ മണ്ണ്‌ കാലാന്തരത്തിൽ ചുവപ്പിനെമാത്രം നെഞ്ചോടുചേർത്തു.

കർഷകരുടെയും തൊഴിലാളികളുടെയും അവകാശ പോരാട്ടങ്ങളിലൂടെയാണ്‌ കിളിമാനൂരിന്റെ മണ്ണും മനസ്സും ചുവപ്പണിഞ്ഞത്‌. 2011ലെ മണ്ഡല പുനർനിർണയത്തോടെ കിളിമാനൂർ മണ്ഡലത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ആറ്റിങ്ങലിന്റെ ഭാഗമായി. കിളിമാനൂർ മണ്ഡലം ഇല്ലാതായപ്പോൾ മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളും വർക്കല മണ്ഡലത്തിലെ മൂന്നു പഞ്ചായത്തും പുതിയ ആറ്റിങ്ങലിന്റെ ഭാഗമായി. പട്ടികജാതി സംവരണ മണ്ഡലമാണ്‌. സംസ്ഥാനത്ത്‌ എൽഡിഎഫിന്‌ കൂടുതൽ ഭൂരിപക്ഷം നൽകുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ഇത്. 2011ൽ 30,065 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച സിപിഐ എമ്മിലെ ബി സത്യൻ 2016ൽ ഭൂരിപക്ഷം 40,383 ആക്കി ഉയർത്തി. 1965ൽ രൂപംകൊണ്ട കിളിമാനൂർ മണ്ഡലം ഇടതുപക്ഷാംഗങ്ങളെ മാത്രമേ നിയമസഭയിലേക്ക്‌ അയച്ചിട്ടുള്ളൂ. ആറ്റിങ്ങലാകട്ടെ, ചില അവസരങ്ങളിൽ വലതുപക്ഷത്തേക്ക്‌ ചാഞ്ഞു. എന്നാൽ, പുനർനിർണയിച്ച ആറ്റിങ്ങലിന്റെ മനസ്സ്‌‌ ഇടതുപക്ഷത്തിനൊപ്പമെന്നത് നിസംശയം. സംസ്ഥാന രൂപീകരണശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ആർ പ്രകാശം വിജയക്കൊടി പാറിച്ച ആറ്റിങ്ങൽ പിന്നീട്‌, കരുത്തനായ കോൺഗ്രസ്‌ നേതാവ്‌ ആർ ശങ്കറെ വീഴ്‌ത്തിയും ചരിത്രത്തിലിടം നേടി. 1965ലാണ്‌ സിപിഐ എമ്മിലെ കെ അനിരുദ്ധൻ ആർ ശങ്കറെ അട്ടിമറിച്ചത്‌. സിപിഐ എമ്മിലെ ആനത്തലവട്ടം ആനന്ദൻ മൂന്നു തവണയും കോൺഗ്രസിലെ വക്കം പുരുഷോത്തമൻ അഞ്ചു തവണയും വിജയിച്ചു. ഇക്കഴിഞ്ഞ ത ദ്ദേശ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിന്റെ ഇടതു ചായ്‌വ്‌ ഒന്നുകൂടി പ്രകടമായി. നഗരസഭയും മണമ്പൂർ, നഗരൂർ, ഒറ്റൂർ, പഴയകുന്നുമ്മേൽ പഞ്ചായത്തുകളും എൽഡിഎഫിനൊപ്പം നിന്നു. ചെറുന്നിയൂർ, കിളിമാനൂർ, പുളിമാത്ത്‌, വക്കം പഞ്ചായത്തുകൾ യുഡിഎഫിനും കരവാരം ബിജെപിക്കുമൊപ്പം.
പിണറായി സർക്കാരിനു കീഴിൽ മണ്ഡലം കൈവരിച്ച വികസനക്കുതിപ്പാണ്‌ ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയം. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം യാഥാർഥ്യമായ ദേശീയപാതാ വികസനം അതിൽ പ്രധാനം. ആറ്റിങ്ങൽ ഗവ. കോളേജും സ്‌കൂളുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈവരിച്ച നേട്ടങ്ങളും മണ്ഡലത്തിലെയാകെ റോഡുകളുടെ വികസനവും കുടിവെള്ള പദ്ധതികളും സ്റ്റേഡിയങ്ങളുടെ നവീകരണവും അടക്കം ജനങ്ങൾക്ക്‌ കൺമുന്നിലെ യാഥാർഥ്യങ്ങളാണ്‌. നേരിയ പ്രതീക്ഷപോലും ഇല്ലാത്ത കോൺഗ്രസ്‌ ഘടകകക്ഷിക്ക്‌ കൈമാറി സീറ്റ്‌ കൈയൊഴിയുകയാണ്‌ പതിവ്‌.