മാറ്റത്തിന്റെ പാലക്കാടൻ കാറ്റ്‌

Wednesday Mar 3, 2021

മാറ്റത്തിന്റെ പാലക്കാടൻ കാറ്റ്‌

പാലക്കാട്>കൽപ്പാത്തിപ്പുഴയുടെ സംഗീതവും അഗ്രഹാരങ്ങളുടെ പെരുമയും ലോകമറിയുന്ന തേരുമെല്ലാം പാലക്കാടിന്‌ സ്വന്തം. ടിപ്പുസുൽത്താനെ ഓർമിപ്പിച്ച്‌ പാലക്കാട്‌ കോട്ട. ജനാധിപത്യ സംരക്ഷണത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട നാലു രക്തസാക്ഷികളുടെ ഓർമകൾ അലയടിക്കുന്ന മണ്ഡലം‌‌.


കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളും പാലക്കാട്‌ നഗരസഭയും ചേരുന്നതാണ്‌ മണ്ഡലം. കോൺഗ്രസിന്റെ ആർ രാഘവമേനോനാണ് 1957 ലെ ആദ്യ തെരഞ്ഞെടുപ്പിൽ വിജയം നേടിയത്‌. 1960 അദ്ദേഹം വീണ്ടും വിജയിച്ചു. 1965ൽ എൽഡിഎഫിന്റെ എം വി വാസു വിജയിച്ചു. 1967 ലും 1970ലും ആർ കൃഷ്ണനിലൂടെ ഇടതുപക്ഷം തുടർന്നു. പിന്നീട് 1977 മുതൽ 1991 വരെ തുടർച്ചയായി അഞ്ചു തവണ പ്രജാ സോഷ്യലിസ്റ്റ് പാർടിയുടെ നേതാവ് ​സി എം സുന്ദരം ഇവിടെ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചു. ​1996ൽ സുന്ദരത്തെ തോൽപ്പിച്ച് ടി കെ നൗഷാദ് മണ്ഡലം ഇടതുപക്ഷത്തോട്‌ ചേർത്തു. 2001ൽ കോൺഗ്രസ് നേതാവായ കെ ശങ്കരനാരായണനായിരുന്നു വിജയി. 2006ൽ കെ കെ ദിവാകരനിലൂടെ എൽഡിഎഫ്‌ തിരിച്ചു പിടിച്ചു. 2011 ലും 2016 ലും കോൺഗ്രസിലെ ഷാഫി പറമ്പിലാണ്‌ പ്രതിനിധി. 2020 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ
മണ്ഡലത്തിലെ കണ്ണാടി പഞ്ചായത്ത്‌ എൽഡിഎഫിനൊപ്പമാണ്‌. പിരായിരിയും മാത്തൂരും യുഡിഎഫിനൊപ്പം ചേർന്നപ്പോൾ പാലക്കാട്‌ നഗരസഭ ബിജെപിയ്‌ക്കൊപ്പമാണ്‌.