പാടേ മാറാൻ കോട്ടയം

Wednesday Mar 3, 2021
കെ ടി രാജീവ്‌


കോട്ടയം
പഴയൊരു ചരിത്രം ഓർമിക്കുകയാണിപ്പോൾ കോട്ടയത്തുകാർ. 1980ൽ കേരളാ കോൺഗ്രസ്‌ ഇടതുമുന്നണിയിലായിരുന്ന കാലത്തെ ചരിത്രം. അന്ന്‌ കോട്ടയത്ത്‌ 10 നിയമസഭാ സീറ്റ്‌; അന്ന്‌ ഒമ്പതും ഇടതുമുന്നണി നേടി. അല്ലെങ്കിലും പാലാ ഇടത്തോട്ട്‌ നീങ്ങിയതിന്റെ ചങ്കിടിപ്പ്‌ ഇപ്പോഴും കോട്ടയത്ത്‌ മാറിയിട്ടില്ലല്ലോ. പാലാ ഒരിക്കൽകൂടി ചുവന്ന വർത്തമാനത്തിലാണ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ എത്തുന്നത്‌. 

ഇരു മുന്നണികളെയും മണ്ഡലങ്ങൾ മാറി മാറി വരവേറ്റപ്പോഴും വലതുകോട്ടയെന്ന വിശേഷണമാണ്‌ പല മാധ്യമങ്ങളും കോട്ടയത്തിന്‌ ചാർത്തി‌ നൽകിയത്‌. എന്നാൽ 1980ലെയും 1987ലെയും ചരിത്രം അങ്ങനെയല്ല എന്ന്‌ കട്ടായം പറയും. കോട്ടയം നിയമസഭാ മണ്ഡലത്തിലെ ഇതേവരെയുള്ള 15 തെരഞ്ഞടുപ്പിൽ 10ഉം ഇടതുമുന്നണിയാണ്‌ ജയിച്ചത്‌ എന്നറിയുക.

യുഡിഎഫിന്‌‌ 
ചങ്കിടിപ്പ്‌ കൂടി
കേരള കോൺഗ്രസിന്റെ ചിറകിൻകീഴിലും തണലിലും വീമ്പും വീറും മുഴക്കിയ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നില ഇക്കുറി ഭദ്രമല്ലെന്ന്‌ അവർതന്നെ മനസ്സിലാക്കുന്നു. ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിൽ, ഇ എം ജോർജിലൂടെ ചെങ്കൊടി പാറിയത്‌ പഴയ ചരിത്രമെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ എട്ടിൽ ആറുപഞ്ചായത്തും എൽഡിഎഫ്‌ ചേരിയിലായത്‌ പുതുചിത്രം. അരനൂറ്റാണ്ടിലേറെയായി യുഡിഎഫ്‌ തണലിൽനിന്ന പാലായിലുണ്ടായ  ഇടതുപക്ഷ അടിത്തറയും ശ്രദ്ധേയം. 22 ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിൽ 14ലും എൽഡിഎഫ്‌ വിജയിച്ചു.  71 ഗ്രാമ പഞ്ചായത്തിൽ 50ലും 11 ബ്ലോക്കിൽ 10ലും  ജയിക്കാനായി. ആറ്‌ നഗരസഭയിൽ പാലാ ആദ്യമായി പിടിച്ചെടുത്തു. മറ്റ്‌ നഗരസഭകളിൽ രണ്ടെണ്ണത്തിൽ തുല്യനിലയിലും.  

വികസനം 
കണ്ണഞ്ചും

കണ്ണഞ്ചിപ്പിക്കും വികസനമാണ്‌ നാടിന്റെ മുക്കിലും മൂലയിലുമുണ്ടായത്‌. കേന്ദ്രം വിൽപ്പനയ്‌ക്കുവച്ച പൊതുമേഖലാ സ്ഥാപനമായ എച്ച്‌എൻഎൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത്‌ 143 കോടി അനുവദിച്ചത്‌ ഒരു ഉദാഹരണം. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നു തുടങ്ങുന്നു മറ്റ്‌ അടിസ്ഥാന വികസനങ്ങൾ.  ഇതിനുപുറമെ ശബരി റെയിൽപാതയും ശബരിമല വിമാനത്താവളവും മധ്യകേരളത്തിന്റെ മുഖഛായ തന്നെ മാറ്റുന്നതാണ്‌.


 

കേന്ദ്ര അവഗണനയ്‌ക്കിടയിലും സംസ്ഥാനം റബറിന്‌ 170 രൂപ താങ്ങുവില നൽകിയതും നെൽകൃഷിക്കാർക്ക്‌ 28 രൂപ ഉയർന്നവില നിശ്‌ചയിച്ചതുമുൾപ്പെടെ സർവതല സ്‌പർശിയായ വികസനം ജനം ചർച്ചചെയ്യുന്നു.