ഞെട്ടിച്ച്‌‌ കൂട്ടരാജി, വിട്ടുവീഴ്‌ചയില്ലെന്ന്‌ ഗോപിനാഥ്‌

കലങ്ങിമറിഞ്ഞ്‌ യുഡിഎഫ്‌ ; പല സീറ്റിലും തർക്കം മുറുകി

Wednesday Mar 3, 2021


തിരുവനന്തപുരം
പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി സീറ്റുകൾ വിട്ടുകൊടുക്കണമെന്ന്‌ പി ജെ ജോസഫിനോട്‌ കോൺഗ്രസ്‌. ചങ്ങനാശേരി, കുട്ടനാട്‌ സീറ്റുകളിലും  തർക്കം രൂക്ഷം. ഇതോടെ യുഡിഎഫ്‌ സീറ്റ്‌ വിഭജനം അനിശ്ചിതത്വത്തിലായി. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി പലവട്ടം ചർച്ച നടത്തിയെങ്കിലും തർക്കം മുറുകിയതേയുള്ളു.


 

ഉഭയകക്ഷി ചർച്ചകൾ നടക്കുന്നതിനിടെ കെപിസിസി സെക്രട്ടറി എം എസ്‌ വിശ്വനാഥൻ കൂടി കോൺഗ്രസിൽ നിന്ന്‌ രാജിവച്ചു. പാലക്കാട്‌ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന്‌ പ്രഖ്യാപിച്ച മുൻ ഡിസിസി പ്രസിഡന്റ്‌ എ വി ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ്‌ നേതൃത്വത്തിന്റെ ശ്രമങ്ങളും പാളി.
പി ജെ ജോസഫ്‌ വിഭാഗവുമായുള്ള തർക്കം തുടരുന്നതിനിടെ കയ്‌പമംഗലം സീറ്റ്‌ വേണ്ടെന്ന്‌ ആർഎസ്‌പി കോൺഗ്രസ്‌ നേതൃത്വത്തെ അറിയിച്ചു. അമ്പലപ്പുഴയോ റാന്നിയോ പകരം വേണമെന്നാണ്‌ ആർഎസ്‌പിയുടെ ആവശ്യം. ഇത്‌ തള്ളിയ കോൺഗ്രസ്‌ വ്യാഴാഴ്‌ച അന്തിമ തീരുമാനം അറിയിക്കാമെന്നും സൂചന നൽകിയിട്ടുണ്ട്‌. പകരം സീറ്റ്‌ നൽകാതെ കയ്‌പമംഗലം ആർഎസ്‌പിയിൽ നിന്ന്‌ എടുക്കാനാണ്‌ കോൺഗ്രസ്‌ നീക്കം. വയനാട്‌, പാലക്കാട്‌ ജില്ലകളിലെ വിമത നീക്കവും കൂട്ടരാജിയും കോൺഗ്രസ്‌ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്‌.  കൂടുതൽ നേതാക്കൾ വിട്ടുപോകുമെന്ന അങ്കലാപ്പിലാണ്‌ കോൺഗ്രസ്‌.

എ വി ഗോപിനാഥിനെ മെരുക്കാൻ എംപിമാരായ രമ്യ ഹരിദാസ്‌, വി കെ ശ്രീകണ്‌ഠൻ എന്നിവരാണ്‌ വസതിയിലെത്തി ചർച്ച നടത്തിയത്‌. വിട്ടുവീഴ്‌ചയില്ലെന്ന നിലപാടിലാണ്‌ ഗോപിനാഥ്‌. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നിവയിൽ ഒന്ന്‌ നൽകാമെന്നാണ്‌ പി ജെ ജോസഫ്‌ അറിയിച്ചത്‌. രണ്ട്‌ സീറ്റും വേണമെന്ന കടുംപിടിത്തത്തിലാണ്‌ കോൺഗ്രസ്‌. ഇതിന്‌ പുറമെയാണ്‌ കുട്ടനാട്‌ സീറ്റിൽക്കൂടി അവകാശം ഉന്നയിച്ചത്‌. ചങ്ങനാശേരിയുടെ കാര്യത്തിലും കോൺഗ്രസ്‌ പിടിമുറുക്കിയിട്ടുണ്ട്‌. മൊത്തം ഒമ്പത്‌ സീറ്റ്‌ എന്നതിൽ കോൺഗ്രസ്‌ ഉറച്ചുനിൽക്കുകയാണ്‌.

