ഉറപ്പാണ് ഈ ചിരി

Wednesday Mar 3, 2021
എം എസ‌് അശോകൻ


കൊച്ചി
ദൃശ്യം ഒന്നിൽ പള്ളിപ്പുറം പഞ്ചായത്ത്‌ ചെറായി ലക്ഷംവീട്‌ കോളനിയിൽ ദേവിക പത്താംക്ലാസ്‌ ഓൺലൈൻ പഠനം പൂർത്തിയാക്കിയത്‌ അമ്മയുടെ പഴക്കംചെന്ന മൊബൈൽ ഫോണിലാണ്‌. ദൃശ്യം രണ്ടിൽ ദേവിക പത്താംക്ലാസ്‌ മോഡൽ പരീക്ഷയ്‌ക്ക്‌ തയ്യാറെടുക്കുന്നത്‌ സ്വന്തം ലാപ്‌ടോപ്പിലും. എൽഡിഎഫ്‌ സർക്കാരിന്റെ അഞ്ചാംവർഷത്തെ ബജറ്റ്‌ അവതരണത്തിനുശേഷമാണ്‌ ദൃശ്യം രണ്ട്‌ യാഥാർഥ്യമായത്‌. കുടുംബശ്രീയുമായി ചേർന്ന്‌  കെഎസ്‌എഫ്‌ഇ നടപ്പാക്കുന്ന വിദ്യാശ്രീ വായ്‌പാ പദ്ധതിയിലൂടെ. പഠനത്തിന്റെ ഇടവേളയിലെപ്പോഴോ ലാലേട്ടന്റെ ദൃശ്യം 2 സ്വന്തം ലാപ്‌ടോപ്പിൽ കണ്ട രഹസ്യം വെളിപ്പെടുത്തി നിറഞ്ഞുചിരിച്ചു ഈ കൊച്ചുമിടുക്കി.

വിദ്യാശ്രീ പദ്ധതിയിൽ ലക്ഷംവീട്‌ കോളനിയിൽ ലാപ്‌ടോപ് സ്വന്തമാക്കിയ രണ്ടുപേരിൽ ഒരാളാണ്‌ ദേവിക. മറ്റേയാൾ ആറാംക്ലാസ്‌ വിദ്യാർഥിനി അവന്തിക. രണ്ടുപേരും ചെറായി എസ്‌എംഎച്ച്‌എസ്എസ്‌ വിദ്യാർഥികൾ. ഏതാനും ദിവസംമുമ്പുമാത്രം കൈയിൽ വന്ന ലാപ്‌ടോപ് ദേവിക താഴെ വച്ചിട്ടില്ല. അമ്മ രജനിയുടെ മൊബൈൽ ഫോണിൽനിന്ന്‌ നെറ്റ് പങ്കിട്ടാണ്‌ പഠനം. വേഗമുള്ള നെറ്റ്‌  കൂടി കിട്ടിയാൽ ദേവികയുടെ പരാതി തീരുമെന്ന്‌ രജനി. അച്ഛൻ ദേവദാസ്‌ ചെണ്ട കലാകാരനാണ്‌. 

ടർണറായി ജോലിചെയ്യുന്ന രാജേഷിന്റെയും ലിഷയുടെയും മൂത്തമകളാണ്‌ അവന്തിക. കോളനിയിൽ താമസക്കാരായ മറ്റു രണ്ടുപേർകൂടി ലാപ്‌ടോപ്പിന്‌ അപേക്ഷിച്ചിട്ടുണ്ട്‌. കഴിഞ്ഞ ബജറ്റ്‌ പ്രഖ്യാപനത്തിലൂടെയാണ്‌ കുടുംബശ്രീയുമായി ചേർന്ന്‌ കെഎസ്‌എഫ്‌ഇ വിദ്യാശ്രീ പദ്ധതി തുടങ്ങിയത്‌. കുറഞ്ഞ വിലയ്‌ക്കും വലിയ ബാധ്യതയില്ലാതെയും നാല്‌ ബ്രാൻഡ്‌ ലാപ്‌ടോപ്പുകളിലൊന്ന്‌ സ്വന്തമാക്കാം‌. 15,000 രൂപ മാത്രം വിലവരുന്ന ലാപ്‌ടോപ് പ്രതിമാസം 500 രൂപ അടച്ച്‌ സ്വന്തമാക്കാം. എഴുപതിനായിരത്തിലേറെ അപേക്ഷകർ എത്തിയതായി കെഎസ്‌എഫ്‌ഇ എംഡി വി പി സുബ്രഹ്മണ്യൻ പറഞ്ഞു.

