സുൽത്താന്റെ മണ്ണിൽ മാറ്റത്തിന്റെ മണിമുഴക്കം

Wednesday Mar 3, 2021
പി മോഹനൻ

ബത്തേരി>സുൽത്താന്റെ പടയോട്ടംകൊണ്ട്‌ പേരുകേട്ട മണ്ഡലമാണ്‌ ബത്തേരി.  ബത്തേരിയിൽ മാറ്റത്തിന്റെ കാഹളമുയരുകയാണ്‌. കഴിഞ്ഞ പത്തുവർഷമായി യുഡിഎഫ്‌ ഭരിക്കുന്ന മണ്ഡലത്തിൽ വികസന മുരടിപ്പാണ്‌ പ്രധാന ചർച്ചാ വിഷയം. സമീപ മണ്ഡലങ്ങളിലെ വികസനവുമായി താരതമ്യം ചെയ്യുമ്പോൾ എംഎൽഎയുടേതെന്ന്‌ പറയാൻ ഒരു പദ്ധതിപോലും ബത്തേരിയിലില്ല. സർക്കാർ പദ്ധതി നടപ്പാക്കാൻ ഒരു താൽപ്പര്യവും കാണിച്ചുമില്ല.

കിഫ്‌ബിയിൽ ഫണ്ട്‌ ലഭിച്ചിട്ടും അത്‌ കൃത്യമായി കൈകാര്യം ചെയ്യാൻ തയ്യാറാവാത്തതിനാലാണ്‌ പനമരം–ബീനാച്ചി റോഡ്‌ നിർമാണം ഇഴഞ്ഞത്‌. ഇത്‌ ഒരു ഉദാഹരണം മാത്രം. ബത്തേരിയിൽ അനുവദിച്ച ഗവ. കോളേജിന്റെ കാര്യവും ഇതുതന്നെ.  ഇതിൽ എംഎൽഎ ഒരു താൽപ്പര്യവും കാണിക്കാത്തതിനാൽ ജനരോക്ഷം ശക്തമാണ്‌. യുഡിഎഫ‌ിന്റെ എംഎൽഎമാർ കൂടുതൽ കാലവും പ്രതിനിധീകരിച്ചിട്ടും ബത്തേരിയിൽ കാര്യമായ വികസനം എത്തിക്കാൻ അവർക്ക‌് കഴിഞ്ഞില്ല.
പി വി വർഗീസ‌് വൈദ്യരും പി കൃഷ‌്ണപ്രസാദും മുൻകൈയെടുത്ത‌് നടപ്പാക്കിയതാണ‌് മണ്ഡലത്തിൽ ഇന്ന‌് കാണുന്ന പല പദ്ധതികളും. ജനകീയ സംരംഭമായ ബ്രഹ്മഗിരി ഡെവലപ‌്മെന്റ‌് സൊസൈറ്റിയുടെ മീറ്റ‌് ഫാക്ടറിയും ചേകാടി, കോട്ടൂർ പാലങ്ങളും  യാഥാർഥ്യമാക്കാൻ ഇരുവർക്കും കഴിഞ്ഞു.
1977ൽ നിലവിൽ വന്ന മണ്ഡലത്തിലെ ആദ്യത്തെ എംഎൽഎ കോൺഗ്രസിലെ കെ രാഘവനാണ്‌. എൽഡിഎഫിലെ കേരള കോൺഗ്രസ‌് എം സ്ഥാനാർഥി പി ടി ജോസിനെയാണ‌്  പരാജയപ്പെടുത്തിയത‌്. 82ലും 87ലും കെ കെ രാമചന്ദ്രനാണ്‌ വിജയിച്ചത്‌. യഥാക്രമം എൽഡിഎഫിലെ പി വി വർഗീസ‌് വൈദ്യരെയും സിറിയക‌് ജോണിനെയുമാണ‌് പരാജയപ്പെടുത്തിയത‌്. 1991ൽ പാർലമെന്റ‌് തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ രാജീവ‌്ഗാന്ധി കൊല്ലപ്പെട്ട സഹതാപം മുതലെടുത്ത‌് മത്സരിച്ച കോൺഗ്രസിലെ കെ സി റോസക്കുട്ടി നേരിയ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. പി വി വർഗീസ‌് വൈദ്യരായിരുന്നു എതിർ സ്ഥാനാർഥി. 1996ൽ പാർലമെന്റ‌് തെരഞ്ഞെടുപ്പിനൊപ്പം നടന്ന തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽനിന്നും ആദ്യമായി എൽഡിഎഫ‌് സ്ഥാനാർഥി തെരഞ്ഞെടുക്കപ്പെട്ടു. പി വി വർഗീസ‌് വൈദ്യർക്കായിരുന്നു വിജയം. സിറ്റിങ‌് എംഎൽഎ കെ സി റോസക്കുട്ടിയാണ‌് പരാജയപ്പെട്ടത‌്. 2001ൽ യുഡിഎഫിലെ എൻ ഡി അപ്പച്ചൻ എൽഡിഎഫ‌് സ്വതന്ത്ര സ്ഥാനാർഥി ഫാ. മത്തായി നൂറനാലിനെ പരാജയപ്പെടുത്തി. 2006ൽ എൽഡിഎഫിലെ പി കൃഷ‌്ണപ്രസാദ‌് സിറ്റിങ‌് എംഎൽഎ എൻ ഡി അപ്പച്ചനെ തോൽപ്പിച്ചത‌് റെക്കോർഡ‌് ഭൂരിപക്ഷത്തിലായിരുന്നു. 2011ൽ മണ്ഡലം എസ‌്ടി സംവരണമായതോടെ നടന്ന തെരഞ്ഞെടുപ്പിലും 2016ൽ നടന്ന തെരഞ്ഞെടുപ്പിലും യുഡിഎഫിലെ ഐ സി ബാലകൃഷ‌്ണനാണ‌് വിജയിച്ചത‌്.

തദ്ദേശ തെരഞ്ഞെടുപ്പ‌്
തദ്ദേശ തെരഞ്ഞെടുപ്പിൽ ബത്തേരി നഗരസഭയിലും അമ്പലവയൽ പഞ്ചായത്തിലും ബത്തേരി ബ്ലോക്ക‌് പഞ്ചായത്തിലും എൽഡിഎഫിനാണ്‌ ഭരണം. മീനങ്ങാടി, നെന്മേനി, നൂൽപ്പുഴ, പൂതാടി, പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ ഭരണം യുഡിഎഫിനാണ‌്.