മരവ്യവസായത്തിന്റെ മണ്ണ്‌

Wednesday Mar 3, 2021
സ്വന്തം ലേഖകൻ



 
വണ്ടൂർ>പുഴയും കാടും അടുത്തുനിൽക്കുന്ന മലയോരമേഖല. തികച്ചും കാർഷിക മേഖല. മരവ്യവസായത്തിനും പേരുകേട്ട പ്രദേശം. ധീര രക്തസാക്ഷി കുഞ്ഞാലിയുടെ പ്രവർത്തനകേന്ദ്രവും കവയത്രി കെ ബി ശ്രീദേവിയുടെ കർമമണ്ഡലവുമാണ്‌  വണ്ടൂർ. കിഴക്ക് സൈലന്റ്‌വാലി ബഫർസോൺ വനപ്രദേശവും തെക്ക് പെരിന്തൽമണ്ണ, മഞ്ചേരി നിയോജകമണ്ഡലങ്ങളും പടിഞ്ഞാറ് മഞ്ചേരി, ഏറനാട് മണ്ഡലങ്ങളും വടക്ക് നിലമ്പൂർ മണ്ഡലവും ചാലിയാറും കുതിരപ്പുഴയുമാണ് അതിരുകൾ.


1977ൽ മണ്ഡലം രൂപീകരിക്കുമ്പോൾ വണ്ടൂർ, മമ്പാട്, കരുവാരക്കുണ്ട്, പാണ്ടിക്കാട്, എടവണ്ണ, പോരൂർ, തൃക്കലങ്ങോട്, തിരുവാലി, തുവ്വൂർ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടിരുന്നു. 2008ലെ മണ്ഡല പുനർനിർണയത്തിൽ എടവണ്ണ ഏറനാട് മണ്ഡലത്തിന്റെയും തൃക്കലങ്ങോട്, പാണ്ടിക്കാട് പഞ്ചായത്തുകൾ മഞ്ചേരിയുടെയും ഭാഗമായി. നിലവിൽ മമ്പാട്, തിരുവാലി, വണ്ടൂർ, പോരൂർ, തുവ്വൂർ, കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട് പഞ്ചായത്തുകളാണ്‌ മണ്ഡലത്തിന്റെ ഭാഗം.
രൂപീകരണ കാലംതൊട്ട് പട്ടികജാതി സംവരണ മണ്ഡലമാണ്‌. ഒരു തവണയൊഴികെ മണ്ഡലത്തെ പ്രതിനിധീകരിച്ചതെല്ലാം യുഡിഎഫ് അംഗങ്ങൾ. 1996ൽ സിപിഐ എമ്മിലെ എൻ കണ്ണൻ വിജയിച്ചു. കഴിഞ്ഞ നാല് തവണയും കോൺഗ്രസിലെ എ പി അനിൽകുമാറാണ് വിജയിച്ചത്. 2016ൽ 23,864 വോട്ടുകൾക്കായിരുന്നു വിജയം. ജില്ലയിലെ കോൺഗ്രസിന്റെ ഏക സിറ്റിങ്‌ മണ്ഡലമാണിത്‌.
മുമ്പെങ്ങുമില്ലാത്ത വികസനപ്രവർത്തനങ്ങളാണ്‌ സർക്കാർ സഹായത്തോടെ കഴിഞ്ഞ അഞ്ച്‌ വർഷവും നടപ്പാക്കിയത്‌. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളുടെ നവീകരണത്തിന്‌ വലിയ സഹായം സർക്കാർ നൽകി. മാപ്പിളകവി പുലിക്കോട്ടിൽ ഹൈദറിന് ജന്മനാടായ വണ്ടൂരിൽ ഉചിതമായ സ്മാരകമായതും ഈ സർക്കാരിന്റെ കാലത്താണ്‌. കുതിരപ്പുഴക്കുകുറുകെ തൃക്കെകുത്ത് കടവിൽ 10.90 കോടി ചെലവിൽ പാലം നിർമാണം തുടങ്ങി. വണ്ടൂർ താലൂക്ക് ആശുപത്രിയും നവീകരിച്ചു.

 
പ്രതിനിധീകരിച്ചവർ
1977 – വി ഈച്ചരൻ (കോൺഗ്രസ്)
1980 – എം എ കുട്ടപ്പൻ (കോൺഗ്രസ്)
1982 – പന്തളം സുധാകരൻ (കോൺഗ്രസ്‌)
1987 – പന്തളം സുധാകരൻ (കോൺഗ്രസ്)
1991 – പന്തളം സുധാകരൻ (കോൺഗ്രസ്)
1996 – എൻ കണ്ണൻ (സിപിഐ എം)
2001 – എ പി അനിൽകുമാർ (കോൺഗ്രസ്)
2006 – എ പി അനിൽകുമാർ (കോൺഗ്രസ്)
2011  – എ പി അനിൽകുമാർ (കോൺഗ്രസ്)
2016 – എ പി അനിൽകുമാർ (കോൺഗ്രസ്)
2016 നിയമസഭ
എ പി അനിൽകുമാർ (യുഡിഎഫ്): 81,964
കെ നിഷാന്ത് (എൽഡിഎഫ്): 58,100
സുനിത മോഹൻ (ബിജെപി): 9471
ഭൂരിപക്ഷം: 23,864
തദ്ദേശ തെരഞ്ഞെടുപ്പ്‌ 2020
തിരുവാലി, മമ്പാട്, കരുവാരക്കുണ്ട് (എൽഡിഎഫ്), വണ്ടൂർ, പോരൂർ, തുവ്വൂർ, കാളികാവ്, ചോക്കാട് (യുഡിഎഫ്).