മലപ്പുറം ലീഗിനെ 
ചുറ്റിക്കുന്നു‌ ; ലോക്‌സഭാ സീറ്റിനെ ചൊല്ലി കടുത്ത ആശയക്കുഴപ്പം

Wednesday Mar 3, 2021


കോഴിക്കോട്‌
അബ്ദുസമദ്‌ സമദാനിക്കായി പാണക്കാട്‌ കേന്ദ്രീകരിച്ച്‌ സമ്മർദ്ദം. പി എം സാദിഖലിക്കായി യുവജന നേതാക്കൾ. സീറ്റ്‌ മോഹവുമായി ദേശീയ സെക്രട്ടറി സിറാജ്‌ ഇബ്രാഹിംസേട്ട്‌.  പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ച മലപ്പുറം ലോക്‌സഭാ സീറ്റിനെ ചൊല്ലി മുസ്ലിംലീഗിൽ‌ കടുത്ത ആശയക്കുഴപ്പം.

രാജ്യസഭാ സീറ്റ്‌ താൽപ്പര്യപ്പെട്ടാണ്‌ അഖിലേന്ത്യാ ഓർഗനൈസിങ്‌‌ സെക്രട്ടറി  എം പി അബ്ദുസമദ്‌സമദാനിയുടെ ‌ ചരടുവലി. അതിനിടെ പി വി അബ്ദുൾവഹാബിന്‌ മൂന്നാമൂഴം എന്ന നിലയിൽ ചർച്ചകൾ നീങ്ങി. ഇതോടെയാണ്‌ സമദാനി മലപ്പുറം സീറ്റിനായി രംഗത്തിറങ്ങിയത്‌. വഹാബിനെ‌ മഞ്ചേരി നിയമസഭാ സീറ്റിൽ നിർത്തിയാൽ രാജ്യസഭാ സീറ്റ്‌ സമദാനിക്ക്‌ നൽകാനും സാധ്യതയുണ്ട്‌. നിയമസഭാ സീറ്റിൽ മണ്ഡലം കമ്മിറ്റികളുടെ എതിർപ്പ്‌ നേരിടുന്ന സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിന്‌ രാജ്യസഭാ നറുക്ക്‌ വീഴാനുള്ള സാധ്യത കാണുന്നവരുമുണ്ട്‌. സീറ്റുകൾ എങ്ങനെ വീതംവച്ചാലും അതൃപ്‌തരുടെ എണ്ണം കൂടും.  

ഏറെക്കാലമായി തഴയപ്പെടുന്നുവെന്ന വികാരമാണ് പി എം സാദിഖലി, ടി ടി ഇസ്‌മയിൽ തുടങ്ങിയ മുൻ യൂത്ത്‌ലീഗ്‌‌ നേതാക്കൾക്കുള്ളത്‌. ഗുരുവായൂരിൽ മത്സരിച്ച്‌‌ തോൽക്കാൻ  ഇനിയില്ലെന്നാണ്‌‌ സാദിഖലിയുടെ നിലപാട്‌. എൻ ഷംസുദ്ദീനെ തിരൂരിലേക്ക്‌‌ മാറ്റി സാദിഖലിക്ക്‌ മണ്ണാർക്കാട്‌ എന്നൊരു വാഗ്‌ദാനമുണ്ട്‌. എന്നാൽ മണ്ണാർക്കാട്‌ മണ്ഡലം കമ്മിറ്റി പുറത്തുള്ളവർക്ക്‌ പ്രവേശനമില്ലെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതിനിടയിലാണ്‌ ഇബ്രാഹിംസുലൈമാൻ സേട്ടിന്റെ മകനായ സിറാജ്‌ സേട്ടിന്റെ മലപ്പുറം മോഹം‌. 

ഷംസുദ്ദീനെ ലോക്‌സഭയിലേക്കയക്കാൻ തുടക്കത്തിൽ നേതൃത്വത്തിന്‌ താൽപ്പര്യമുണ്ടായിരുന്നു. സമദാനിയുടെയും മറ്റും ആവശ്യം ശക്തമായതിനെ  തുടർന്ന്‌ എംഎൽഎമാരെ ലോക്‌സഭയിലേക്ക്‌‌ പരിഗണിക്കേണ്ടെന്ന്‌ തീരുമാനിച്ചു. തർക്കം മുറുകവേ പാണക്കാട്‌ കുടുംബത്തിൽനിന്ന്‌ സമവായ സ്ഥാനാർഥി എന്ന ആലോചനയും സജീവം‌. സാദിഖലി ശിഹാബ്‌തങ്ങൾ മുതൽ മുനവറലി തങ്ങളുടെവരെ പേരുണ്ട്‌. ആറിന്‌ ചേരുന്ന പാർലമെന്ററിബോർഡ്‌ യോഗത്തിലാകും അന്തിമ ധാരണ.