പൊതുവിദ്യഭ്യാസരംഗത്ത്‌ കുതിച്ചുചാട്ടത്തിനു വഴിവച്ച അനവധി പദ്ധതികളിലൊന്നു മാത്രമാണ്‌ വീട്ടിലിരുന്നും പഠനം സാധ്യമാക്കുന്ന വിദ്യാശ്രീ. എല്ലാ ജില്ലയിലും സർക്കാർ സ്‌കൂളുകളുടെ രൂപവും ഭാവവും മാറി. ഏറ്റവും ആധുനിക സംവിധാനങ്ങളടങ്ങിയ സർക്കാർ സ്‌കൂളുകളിലേക്ക്‌ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ലക്ഷക്കണക്കിന്‌ കുട്ടികൾ എത്തിച്ചേർന്നു. പഠന ഗുണനിലവാരത്തിലും കേരളം ഉന്നത സ്ഥാനത്തെത്തി. ഉന്നതവിദ്യാഭ്യാസരംഗത്ത്‌ അടിമുടിയുള്ള മാറ്റത്തിനും നാന്ദി കുറിച്ചു.

ഉറപ്പുള്ള 
സ്‌കൂളുകൾ കണ്ടോ

■ 5‌ കോടി ചെലവിട്ട്‌ 111 ഹൈടെക്‌ സ്‌കൂൾ
■ 3‌ കോടി  വീതം ചെലവിൽ 79 സ്‌കൂൾ കെട്ടിടം
■ പ്ലാൻ ഫണ്ടിൽ‌ 
400 സ്‌കൂൾ കെട്ടിടം
■ പുതിയ 250 സ്‌കൂൾ കെട്ടിടം നിർമാണം തുടങ്ങി
■ 8 മുതൽ 12 വരെ 45000 ഹൈടെക്‌ ഡിജിറ്റൽ ക്ലാസ്‌ മുറി
■ മുഴുവൻ പ്രൈമറി സ്‌കൂളിലും 
കംപ്യൂട്ടർ ലാബ്‌
■ എല്ലാ വിദ്യാലയങ്ങളിലും അതിവേഗ ഇന്റർനെറ്റ്‌
■ അടുത്ത വർഷത്തെ പാഠപുസ്‌തകം  സ്‌കൂൾ അടയ്‌ക്കും മുമ്പേ
■ അടച്ചുപൂട്ടിയ എയ്‌ഡഡ്‌ സ്‌കൂൾ ഏറ്റെടുത്തു
■ കുട്ടികൾക്ക്‌ സൗജന്യ കൈത്തറി യൂണിഫോം
■ കോവിഡ്‌ കാലത്ത്‌ പഠനം മുടങ്ങാതിരിക്കാൻ ഓൺലൈൻക്ലാസ്‌

അംഗീകാരത്തിന്റെ 
ഉറപ്പ്‌ കണ്ടോ

■ പൊതുവിദ്യാഭ്യാസ 
മുന്നേറ്റ സൂചികയിൽ കേരളം ഒന്നാമത്‌
■ പൊതുവിദ്യാലയങ്ങളിൽ 6. 8 ലക്ഷം വിദ്യാർഥികൾ കൂടുതൽ
■ കോവിഡ്‌ കാലത്തെ പഠനത്തിന്‌ 
യൂണിസെഫിന്റെ പ്രശംസ
■ ഡിജിറ്റൽ ക്ലാസ്‌ 
ഒരുക്കിയ കൈറ്റിന്‌ ദേശീയ പുരസ്‌കാരം