കാസർകോടിനും 
ഷാജിയെ വേണ്ട

Wednesday Mar 3, 2021
മുഹമ്മദ്‌ ഹാഷിം


കാസർകോട്‌
പരാജയ ഭീതിയിൽ‌ അഴീക്കോടുവിട്ട്‌ കാസർകോട്‌ മത്സരിക്കാനൊരുങ്ങുന്ന കെ എം ഷാജിക്കെതിരെ മുസ്ലിംലീഗിൽ പടയൊരുക്കം. ബുധനാഴ്‌ച കാസർകോട്‌ മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെയും പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്/‌ സെക്രട്ടറിമാരുടെയും യോഗം ചേർന്നപ്പോൾ ഭൂരിഭാഗവും ഷാജിയുടെ വരവിനെ എതിർത്തു. പുറത്തുനിന്നുള്ളയാൾ വേണ്ടന്നായിരുന്നു അഭിപ്രായം. ജില്ലാ ഭാരവാഹികളുടെ യോഗത്തിലും ഇതേ അഭിപ്രായത്തിനായിരുന്നു മേൽക്കൈ.

സിറ്റിങ്‌ എംഎൽഎ എൻ എ നെല്ലിക്കുന്ന്‌, ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ ടി ഇ അബ്ദുല്ല, ജില്ലാ സെക്രട്ടറി മുനീർ ഹാജി എന്നിവരെയാണ്‌ കാസർകോട്‌ മണ്ഡലത്തിലേക്ക്‌ ജില്ലാ നേതൃത്വം നിർദേശിക്കുന്നത്‌. നെല്ലിക്കുന്നിനെയും  മുനീർ ഹാജിയെയും മഞ്ചേശ്വരത്തും പരിഗണിക്കുന്നുണ്ട്‌. മഞ്ചേശ്വരത്ത്‌ മത്സരിക്കാൻ സിറ്റിങ്‌ എംഎൽഎ എം സി ഖമറുദ്ദീൻ, യൂത്ത്‌ ലീഗ്‌ സംസ്ഥാന സെക്രട്ടറി എ കെ എം അഷറഫ്‌ എന്നിവരും സമ്മർദം ചെലുത്തുന്നുണ്ട്‌.

ഷാജി വന്നാൽ പാർടിയുടെ കടിഞ്ഞാണും കൈയടക്കുമെന്ന്‌ ജില്ലയിലെ പ്രധാന നേതാക്കൾ കരുതുന്നു. എം സി ഖമറുദീൻ ജ്വല്ലറിത്തട്ടിപ്പിൽ ‌പ്രതിയായി നിൽക്കുമ്പോൾ, പ്ലസ്‌ടു കോഴക്കേസിലും വരവിൽകവിഞ്ഞ്‌ സ്വത്ത്‌ സമ്പാദിച്ചതിലും വിജിലൻസ്‌ അന്വേഷണം നേരിടുന്ന ഷാജികൂടി വരുന്നത്‌ പൊതുസമൂഹത്തിൽ പാർടിക്ക്‌ കൂടുതൽ ക്ഷീണമുണ്ടാക്കുമെന്നും നേതാക്കൾ പറയുന്നു. ഷാജി വരുന്നതിൽ ജില്ലയിലെ കോൺഗ്രസ്‌ നേതാക്കൾക്കും  പ്രതിഷേധമുണ്ട്‌.

 


"പാരവച്ചവനെ പണിയും ' ബേജാറിൽ കൊലവിളി
തനിക്കെതിരെ കളിച്ചവൻ പാർടിക്കകത്തായാലും പുറത്തായാലും തിരിച്ചടി ഉറപ്പെന്ന ഭീഷണിയുമായി ‌ കെ എം ഷാജി എംഎൽഎ. ‘ഏതുകൊമ്പത്തവനായാലും വാങ്ങിയ അച്ചാരത്തിന്റെ കണക്കും പുറത്തുകൊണ്ടുവരും. ഇത്‌ ഭീഷണിയായോ വെല്ലുവിളിയായോ എങ്ങനെ കരുതിയാലും ഒന്നുമില്ല–- മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറിയായ ഷാജിയുടെ കൊലവിളി പ്രസംഗം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്‌. 

കൊലവിളി മുഴക്കുന്ന പ്രസംഗത്തിനെതിരെ ലീഗ്‌ പ്രവർത്തകർ തന്നെ പ്രതിഷേധവുമായെത്തി‌. ഷാജിയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ അഴീക്കോട്‌, കാസർകോട്‌ മണ്ഡലം കമ്മിറ്റികൾ നേതൃത്വത്തിനു നൽകിയ പരാതിയിൽ ഭീഷണിപ്രസംഗത്തിന്റെ ശബ്ദരേഖയുമുണ്ട്‌. വർഗീയപ്രചാരണം കാരണം എംഎൽഎ സ്ഥാനം നിയമക്കുരുക്കിലായതിലും കോഴക്കേസിനു പിറകിലും ലീഗിനകത്തുള്ളവർ കളിച്ചെന്ന്‌ വ്യക്തമാക്കിയാണ്‌ ഭീഷണി പ്രസംഗം. ‘എന്റെ പേര്‌ കെ എം ഷാജി എന്നാണെങ്കിൽ ചെയ്‌തവന്‌ എട്ടിന്റെ പണികൊടുത്തിരിക്കും.  അങ്ങനെ മറന്നുപേകാൻ ഞാൻ പ്രവാചകനൊന്നുമല്ല. അങ്ങനെ വിട്ടുകളയുമെന്ന്‌ കരുതേണ്ട. യുഡിഎഫ്‌ അധികാരത്തിൽ വന്നാൽ എല്ലാത്തിനും തിരിച്ചുകിട്ടും. ഉദ്യോഗസ്ഥരും  കരുതിവച്ചോളൂ. എനിക്കെതിരായി പണിയെടുത്തവരെല്ലാം മറുപടി പറയേണ്ടിവരും’ എന്ന ഭീഷണിയാണ്‌ പ്രസംഗത്തിലുടനീളം. വളപട്ടണത്ത്‌ മുസ്ലിംലീഗ്‌ സംഘടിപ്പിച്ച വിദശീകരണയോഗത്തിലാണ്‌ ഷാജിയുടെ വിവാദമായ കൊലവിളിപ്രസംഗം.  പ്രസംഗത്തിന്റെ ശബ്ദരേഖ പൊലീസിന്‌ കൈമാറാൻ ഒരുവിഭാഗം ശ്രമിക്കുന്നുണ്ട്‌.