വൈദ്യപെരുമയുടെ മഹിതസംസ്‌കാരം

Wednesday Mar 3, 2021
സ്വന്തം ലേഖകൻ

കോട്ടക്കൽ>ആയുർവേദത്തിന്റെ  ഈറ്റില്ലമാണ്‌ കോട്ടക്കൽ. വൈദ്യരത്‌നം പി എസ്‌ വാരിയർ സ്ഥാപിച്ച ആര്യവൈദ്യശാലയിലൂടെ കീർത്തികേട്ട ദേശം. കഥകളിയും കാവ്യവും മേളവും ഒരുപോലെ നിറഞ്ഞ സാംസ്‌കാരിക പെരുമ. മൂന്ന്‌ ഭാഗത്തും നദികൾ അതിരിടുന്ന കാർഷികഭൂമിക. ആയിരം വർഷം പഴക്കമുള്ള വെങ്കിട്ടത്തേവർ ക്ഷേത്രവും പ്രശസ്‌തമായ കാടാമ്പുഴ ക്ഷേത്രവും ഈ മണ്ഡലത്തിലാണ്‌. മറ്റ്‌ ആരാധനാലയങ്ങളുമേറെ.


കുറ്റിപ്പുറം മണ്ഡലത്തിനെ പുനഃക്രമീകരിച്ച്‌  2008ലാണ്‌ കോട്ടക്കൽ മണ്ഡലം രൂപീകരിച്ചത്‌. കിഴക്ക്‌ ഭാഗം ഇരിമ്പിളിയം പഞ്ചായത്തിനെചുറ്റി ഭാരതപ്പുഴയുടെ കൈവഴിയായ തൂതപ്പുഴ ഒഴുകുന്നു. തെക്ക്‌ കുറ്റിപ്പുറം പഞ്ചായത്തിന്റെ അതിർത്തിയിലൂടെ നിളയും പടിഞ്ഞാറ്‌ ദേശീയപാതയും‌. വടക്ക്‌ പൊന്മള പഞ്ചായത്ത്‌ കടലുണ്ടിപ്പുഴയോട്‌ തീരംപങ്കിടുന്നു. നെല്ല്‌, കവുങ്ങ്‌, വാഴ, കപ്പ, വെറ്റില എന്നിവയാണ്‌ പ്രധാന കൃഷി.
കോട്ടക്കൽ, വളാഞ്ചേരി നഗരസഭകളും എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം, മാറാക്കര, പൊന്മള  പഞ്ചായത്തുകളും ഉൾപ്പെടുന്നു.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന്റെ അബ്ദുസമദ്‌ സമദാനി 35,902 വോട്ടുകളുടെ  ഭൂരിപക്ഷത്തോടെ വിജയിച്ചു. സമദാനിക്ക്‌ 69,717 വോട്ടും എൽഡിഎഫിലെ സി പി കെ കുരിക്കൾക്ക്‌ 33,815 വോട്ടും ബിജെപിയുടെ കെ കെ സുരേന്ദ്രന്‌ 7782 വോട്ടും ലഭിച്ചു.

2016ൽ എൻ എ മുഹമ്മദ്‌കുട്ടിയിലൂടെ എൽഡിഎഫ്‌ കരുത്തുകാട്ടി. മുസ്ലിംലീഗിന്റെ ഭൂരിപക്ഷം 15,042 വോട്ടാക്കി കുറച്ചു. മുസ്ലിംലീഗിലെ‌ കെ കെ ആബിദ്‌ ഹുസൈൻ തങ്ങൾ 71,768 വോട്ടും എൻ എ മുഹമ്മദ്‌കുട്ടി  56,726 വോട്ടും നേടി.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും എൽഡിഎഫിന്‌ വോട്ട്‌ കൂടി. കോട്ടക്കൽ മണ്ഡലത്തിന്റെ വികസനത്തിന്‌ സംസ്ഥാന സർക്കാർ മികച്ച പിന്തുണയാണ്‌ നൽകിയത്‌. കുടുംബാരോഗ്യകേന്ദ്രം, ഹൈടെക്‌ സ്‌കൂളുകൾ, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, പാലങ്ങൾ എന്നിവ യാഥാർഥ്യമാക്കി.