തിരുവഞ്ചൂരും 
ബാബുവും മാറണം: പി സി ചാക്കോ

രമേശ്‌ ചെന്നിത്തലയും ഉമ്മൻചാണ്ടിയുമൊഴികെ അഞ്ചുതവണയിൽ കൂടുതൽ മത്സരിച്ച കോൺഗ്രസ്‌ നേതാക്കൾ മത്സരിക്കരുതെന്ന്‌  മുതിർന്ന നേതാവ്‌ പി സി ചാക്കോ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കെ സി ജോസഫ്‌, കെ ബാബു, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അടക്കമുള്ള നേതാക്കൾ പൊതുതീരുമാനം മനസ്സിലാക്കി മാറിനിൽക്കണം. 

40 വയസ്സിൽ താഴെയുള്ളവരാകണം 50 ശതമാനം സ്ഥാനാർഥികളും. ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്‌ക്കും ഹൈക്കമാൻഡ്‌ ഇളവു നൽകിയതിനാൽ‌ മത്സരിക്കാം. കോൺഗ്രസിൽ ഗ്രൂപ്പുകൾ ശക്തമാണെങ്കിലും ഇത്തവണ ഗ്രൂപ്പടിസ്ഥാനത്തിൽ സീറ്റുകൾ വീതംവയ്‌ക്കാനാകില്ലെന്നും ചാക്കോ പറഞ്ഞു.

 

ഒറ്റയ്‌ക്ക്‌ 
മത്സരിക്കും: 
പി സി ജോർജ്‌
പൂഞ്ഞാറിൽ ആരുടെയും പിന്തുണയില്ലാതെ തനിച്ച്‌ മത്സരിക്കുമെന്ന്‌ പി സി ജോർജ്‌. പൂഞ്ഞാറിൽ മാത്രമാണ്‌ കേരള ജനപക്ഷം സെക്യൂലർ പാർടി മത്സരിക്കുകയെന്നും ജോർജ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആരുടെയും പിന്തുണ സ്വീകരിക്കും. ബിജെപി പിന്തുണയ്‌ക്കാൻ തീരുമാനിച്ചാൽ നല്ലകാര്യം. പക്ഷെ എൻഡിഎയിൽ ചേരില്ല. ബിജെപി പ്രസിഡന്റ്‌ കെ സുരേന്ദ്രനുമായി ആശയവിനിമയം നടത്തി‌.യുഡിഎഫ്‌ വഞ്ചിച്ചതിനാൽ അവരെ തോൽപ്പിക്കലാണ്‌ മുഖ്യലക്ഷ്യം. ഉമ്മൻചാണ്ടിയെക്കുറിച്ച്‌ പറഞ്ഞത്‌ ആവർത്തിക്കുന്നില്ല. സംസ്ഥാനത്ത്‌ തൂക്കുസഭയ്‌ക്കാണ്‌ സാധ്യത. അതിനാൽ‌ മറ്റ്‌ സംഘടനകളുമായി ചർച്ച ചെയ്‌ത്‌ ഏത്‌ സർക്കാരിന്റെ ഭാഗമാകണമെന്ന്‌ പിന്നീട്‌ തീരുമാനിക്കുമെന്നും ജോർജ്‌  വ്യക്തമാക്കി.

 

യുഡിഎഫിന്‌ വേണമെങ്കിൽ 
മത്സരിക്കാം
തനിക്ക് സൗകര്യമുള്ള മണ്ഡലം ലഭിച്ചാൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് ആലോചിക്കുമെന്ന് ഹൈക്കോടതി മുൻ ജഡിജി ജ. കെമാൽ പാഷ.

യുഡിഎഫിന് എന്നെ വേണമെങ്കിൽ മതി. പ്രത്യേകിച്ച് ഒരു മണ്ഡലം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. പുനലൂർ മത്സരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് നേരത്തെ അറിയിച്ചതാണ്. സ്വതന്ത്രനായി മത്സരിക്കില്ലെന്നും സെക്രട്ടറിയറ്റിനു മുന്നിൽ സിപിഒ ഉദ്യോഗാർഥികളുടെ സംഗമ സമരം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.