ശോഭയില്ലാതെ തെരഞ്ഞെടുപ്പ് കമ്മിറ്റി

വിജയയാത്രയ്‌ക്ക്‌ 
പിന്നാലെ വിമത യോഗങ്ങൾ

Wednesday Mar 3, 2021
ഇ എസ്‌ സുഭാഷ്‌


തൃശൂർ
സംസ്‌ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രക്ക് സമാന്തരമായി ബിജെപിയിൽ വിമത യോഗങ്ങൾ സജീവം. യാത്ര കടന്നുപോയ ജില്ലകളിൽ പാർട്ടി ഔദ്യോഗിക വിഭാഗത്തിനെതിരെ നിലകൊള്ളുന്ന പി കെ കൃഷ്ണദാസ് –- എം ടി രമേശ് പക്ഷമാണ് യോഗം ചേരുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിലും കോഴിക്കോട്ടും യോഗമുണ്ടായി. സുരേന്ദ്രൻ പക്ഷം വിജയയാത്രയിൽ കേന്ദ്രീകരിക്കുമ്പോൾ ഗ്രൂപ്പ് പ്രവർത്തനം ശക്തമാക്കാനാണ് മറുവിഭാഗത്തിന്റെ നീക്കം.  

പി പി മുകുന്ദനുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്‌  കൃഷ്ണദാസും എം ടി രമേശും.  സുരേന്ദ്രനെതിരെ മുകുന്ദൻ പരസ്യമായി രംഗത്തെത്തിയിരുന്നു. ശോഭ സുരേന്ദ്രൻെറ പിന്തുണയും സമാന്തര പ്രവർത്തനത്തിനുണ്ട്‌. പരമാവധി മണ്ഡലങ്ങളിൽ തങ്ങളുടെ ഗ്രൂപ്പിലുള്ളവരെ സ്ഥാനാർത്ഥികളാക്കാനാണ്‌ ശ്രമം. 

കേരളത്തിലെ  ബിജെപിയിൽ ഗ്രൂപ്പ് പ്രവർത്തനം പാടില്ലെന്ന് കേന്ദ്ര നേതൃത്വം കർശന നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലും കേന്ദ്ര നേതാക്കൾ ഇക്കാര്യം  ആവർത്തിച്ചു. എന്നാൽ ഈ നിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറത്തിയായിരുന്നു കോഴിക്കോട്ട് രഹസ്യ യോഗം.  കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനേതാക്കളെല്ലാം യോഗത്തിൽ പങ്കെടുത്തു.  സംസ്ഥാന ഭാരവാഹികൾ പങ്കെടുത്ത് തെര സീറ്റ് ചർച്ചകൾ നടക്കുന്നതിന് മുന്നോടിയായിരുന്നു യോഗം. കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ യോഗത്തിൽ ധാരണയായി. ജില്ലാപ്രസിഡന്റ്, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിവർക്ക് നിർബന്ധമായും സീറ്റ് നൽകണമെന്ന് ആവശ്യപ്പെടും.


 

ശോഭയില്ലാതെ തെരഞ്ഞെടുപ്പ് കമ്മിറ്റി
മുതിർന്ന നേതാവ്‌ ശോഭ സുരേന്ദ്രന്‌‌ ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും ഭ്രഷ്ട്‌. സംസ്ഥാന സഹഭാരവാഹികൾ മുതൽ കഴിഞ്ഞയാഴ്‌ച ബിജെപിയിൽചേർന്ന ഇ ശ്രീധരനെവരെ ഉൾപ്പെടുത്തിയ കമ്മിറ്റിയിലാണ്‌ ശോഭയെ പടിക്ക്‌ പുറത്തുനിർത്തിയത്‌.  സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, ദേശീയ വൈസ്‌പ്രസിഡന്റ്‌ എ പി അബ്ദുള്ളക്കുട്ടി, കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ, സി കെ പദ്മനാഭൻ, പി കെ കൃഷ്ണദാസ്, എം ടി രമേശ്, ജോർജ് കുര്യൻ, സി കൃഷ്ണകുമാർ, പി സുധീർ, എ എൻ രാധാകൃഷ്ണൻ, എം ഗണേശൻ തുടങ്ങിയവരാണ്‌ കമ്മിറ്റി അംഗങ്ങൾ.

വനിതാപ്രതിനിധ്യത്തിനും ശോഭയെ പരിഗണിച്ചില്ല. പകരം മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ്‌ നിവേദിത സുബ്രഹ്മണ്യനെ ഉൾപ്പെടുത്തി.  ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടെ അംഗീകാരത്തോടെ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനാണ്‌ 16 അംഗ കമ്മിറ്റിയെ പ്രഖ്യാപിച്ചത്.