മാറ്റം കണ്ടറിയാൻ 
മലപ്പുറം

Wednesday Mar 3, 2021
സി പ്രജോഷ്‌ കുമാർ


മലപ്പുറം
വികസനം കുന്നു‌കയറിയെത്തി. തീരദേശത്തെ തലോടി. കാടിന്റെ മക്കൾക്ക്‌ തണലായി. അഞ്ചുവർഷത്തെ എൽഡിഎഫ്‌ ഭരണത്തിൽ മലപ്പുറത്തിന്റെ  മനംനിറഞ്ഞുവെന്ന്‌ സാക്ഷാൽ ലീഗുകാരും സമ്മതിക്കും. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ഉയർന്നുകേൾക്കാറുള്ള ‘വികസനമുരടിപ്പ്‌’ എന്ന വാദം എവിടെയും കേൾക്കാത്തതും അതുകൊണ്ടാണ്‌. ഈ വികസനക്കുതിപ്പിനെ മറികടക്കുക എളുപ്പമല്ലെന്ന്‌ മുസ്ലിംലീഗ്‌ തിരിച്ചറിയുന്നു എന്നർഥം. അതിനാൽ വർഗീയധ്രുവീകരണം ലക്ഷ്യമിട്ടാണ്‌ യുഡിഎഫിന്റെ ഇത്തവണത്തെ‌ പ്രചാരണം.

രാഷ്‌ട്രീയ ബലാബലത്തിൽ എന്നും യുഡിഎഫിനാണ്‌ ജില്ലയിൽ‌ മേൽക്കൈ. പക്ഷേ, നിരവധി തവണ ലീഗ്‌ കോട്ടകൾ വിറപ്പിച്ച ചരിത്രവും ജില്ലയ്‌ക്കുണ്ട്‌. 2006ൽ ആഞ്ഞുവീശിയ ഇടതുതരംഗത്തിൽ ലീഗ്‌ കോട്ടകൾ കടപുഴകി. പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും ഇ ടി മുഹമ്മദ്‌ ബഷീറും തോൽവിയറിഞ്ഞു. ആകെയുള്ള 12 മണ്ഡലത്തിൽ അഞ്ചിടത്ത്‌ ഇടത് പതാക പാറി. 2011ൽ മണ്ഡല പുനർനിർണയത്തിൽ  യുഡിഎഫ്‌ തിരിച്ചുവന്നപ്പോൾ ഇടതുപക്ഷം രണ്ടിലേക്ക്‌ ചുരുങ്ങി. എന്നാൽ, 2016ൽ വീണ്ടും കരുത്തുകാട്ടി.  മുൻമന്ത്രി  ആര്യാടൻ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂരിൽ  മകൻ ആര്യാടൻ ഷൗക്കത്തിനെ  പി വി അൻവർ നിലംപറ്റിച്ചു. താനൂരിലെ ലീഗ്‌ കോട്ടയിൽ അബ്ദുറഹിമാൻ രണ്ടത്താണിക്ക്‌ കാലിടറി. ഇടത് സ്വതന്ത്രൻ വി അബ്ദുറഹ്‌മാന്‌ മിന്നുംജയം. പൊന്നാനിയിൽ പി ശ്രീരാമകൃഷ്‌ണനും തവനൂരിൽ കെ ടി ജലീലും ഇടത് കോട്ടകളിൽ എതിരാളികളെ നിഷ്‌പ്രഭമാക്കി. പെരിന്തൽമണ്ണയും മങ്കടയും കൈവിട്ടത്‌ നിസ്സാര വോട്ടിന്‌.  തിരൂരങ്ങാടിയിൽ മന്ത്രി പി കെ അബ്ദുറബ്ബിന്റെ  ഭൂരിപക്ഷം 2011ലെ 30,208ൽനിന്ന്‌ 6043 ആയി ചുരുങ്ങി. കോട്ടക്കലിൽ 35,902ൽനിന്ന്‌ 15,042. മറ്റു മണ്ഡലങ്ങളിലും ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. 

കഴിഞ്ഞ യുഡിഎഫ്‌ മന്ത്രിസഭയിൽ ലീഗിന്റെ അഞ്ച്‌ മന്ത്രിമാരിൽ മൂന്നും മലപ്പുറത്തുനിന്നായിരുന്നു. അഞ്ചാം മന്ത്രിസ്ഥാനം കരഞ്ഞ് നേടിയ ലീഗ്‌ കാര്യമായ വികസനപദ്ധതിയൊന്നും ജില്ലയിൽ എത്തിച്ചില്ല. പ്രഖ്യാപിച്ചവ തന്നെ നടപ്പാക്കാനുമായില്ല. അവസാനകാലത്ത്‌ പൂർത്തിയാകാത്ത പദ്ധതികൾ ഉദ്‌ഘാടനമാമാങ്കം നടത്തി ജനങ്ങളെ വഞ്ചിച്ചു.  

അഞ്ചുവർഷത്തെ എൽഡിഎഫ്‌ ഭരണത്തിൽ നാടാകെ മാറി. യുഡിഎഫ്‌ ഉപേക്ഷിച്ച ഗെയ്‌ൽ വാതക പൈപ്പ്‌ലൈൻ, ദേശീയപാതാ വികസനം എന്നിവ യാഥാർഥ്യമാക്കി. തീരദേശപാത, മലയോര ഹൈവേ, മലയാള സർവകലാശാലയ്‌ക്ക്‌ ആസ്ഥാനമന്ദിരം... എണ്ണിയാലൊടുങ്ങാത്ത വികസനപദ്ധതികൾക്കാണ്‌ ജില്ല സാക്ഷ്യംവഹിച്ചത്‌.  


 

ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെ മതമൗലികവാദശക്തികളുമായി പരസ്യ കൂട്ടുകെട്ടുണ്ടാക്കിയാണ്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ മേൽക്കൈ നേടിയത്‌. 12 നഗരസഭയിൽ മൂന്നിടത്ത്‌ എൽഡിഎഫ്‌. നിലമ്പൂരിൽ അട്ടിമറി ജയം. 15 ബ്ലോക്ക്‌ പഞ്ചായത്തിൽ മൂന്നും 94 പഞ്ചായത്തിൽ  25ഉം 32 ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിൽ അഞ്ചെണ്ണവും ഇടതുപക്ഷത്തിന്‌.  മണ്ഡലാടിസ്ഥാനത്തിൽ പലയിടത്തും യുഡിഎഫ്‌ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു.