ചോന്ന മണ്ണിന്റെ തടാകക്കര

Wednesday Mar 3, 2021
സ്വന്തം ലേഖകൻUpdated: Wednesday Mar 3, 2021

 

പള്ളിക്കലാറും കല്ലടയാറും ശാസ്‌താംകോട്ട തടാകവും തഴുകുന്ന കുന്നത്തൂർ അസംബ്ലി മണ്ഡലം. അഷ്‌ടമുടിക്കായലിന്റെ പരിലാളനവും ഏറെ. തിരുവിതാംകൂറിനെ ചെമ്പട്ടണിയിച്ച ശൂരനാട്‌ സമരവും ഇടയ്‌ക്കാട്‌ ഭൂമി സമരവും ചേലൂർപുഞ്ച സമരവും ‌ ഉൾപ്പെടെ ചെറുത്തുനിൽപ്പിന്‌ ഊർജംപകർന്ന ഭൂമിക. കശുവണ്ടിത്തൊഴിലാളികളുടെ 1986 ലെ ഐതിഹാസികമായ ഡിഎ സമരത്തിന്‌ ആവേശംപകർന്ന നാട്‌. 

അങ്ങനെ ഒട്ടേറെ വിശേഷണങ്ങളുടെയും അനുഭവങ്ങളുടെയും  ഉറച്ച രാഷ്‌ട്രീയ അടിത്തറയിൽ കുന്നത്തൂരിന്റെ രാഷ്‌ട്രീയ ഭൂപടം ചുവപ്പണിഞ്ഞു കിടക്കുന്നു. കുന്നത്തൂർ താലൂക്കിലെ ശൂരനാട്‌ വടക്ക്‌, ശൂരനാട്‌ തെക്ക്‌, പോരുവഴി, കുന്നത്തൂർ, പടി:കല്ലട, മൈനാഗപ്പള്ളി, ശാസ്‌താംകോട്ട പഞ്ചായത്തുകളും കൊല്ലം താലൂക്കിലെ മൺറോതുരുത്ത്‌, കിഴക്കേകല്ലട, പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം പഞ്ചായത്തും ഉൾപ്പെടുന്നതാണ്‌ കുന്നത്തൂർ മണ്ഡലം.
മാധവപിള്ള മുതൽ 
കുഞ്ഞുമോൻ വരെ
1957 ലും 1960 ലും കുന്നത്തൂർ ദ്വയാംഗ മണ്ഡലം ആയിരുന്നു. 1957 ലെ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ്‌‌ ‌ പാർടിയിലെ പി ആർ മാധവൻപിള്ള, ആർ ഗോവിന്ദൻ (എസ്‌സി) എന്നിവർ വിജയിച്ചു. 1960ൽ ജി ചന്ദ്രശേഖരൻപിള്ള (കോൺഗ്രസ്‌), പി സി ആദിച്ചൻ (സിപിഐ) എന്നിവരും 1965ൽ ടി കൃഷ്‌ണൻ (കേരള കോൺഗ്രസ്‌) വിജയിച്ചു.
1967 ൽ സ്വതന്ത്രനായി മത്സരിച്ച കെ ചന്ദ്രശേഖര ശാസ്‌ത്രിയും 1970 ൽ ആർഎസ്‌പിയിലെ സത്യപാലനും വിജയിച്ചു. 1977 ലും 1980 ലും ആർഎസ്‌പിയിലെ കല്ലട നാരായണൻ എംഎൽഎ ആയി. 1982ൽ യുഡിഎഫിലെ കോട്ടക്കുഴി സുകുമാരനും (ജനത ജി) 1987ൽ എൽഡിഎഫിലെ ടി നാണുമാസ്റ്ററും (ആർഎസ്‌പി) വിജയിച്ചു. 1991 ലും 1996 ലും ടി നാണുമാസ്‌റ്റർ വീണ്ടും വിജയിച്ചു. 2001 ൽ എൽഡിഎഫിലെ കോവൂർ കുഞ്ഞുമോൻ (ആർഎസ്‌പി) വിജയമണിഞ്ഞു.
 
2006 ലും 2011 ലും കോവൂർ കുഞ്ഞുമോനൊപ്പമായിരുന്നു വിജയം. 2016ൽ എൽഡിഎഫ്‌ സ്വതന്ത്രനായി മത്സരിച്ച കോവൂർ കുഞ്ഞുമോൻ തുടർച്ചയായി നാലാമതും വിജയക്കൊടി പാറിച്ചു.