അടിതെറ്റി വീഴും, ഇടതല്ലെങ്കിൽ

Wednesday Mar 3, 2021
പി ദിനേശൻ

തലശേരി>ചുവപ്പിന്റെ രാഷ്ട്രീയത്തെ ഹൃദയത്തിലുറപ്പിച്ച നാടാണ്‌ തലശേരി.  മുഖ്യമന്ത്രിയെയും മൂന്ന്‌ ‌മന്ത്രിമാരെയും കേരളത്തിന്‌ സമ്മാനിച്ച മണ്ഡലം. എതിരിടാൻ വീരവാദം മുഴക്കി വന്നവരെല്ലാം അടിതെറ്റി വീണിട്ടേയുള്ളൂ. ഈ തെരഞ്ഞെടുപ്പിലും വിജയക്കൊടി ഇടതുപക്ഷത്തിന്റെ കൈയിൽത്തന്നെയാകും.
   ഇ കെ നായനാർ മുഖ്യമന്ത്രിയായതും ജസ്‌റ്റിസ്‌ വി ആർ കൃഷ്‌ണയ്യരും എൻ ഇ ബാലറാമും കോടിയേരി ബാലകൃഷ്‌ണനും മന്ത്രിമാരായതും ഇവിടെനിന്ന്‌ വിജയിച്ചാണ്‌. 1957ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്രൻ വി ആർ കൃഷ്‌ണയ്യർക്ക്‌ 12,084 വോട്ട്‌ ഭൂരിപക്ഷം. 1960ൽ കോൺഗ്രസിലെ പി കുഞ്ഞിരാമൻ 23 വോട്ടിന്‌ ജയിച്ചെങ്കിലും തെരഞ്ഞെടുപ്പ്‌ കേസിൽ വിജയം കൃഷ്‌ണയ്യർക്കായി. തുടർന്ന്‌ ജയം കമ്യൂണിസ്‌റ്റുകാർക്കുമാത്രം.


ജയിലിൽക്കിടന്ന്‌ ജനവിധി തേടിയ പാട്യം ഗോപാലനെ വിജയിപ്പിച്ച ചരിത്രവും തലശേരിക്കുണ്ട്‌. പാട്യവും കെ പി മമ്മു മാസ്‌റ്ററും രണ്ടു‌തവണ വീതവും കോടിയേരി ബാലകൃഷ്‌ണൻ അഞ്ചു‌ തവണയും ഇവിടെനിന്ന്‌ നിയമസഭയിലെത്തി.    1967ൽ കെ പി ആർ ഗോപാലൻ 12,840 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്‌. 1979ലെ ഉപതെരഞ്ഞെടുപ്പിലും 80ലും  ജയം എം വി രാജഗോപാലന്‌.
1996ലെ ഉപതെരഞ്ഞെടുപ്പിൽ നായനാർക്ക്‌  24,501 വോട്ടിന്റെ  ഭൂരിപക്ഷം.
2011ൽ കോടിയേരി ഭൂരിപക്ഷം ഉയർത്തി– 26,509. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഡ്വ. എ എൻ ഷംസീർ കോൺഗ്രസിലെ എ പി അബ്ദുള്ളക്കുട്ടിക്കെതിരെ 34,117 വോട്ടിന്റെ റെക്കോഡ്‌ ഭൂരിപക്ഷം നേടി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ മണ്ഡലത്തിൽ 11,469 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്‌. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുത്തനെ ഉയർന്നു.
  തലശേരി നഗരസഭയും എരഞ്ഞോളി, കതിരൂർ, പന്ന്യന്നൂർ, ചൊക്ലി, ന്യൂമാഹി പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ മണ്ഡലം. എല്ലായിടത്തും എൽഡിഎഫ്‌ ഭരണം. വികസന വസന്തം തീർത്ത ആത്മവിശ്വാസത്തോടെയാണ്‌ എൽഡിഎഫ്‌ അങ്കത്തട്ടിലിറങ്ങുന്നത്‌. റോഡുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ.... എല്ലാ മേഖലയിലും കണ്ണഞ്ചിപ്പിക്കുന്ന മാറ്റം. പൈതൃക ടൂറിസം പദ്ധതിയിലൂടെ തലശേരി തലയുയർത്തിനിൽക്കുന്നു. ജഗന്നാഥ ക്ഷേത്രത്തിൽ രാജ്യാന്തര മ്യൂസിയത്തിന്‌ തുടക്കമിട്ടു.

    കോടിയേരി മലബാർ ക്യാൻസർ സെന്ററിൽ പൂർത്തിയായതും തുടക്കമിട്ടതുമായ 643 കോടി രൂപയുടെ പദ്ധതികൾ. 55 കോടിയുടെ ജില്ലാ കോടതി സമുച്ചയ നിർമാണവും പുരോഗമിക്കുന്നു. കൊടുവള്ളി റെയിൽവേ മേൽപ്പാലം, അമ്മയും കുഞ്ഞും ആശുപത്രി, തലശേരി ഗവ. കോളേജ്‌ വികസനം, പാലങ്ങൾ തുടങ്ങി തലശേരി ആഗ്രഹിച്ചതെല്ലാം ലഭ്യമായി.